ഉള്ളടക്കത്തിലേക്ക് പോകുക

ഗലാത്യർ 4:8-31 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഗലാത്യർ 4:8-31 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക് അടിമപ്പെട്ടിരുന്നു. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞ് അവയ്ക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നത് എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടി അധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു. സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതി വന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്ളുകയത്രേ ചെയ്തത്. നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നതിനു ഞാൻ സാക്ഷി. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ? അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നതു ഗുണത്തിനായിട്ടല്ല; നിങ്ങളും അവരെക്കുറിച്ച് എരിവു കാണിക്കേണ്ടതിന് അവർ നിങ്ങളെ പുറത്തിട്ട് അടച്ചുകളവാൻ ഇച്ഛിക്കയത്രേ ചെയ്യുന്നത്. ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നത് നന്ന്. ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ, ഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്ന് എന്റെ ശബ്ദം മാറ്റുവാൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു. ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ? എന്നോടു പറവിൻ. അബ്രാഹാമിനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ. ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു. ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായിമലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗാർ. ഹാഗാർ എന്നത് അറബിദേശത്തു സീനായിമലയെ കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നത്. മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾതന്നെ നമ്മുടെ അമ്മ. “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്ന് എഴുതിയിരിക്കുന്നുവല്ലോ. നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു. എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു. തിരുവെഴുത്തോ എന്തു പറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.

