ഉൽപത്തി 1:21-28
ഉൽപത്തി 1:21-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു.
ഉൽപത്തി 1:21-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വലിയ സമുദ്രജീവികളെയും പറ്റംചേർന്നു ചരിക്കുന്ന എല്ലാ ജലജന്തുക്കളെയും എല്ലായിനം പക്ഷികളെയും ദൈവം സൃഷ്‍ടിച്ചു. അവയെല്ലാം നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ അനുഗ്രഹിച്ചു. “ജലജീവികൾ പെറ്റുപെരുകി സമുദ്രം നിറയട്ടെ; പക്ഷികൾ ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു. സന്ധ്യയായി, ഉഷസ്സായി; അഞ്ചാം ദിവസം. “കന്നുകാലികൾ, ഇഴജന്തുക്കൾ, കാട്ടുമൃഗങ്ങൾ തുടങ്ങി എല്ലായിനം ജീവികളും ഭൂമിയിൽ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അതു സംഭവിച്ചു. അങ്ങനെ ദൈവം ഭൂമിയിൽ എല്ലായിനം വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഇഴജന്തുക്കളെയും സൃഷ്‍ടിച്ചു. അവയെല്ലാം നല്ലതെന്നു ദൈവം കണ്ടു. ദൈവം അരുളിച്ചെയ്തു: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സർവജീവജാലങ്ങളുടെയുംമേൽ അവർക്ക് അധികാരം ഉണ്ടായിരിക്കട്ടെ.” ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്‍ടിച്ചു; സ്വന്തം ഛായയിൽത്തന്നെ അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു, “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരാകട്ടെ; നിങ്ങളുടെ സന്തതികൾ ഭൂമിയിൽ നിറഞ്ഞ് അതിനെ ഭരിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയുംമേൽ നിങ്ങൾക്ക് അധികാരമുണ്ടാകട്ടെ.”
ഉൽപത്തി 1:21-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതത് തരം ജീവജന്തുക്കളെയും അതത് തരം പറവജാതിയെയും സൃഷ്ടിച്ചു; അത് നല്ലത് എന്നു ദൈവം കണ്ടു. “നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറയുവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. “അതത് തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽ നിന്നുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതത് തരം കാട്ടുമൃഗങ്ങളെയും അതത് തരം കന്നുകാലികളെയും അതത് തരം ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു. അനന്തരം ദൈവം: “നാംനമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും കന്നുകാലികളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും മനുഷ്യർക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ” എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
ഉൽപത്തി 1:21-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. അതതു തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്നുളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
ഉൽപത്തി 1:21-28 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ ദൈവം വലിയ സമുദ്രജീവികളെയും വെള്ളത്തിൽ കൂട്ടമായി ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന അതതുതരം ജന്തുക്കളെയും സൃഷ്ടിച്ചു, കൂടാതെ അതതുതരം പക്ഷികളെയും സൃഷ്ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. ദൈവം അവയെ അനുഗ്രഹിച്ചുകൊണ്ട്, “നിങ്ങൾ വർധിച്ചു പെരുകി സമുദ്രജലത്തിൽ നിറയട്ടെ; ഭൂമിയിൽ പക്ഷികളും വർധിച്ചുവരട്ടെ,” എന്നും കൽപ്പിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—അഞ്ചാംദിവസം. “ഭൂമിയിൽ അതതുതരം ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെതന്നെ സംഭവിച്ചു. ഇപ്രകാരം ദൈവം അതതുതരം വന്യമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു. അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.” ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു; അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.