ഉൽപത്തി 11:1-8

ഉൽപത്തി 11:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാർദേശത്ത് ഒരു സമഭൂമി കണ്ട് അവിടെ കുടിയിരുന്നു. അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു. വരുവിൻ; നാം ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവർ പറഞ്ഞു. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങിവന്നു. അപ്പോൾ യഹോവ: ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; ഇതും അവർ ചെയ്തുതുടങ്ങുന്നു; അവർ ചെയ്‍വാൻ നിരൂപിക്കുന്നതൊന്നും അവർക്ക് അസാധ്യമാകയില്ല. വരുവിൻ; നാം ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.

ഉൽപത്തി 11:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആദ്യകാലത്ത് മനുഷ്യർക്കെല്ലാം ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്. അവർ കിഴക്കുനിന്ന് യാത്ര തിരിച്ചു ശീനാർദേശത്ത് എത്തി. ഒരു സമതലപ്രദേശം കണ്ട് അവിടെ അവർ വാസമുറപ്പിച്ചു. “നാം ലോകമെങ്ങും ചിതറിപ്പോകാതെ ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണിത് നമുക്ക് പേരും പെരുമയും ഉണ്ടാക്കാം” എന്നവർ പറഞ്ഞൊത്തു. അങ്ങനെ അവർ കല്ലിനു പകരം ചുട്ടെടുത്ത ഇഷ്‍ടികയും കുമ്മായത്തിനു പകരം പശമണ്ണും പണിക്കുപയോഗിച്ചു. മനുഷ്യർ നിർമ്മിച്ച പട്ടണവും ഗോപുരവും കാണുന്നതിനു സർവേശ്വരൻ ഇറങ്ങിവന്നു. അവിടുന്നു ചിന്തിച്ചു: “അവർ ഒരു ജനത, അവർക്ക് ഒരേ ഭാഷ. അവരുടെ പ്രവൃത്തിയുടെ തുടക്കം മാത്രമാണിത്. ഉദ്ദേശിക്കുന്നതൊന്നും അവർക്ക് അസാധ്യമാവുകയില്ല. നാം ചെന്ന് അവരുടെ ഭാഷ ഭിന്നിപ്പിക്കാം. പിന്നീടവർ അന്യോന്യം മനസ്സിലാക്കുകയില്ലല്ലോ.” അങ്ങനെ സർവേശ്വരൻ അവരെ ഭൂമുഖത്തെങ്ങും ചിതറിച്ചുകളഞ്ഞു.

ഉൽപത്തി 11:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്ത് ഒരു സമതലഭൂമി കണ്ടെത്തി, അവിടെ പാർത്തു. അവർ തമ്മിൽ: “വരുവിൻ, നമുക്ക് ഇഷ്ടിക ഉണ്ടാക്കി നന്നായി ചുട്ടെടുക്കാം” എന്നു പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു. “വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിക്കുവാൻ നമുക്കായി ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുക; നമുക്കുവേണ്ടി ഒരു പേരുമുണ്ടാക്കുക” എന്നു അവർ പറഞ്ഞു. മനുഷ്യന്‍റെ പുത്രന്മാർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന് യഹോവ ഇറങ്ങിവന്നു. അപ്പോൾ യഹോവ: “ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; അവർ ചെയ്യുവാൻ പോകുന്നതിൻ്റെ തുടക്കം മാത്രമാണ് ഇത്; അവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്ക് അസാദ്ധ്യമാവുകയില്ല. വരുവിൻ; നമുക്ക് ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ സംസാരിക്കുന്നത് പരസ്പരം ഗ്രഹിക്കാനാവാത്തവിധം അവരുടെ ഭാഷ കലക്കിക്കളയുക” എന്നു അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിലെങ്ങും ചിതറിച്ചു; അവർ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു.

ഉൽപത്തി 11:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു. അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു. വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു. അപ്പോൾ യഹോവ: ഇതാ, ജനം ഒന്നു, അവർക്കെല്ലാവർക്കും ഭാഷയും ഒന്നു; ഇതും അവർ ചെയ്തു തുടങ്ങുന്നു; അവർ ചെയ്‌വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല. വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.

ഉൽപത്തി 11:1-8 സമകാലിക മലയാളവിവർത്തനം (MCV)

ലോകംമുഴുവനും ഒരേ ഭാഷയും ഒരേ സംസാരരീതിയും ആയിരുന്നു. മനുഷ്യർ പൂർവദിക്കിലേക്കു നീങ്ങിയപ്പോൾ ശിനാർ ദേശത്ത് ഒരു സമതലഭൂമി കണ്ടെത്തുകയും അവിടെ സ്ഥിരവാസം ആരംഭിക്കുകയും ചെയ്തു. “വരൂ, നമുക്ക് ഇഷ്ടികയുണ്ടാക്കി ശരിക്കും ചുട്ടെടുക്കാം,” അവർ പരസ്പരം പറഞ്ഞു. അവർ കല്ലിനുപകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു. പിന്നെ അവർ, “വരിക, നാം ഭൂതലത്തിലെല്ലാം ചിതറിപ്പോകാതിരിക്കാൻ നമുക്ക് ഒരു പട്ടണവും നാം പ്രസിദ്ധരായിത്തീരേണ്ടതിന് ആകാശംവരെ എത്തുന്ന ഒരു ഗോപുരവും നിർമിക്കാം” എന്നു പറഞ്ഞു. എന്നാൽ, മനുഷ്യർ പണിതുകൊണ്ടിരുന്ന പട്ടണവും ഗോപുരവും കാണാൻ യഹോവ ഇറങ്ങിവന്നു. അപ്പോൾ യഹോവ: “ഒരേ ഭാഷ സംസാരിക്കുന്ന ഒരേ ജനതയായ ഇവർ ഇങ്ങനെ പ്രവർത്തിച്ചുതുടങ്ങിയെങ്കിൽ അവർ ആസൂത്രണം ചെയ്യുന്ന ഒരു കാര്യവും അവർക്ക് അസാധ്യമാകുകയില്ല. വരിക, നമുക്ക് ഇറങ്ങിച്ചെന്ന്, അവർ ആശയവിനിമയം ചെയ്യുന്നത് പരസ്പരം മനസ്സിലാക്കാതിരിക്കേണ്ടതിന് അവരുടെ ഭാഷ കലക്കിക്കളയാം” എന്നു പറഞ്ഞു. അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂമിയിൽ എല്ലായിടത്തുമായി ചിതറിച്ചു; അവർ പട്ടണനിർമാണം ഉപേക്ഷിച്ചു.