ഗലാത്യർ 4 MALOVBSI

ഗലാത്യർ 4:8-31 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മുമ്പ് നിങ്ങൾ ദൈവത്തെ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് നിങ്ങൾ സത്യദൈവമല്ലാത്ത മറ്റു ദൈവങ്ങളുടെ അടിമകളായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ സാക്ഷാൽ ദൈവത്തെ അറിയുന്നു-അഥവാ ദൈവം നിങ്ങളെ അറിയുന്നു എന്നു പറയുകയായിരിക്കും കൂടുതൽ ശരി. അപ്പോൾ ദുർബലവും വ്യർഥവുമായ പ്രാപഞ്ചികശക്തികളെ അനുസരിക്കുവാൻ അവയുടെ അടുക്കലേക്കു തിരിച്ചുപോകുന്നതിന് നിങ്ങൾ എങ്ങനെ ആഗ്രഹിക്കും? വീണ്ടും അവയുടെ അടിമകളായിത്തീരുന്നതിനു നിങ്ങൾ താത്പര്യപ്പെടുന്നത് എന്തുകൊണ്ട്? ചില ദിവസങ്ങളും മാസങ്ങളും മുഹൂർത്തങ്ങളും വർഷങ്ങളും നിങ്ങൾ ആചരിക്കുന്നുവല്ലോ! നിങ്ങൾക്കുവേണ്ടിയുള്ള എന്റെ അധ്വാനം വ്യർഥമായിത്തീരുമോ എന്നു ഞാൻ ഭയപ്പെടുന്നു. എന്റെ സഹോദരരേ, നിങ്ങൾ എന്നെപ്പോലെ ആകണമെന്നാണ് എന്റെ അപേക്ഷ; ഞാനും നിങ്ങളെപ്പോലെ ആയല്ലോ. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. എന്റെ ശാരീരിക ബലഹീനതയാണ് സുവിശേഷം പ്രസംഗിക്കുവാൻ ആദ്യമായി എനിക്ക് അവസരമുണ്ടാക്കിയത് എന്നു നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. എന്റെ രോഗം നിങ്ങൾക്ക് ഒരു വലിയ പരീക്ഷണമായിരുന്നിട്ടും നിങ്ങൾ എന്നെ നിന്ദിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, സ്വർഗത്തിൽ നിന്നു വന്ന ഒരു മാലാഖയെപ്പോലെ നിങ്ങൾ എന്നെ കൈക്കൊള്ളുകയാണു ചെയ്തത്; ക്രിസ്തുയേശുവിനെ എന്നവണ്ണം നിങ്ങൾ എന്നെ സ്വീകരിച്ചു. നിങ്ങൾ എത്ര സന്തുഷ്ടരായിരുന്നു! നിങ്ങൾക്കു കഴിയുമായിരുന്നെങ്കിൽ, നിങ്ങളുടെ സ്വന്തം കണ്ണുകൾ ചുഴന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നുള്ളതിനു ഞാൻ തന്നെ സാക്ഷി. ഇപ്പോൾ എന്തു സംഭവിച്ചു? സത്യം തുറന്നു പറഞ്ഞതുകൊണ്ട് ഞാനിപ്പോൾ നിങ്ങളുടെ ശത്രുവായിത്തീർന്നിരിക്കുന്നുവോ? തങ്ങളുടെ പക്ഷത്തേക്കു നിങ്ങളെ കൊണ്ടുവരുന്നതിന് അവർ നിങ്ങളിൽ അത്യധികമായ താത്പര്യം പ്രദർശിപ്പിക്കുന്നു. പക്ഷേ, അതു സദുദ്ദേശ്യത്തോടുകൂടിയല്ല. എന്നിൽനിന്നു നിങ്ങളെ വേർപെടുത്തി അവരിൽ നിങ്ങൾക്കു താത്പര്യം ഉളവാക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. ഉദ്ദേശ്യം നല്ലതാണെങ്കിൽ അങ്ങനെയുള്ള താത്പര്യം നല്ലതുതന്നെ. എന്നാൽ അത് ഞാൻ നിങ്ങളോടുകൂടിയുള്ളപ്പോൾ മാത്രമല്ല, എപ്പോഴും ഉണ്ടായിരിക്കണം. എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ക്രിസ്തുവിന്റെ സ്വഭാവം നിങ്ങളിൽ ജന്മമെടുക്കുന്നതുവരെ, ഒരമ്മയുടെ പ്രസവവേദന പോലെയുള്ള വേദന നിങ്ങളെ സംബന്ധിച്ച് എനിക്കുണ്ട്. നിങ്ങളെ നേരിൽ കണ്ടിരുന്നെങ്കിൽ സന്ദർഭോചിതമായി സംസാരിക്കുവാൻ കഴിയുമായിരുന്നു. നിങ്ങളെക്കുറിച്ച് ഞാൻ വളരെയധികം അസ്വസ്ഥനാണ്. നിയമസംഹിതയ്‍ക്ക് വിധേയരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളോടു ഞാനൊന്നു ചോദിക്കട്ടെ: നിയമം പറയുന്നതെന്താണെന്ന് യഥാർഥത്തിൽ നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? അവിടെ കാണുന്നത് ശ്രദ്ധിക്കുക: അബ്രഹാമിന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഒരാൾ അടിമസ്‍ത്രീയിൽ ജനിച്ചവനും, അപരൻ സ്വതന്ത്രയായ സ്വഭാര്യയിൽ ജനിച്ചവനും. ദാസിയുടെ പുത്രൻ സാധാരണഗതിയിലും സ്വഭാര്യയിൽ പിറന്ന പുത്രൻ വാഗ്ദാനഫലമായും ജനിച്ചു. മേല്പറഞ്ഞ കാര്യങ്ങൾ ഒരു ഉദാഹരണം എന്ന നിലയിൽ മനസ്സിലാക്കേണ്ടതാണ്. ആ രണ്ടു സ്‍ത്രീകൾ രണ്ട് ഉടമ്പടികളെ പ്രതിനിധാനം ചെയ്യുന്നു. സീനായ്പർവതത്തിൽവച്ച് നല്‌കപ്പെട്ടതും അടിമത്തത്തിലേക്കു നയിക്കുന്നതുമാണ് അവയിലൊന്ന്; ഹാഗാർ അതിനെ കുറിക്കുന്നു. സീനായ്പർവതം അറേബ്യയിലാണല്ലോ. ഹാഗാർ അറേബ്യയിലെ സീനായ്പർവതമാണ്. അവർ അടിമത്തത്തിലിരിക്കുന്ന ഇന്നത്തെ യെരൂശലേമിന്റെയും അവിടത്തെ ജനങ്ങളുടെയും പ്രതീകമാകുന്നു. എന്നാൽ നമ്മുടെ മാതാവായ സ്വർഗീയ യെരൂശലേം സ്വതന്ത്രയാണ്. വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: മക്കളില്ലാത്ത സ്‍ത്രീയേ, സന്തോഷിക്കുക! പ്രസവവേദന അനുഭവിച്ചിട്ടില്ലാത്ത നീ ആനന്ദത്തോടെ ആർപ്പുവിളിക്കുക! എന്തെന്നാൽ പരിത്യക്തയുടെ മക്കൾ ഭർത്തൃമതിയുടെ മക്കളെക്കാൾ അധികമാണ്. സഹോദരരേ, നിങ്ങൾ ഇസ്ഹാക്കിനെപ്പോലെ വാഗ്ദാനഫലമായി ജനിച്ച മക്കളാകുന്നു. ജഡപ്രകാരം ജനിച്ചവൻ ദൈവത്തിന്റെ ആത്മാവിനാൽ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്. എന്നാൽ വേദഗ്രന്ഥം എന്താണു പറയുന്നത്? “ദാസിയെയും അവളുടെ മകനെയും പറഞ്ഞയയ്‍ക്കുക; സ്വതന്ത്രയുടെ പുത്രനെപ്പോലെ ദാസിയുടെ മകൻ പിതൃസ്വത്തിന് അവകാശിയല്ലല്ലോ.” അതുകൊണ്ട് സഹോദരരേ, നാം ദാസിയുടെ മക്കളല്ല, പിന്നെയോ സ്വതന്ത്രയുടെ മക്കളാണ്.

