ഉൽപത്തി 11:26-32
ഉൽപത്തി 11:26-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തേരഹിന് എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു. തേരഹിന്റെ വംശപാരമ്പര്യമാവിത്: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തു വച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽ വച്ചുതന്നെ, തന്റെ അപ്പനായ തേരഹിനു മുമ്പേ മരിച്ചുപോയി. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു: അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കായുടെയും യിസ്കായുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ. സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻവരെ വന്ന് അവിടെ പാർത്തു. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.
ഉൽപത്തി 11:26-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എഴുപതു വയസ്സായപ്പോൾ തേരഹിന് അബ്രാം, നാഹോർ, ഹാരാൻ എന്നിവർ ജനിച്ചു. തേരഹിന്റെ പിൻതലമുറക്കാർ: അബ്രാം, നാഹോർ, ഹാരാൻ എന്നിവരുടെ പിതാവായിരുന്നു തേരഹ്. ലോത്ത് ഹാരാന്റെ പുത്രനായിരുന്നു. പിതാവായ തേരഹ് ജീവിച്ചിരിക്കുമ്പോൾ തന്നെ അയാളുടെ ജന്മദേശമായ കല്ദായരുടെ ഊരിൽവച്ചു ഹാരാൻ മരിച്ചു. അബ്രാം സാറായിയെയും നാഹോർ മില്‌ക്കായെയും വിവാഹം കഴിച്ചു. ഹാരാന്റെ പുത്രിമാരായിരുന്നു മില്‌ക്കായും യിസ്കായും. സാറായി വന്ധ്യയായിരുന്നു. അവൾക്ക് മക്കൾ ഉണ്ടായില്ല. തേരഹ് പുത്രനായ അബ്രാമിനെയും പൗത്രനായ ലോത്തിനെയും തന്റെ മരുമകളും അബ്രാമിന്റെ ഭാര്യയുമായ സാറായിയെയും കൂട്ടിക്കൊണ്ട് കല്ദായരുടെ ഊരിൽനിന്നു കനാനിലേക്കു പുറപ്പെട്ടു. ഹാരാനിൽ എത്തി അവർ അവിടെ വാസമുറപ്പിച്ചു. ഇരുനൂറ്റഞ്ചാമത്തെ വയസ്സിൽ തേരഹ് ഹാരാനിൽവച്ചു മരിച്ചു.
ഉൽപത്തി 11:26-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തേരഹിന് എഴുപത് വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവർക്കു ജന്മം നൽകി. തേരഹിൻ്റെ വംശപാരമ്പര്യം ഇതാണ്: തേരഹ് അബ്രാമിനും നാഹോരിനും ഹാരാനും ജന്മം നൽകി; ഹാരാൻ ലോത്തിനു ജന്മം നൽകി. എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തു വച്ചു കൽദയരുടെ ഊരിൽവച്ചു തന്നെ, തന്‍റെ അപ്പനായ തേരഹിനു മുമ്പെ മരിച്ചുപോയി. അബ്രാമും നാഹോരും വിവാഹം കഴിച്ചു; അബ്രാമിൻ്റെ ഭാര്യക്കു സാറായി എന്നും നാഹോരിൻ്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. മിൽക്കായുടെയും യിസ്കയുടെയും അപ്പനായ ഹാരാൻ്റെ മകളാണ് മിൽക്ക. സാറായി മച്ചിയായിരുന്നു; അവൾക്കു കുട്ടികൾ ഉണ്ടായിരുന്നില്ല. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാൻ്റെ മകനായ തന്‍റെ കൊച്ചുമകൻ ലോത്തിനെയും തന്റെ മകനായ അബ്രാമിൻ്റെ ഭാര്യയായ, മരുമകൾ സാറായിയെയും കൂട്ടി കൽദയരുടെ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്ന് അവിടെ പാർത്തു. തേരഹിൻ്റെ ആയുഷ്കാലം ഇരുനൂറ്റിയഞ്ച് (205) വർഷം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.
ഉൽപത്തി 11:26-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു. തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നേ. സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.
ഉൽപത്തി 11:26-32 സമകാലിക മലയാളവിവർത്തനം (MCV)
തേരഹിനു എഴുപത് വയസ്സായപ്പോൾ അദ്ദേഹത്തിന് അബ്രാമും നാഹോരും ഹാരാനും ജനിച്ചു. തേരഹിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്: തേരഹിൽനിന്നാണ് അബ്രാമും നാഹോരും ഹാരാനും ജനിച്ചത്. ഹാരാനിൽനിന്ന് ലോത്ത് ജനിച്ചു. ഹാരാൻ തന്റെ ജന്മദേശമായ കൽദയരുടെ പട്ടണമായ ഊരിൽവെച്ച് തന്റെ പിതാവായ തേരഹ് ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചു. അബ്രാമും നാഹോരും വിവാഹിതരായി. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി എന്നും നാഹോരിന്റെ ഭാര്യയുടെ പേര് മിൽക്കാ എന്നും ആയിരുന്നു. (സാറായി ഹാരാന്റെ മകളായിരുന്നു; അവളുടെ സഹോദരിമാരായിരുന്നു മിൽക്കയും യിസ്കയും.) സാറായി വന്ധ്യയായിരുന്നു; അവൾക്കു കുട്ടികൾ ഇല്ലായിരുന്നു. തേരഹ് തന്റെ പുത്രനായ അബ്രാമിനെയും ഹാരാന്റെ പുത്രനും തന്റെ പൗത്രനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയുംകൂട്ടിക്കൊണ്ട് കനാൻദേശത്തേക്കു പോകുന്നതിനു കൽദയരുടെ പട്ടണമായ ഊരിൽനിന്ന് യാത്രപുറപ്പെട്ടു; എന്നാൽ അവർ ഹാരാനിൽ എത്തി അവിടെ താമസമാക്കി. തേരഹിന്റെ ആയുസ്സ് ഇരുനൂറ്റിയഞ്ച് വർഷം ആയിരുന്നു. തേരഹ് ഹാരാനിൽവെച്ചു മരിച്ചു.