ഗലാത്യർ 4 MALCLBSI

ഗലാത്യർ 4:8-31 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

മുമ്പ് നിങ്ങൾ ദൈവത്തെ അറിയാതിരുന്നപ്പോൾ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക് അടിമപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും വിലയില്ലാത്തതുമായ ആദിപാഠങ്ങളിലേക്ക് തിരിയുന്നത് എന്തിന്? നിങ്ങൾ അവയ്ക്ക് പിന്നെയും അടിമപ്പെടുവാൻ ഇച്ഛിക്കുന്നുവോ? നിങ്ങൾ വിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും നിഷ്ഠയായി അനുഷ്ഠിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചത് വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു. സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. എന്നാൽ ഞാൻ ശരീരത്തിലെ ബലഹീനത നിമിത്തം ഒന്നാമത് നിങ്ങളോടു സുവിശേഷം അറിയിക്കുവാന്‍ അവസരം ലഭിച്ചു എന്നു നിങ്ങൾ അറിയുന്നുവല്ലോ. എന്‍റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്യാതെ, ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ സ്വീകരിച്ചു. ഇപ്പോൾ നിങ്ങളുടെ സന്തോഷം എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണ് ചൂഴ്ന്നെടുത്ത് എനിക്ക് തരുമായിരുന്നു എന്നത് ഞാൻ നിങ്ങളോടു സാക്ഷീകരിക്കുന്നു. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ട് ഞാൻ നിങ്ങൾക്ക് ശത്രുവായിപ്പോയോ? അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നത് ഗുണത്തിനായിട്ടല്ല; നിങ്ങൾ അവരെ അനുഗമിക്കേണ്ടതിന് നിങ്ങളെ എന്നിൽ നിന്നും അകറ്റിക്കളയുവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നത്. ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്‌പ്പോഴും നല്ല കാര്യത്തിൽ എരിവ് കാണിക്കുന്നത് നല്ലത്. എന്‍റെ കുഞ്ഞുങ്ങളെ, ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ നിങ്ങൾക്കായി പിന്നെയും പ്രസവവേദനപ്പെടുന്നു. ഞാൻ നിങ്ങളെക്കുറിച്ച് വിഷമിക്കുന്നതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ അടുക്കൽ ഇരിക്കുവാനും എന്‍റെ സ്വരം മാറ്റുവാനും കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. ന്യായപ്രമാണത്തിൻ കീഴിരിക്കുവാൻ ഇച്ഛിക്കുന്നവരേ, ന്യായപ്രമാണം പറയുന്നത് എന്ത് എന്നു നിങ്ങൾ കേൾക്കുന്നില്ലയോ? എന്നോട് പറവിൻ. അബ്രാഹാമിന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസിയാൽ, ഒരുവൻ സ്വതന്ത്രയാൽ എന്നു എഴുതിയിരിക്കുന്നുവല്ലോ. ദാസിയാലുള്ളവൻ ജഡപ്രകാരവും എന്നാൽ സ്വതന്ത്രയാലുള്ളവനോ ദൈവ വാഗ്ദത്തത്താലും ജനിച്ചിരുന്നു. ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു ഉടമ്പടികൾ അത്രേ; ഒന്ന് സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗാർ. ഇപ്പോൾ ഹാഗാർ എന്നത് അറബിദേശത്ത് സീനായ് മലയെക്കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അത് തന്‍റെ മക്കളോടുകൂടെ അടിമത്തത്തിൽ അല്ലോ ഇരിക്കുന്നത്. എന്നാൽ മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നെ നമ്മുടെ അമ്മ. “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” എന്നു തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. സഹോദരന്മാരേ, ഇപ്പോൾ നിങ്ങളും, യിസ്ഹാക്കിനേപ്പോലെ വാഗ്ദത്തത്തിൻ്റെ മക്കൾ ആകുന്നു. എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും അങ്ങനെ തന്നെ. തിരുവെഴുത്തോ എന്ത് പറയുന്നു? ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല എന്നാൽ സ്വതന്ത്രയുടെ മക്കളത്രേ.

ഗലാത്യർ 4 മലയാളം

ഗലാത്യർ 4:8-31 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു. സഹോദരന്മാരേ, ഞാൻ നിങ്ങളേപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങൾ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല. ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊൾകയത്രേ ചെയ്തതു. നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാൻ സാക്ഷി. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ? അവർ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവർ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നതു. ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നതു നന്നു. ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ, ഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്നു എന്റെ ശബ്ദം മാറ്റുവൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു. ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ? എന്നോടു പറവിൻ. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു. ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായ്മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ. ഹാഗർ എന്നതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു. മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ. “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു. എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു. തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.

ഗലാത്യർ 4:8-31 MCV (സമകാലിക മലയാളവിവർത്തനം)

മുമ്പേ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നതിനാൽ; ദൈവങ്ങൾ അല്ലാത്ത എന്തിനൊക്കെയോ അടിമപ്പെട്ട് അവയെ സേവിച്ചുവരികയായിരുന്നു. എന്നാൽ, ഇപ്പോഴോ ദൈവത്തെ അറിഞ്ഞ നിങ്ങൾ—ദൈവം നിങ്ങളെയും അറിഞ്ഞിരിക്കെ—നിഷ്‌പ്രയോജനവും മൂല്യഹീനവുമായ ചില പ്രാഥമികശക്തികളിലേക്ക് പിന്നെയും തിരിയുന്നതെങ്ങനെ? അവയ്ക്ക് വീണ്ടും അടിമപ്പെടാനാണോ നിങ്ങളുടെ ആഗ്രഹം? നിങ്ങൾ സവിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നു! നിങ്ങൾക്കുവേണ്ടി അധ്വാനിച്ച എന്റെ പ്രയത്നമെല്ലാം വെറുതേയായിപ്പോയോ എന്നു ഞാൻ ഭയപ്പെടുന്നു! സഹോദരങ്ങളേ, ഞാൻ നിങ്ങളെപ്പോലെ ആയതുപോലെ നിങ്ങളും എന്നെപ്പോലെ ആകാൻ ഞാൻ നിങ്ങളോട് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങൾ എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാൻ ആദ്യം നിങ്ങളോടു സുവിശേഷം പ്രസംഗിക്കാൻ സംഗതിയായത് എന്റെ ശരീരത്തിലെ ബലഹീനത നിമിത്തമായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ. എന്റെ ശരീരത്തിന്റെ അവസ്ഥ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എങ്കിലും നിങ്ങൾ എന്നെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല; മറിച്ച് ഒരു ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെതന്നെ, എന്നെ സ്വീകരിച്ചല്ലോ. അന്നത്തെ നിങ്ങളുടെ ആനന്ദം ഇപ്പോൾ എവിടെ? അന്ന് നിങ്ങൾ നിങ്ങളുടെ കണ്ണുകൾതന്നെയും ചൂഴ്‌ന്നെടുത്ത് എനിക്കു തരുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, സത്യം സംസാരിക്കുന്നതു നിമിത്തം ഞാൻ ഇന്ന് നിങ്ങളുടെ ശത്രുവായിത്തീർന്നോ? യെഹൂദാമതാനുസാരികൾ സദുദ്ദേശ്യത്തോടുകൂടിയല്ല നിങ്ങളോട് അമിതതാത്പര്യം കാട്ടുന്നത്; നിങ്ങളെ എന്നിൽനിന്ന് അകറ്റി അവരുടെ ഉപദേശത്തിലേക്കു നിങ്ങളെ ആകർഷിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം. സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രത നല്ലതുതന്നെ, അതു ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾമാത്രമല്ല, എപ്പോഴും അങ്ങനെയാകണമെന്നുമാത്രം. എന്റെ കുഞ്ഞുങ്ങളേ! നിങ്ങൾ ക്രിസ്തുവിന്റെ യഥാർഥ അനുയായികൾ ആകുന്നതുവരെ, പ്രസവവേദനയനുഭവിക്കുന്ന ഒരു അമ്മയെപ്പോലെ അതികഠിനമായി ഞാൻ പിന്നെയും ക്ലേശം സഹിക്കുന്നു. ഞാൻ ഇപ്പോൾ നിങ്ങളുടെ അരികെ ആയിരുന്നെങ്കിൽ എന്നു ഞാൻ എത്ര ആശിച്ചുപോകുന്നു! അങ്ങനെയെങ്കിൽ ഒരുപക്ഷേ നിങ്ങളോടുള്ള സംഭാഷണത്തിന്റെ സ്വരം മാറിയേനെ. കാരണം, നിങ്ങളെ ഓർത്ത് ഞാൻ വളരെ അസ്വസ്ഥനാണ്. നിങ്ങൾ എന്നോടു പറയുക, ന്യായപ്രമാണത്തിനു കീഴ്പ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ ന്യായപ്രമാണം എന്തുപറയുന്നു എന്നു വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ? ന്യായപ്രമാണത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: അബ്രാഹാമിന് ദാസിയിൽനിന്നു ജനിച്ച ഒരുവനും സ്വതന്ത്രയിൽനിന്നു ജനിച്ച ഒരുവനുമായി രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ദാസിയിൽനിന്നു ജനിച്ച മകൻ മനുഷ്യതാത്പര്യത്താൽമാത്രം ജനിച്ചതും സ്വതന്ത്രയിൽനിന്നു ജനിച്ച മകൻ ദൈവികവാഗ്ദാനനിവൃത്തിയുമാകുന്നു. ഈ രണ്ട് സ്ത്രീകൾ രണ്ട് ദൈവികഉടമ്പടികളുടെ പ്രതീകങ്ങളാണ്. ഒന്നാമത്തെ സ്ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്. ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്. അത് ഇപ്പോഴത്തെ ജെറുശലേമിനെ കുറിക്കുന്നു. കാരണം, അവർ അവളുടെ മക്കളോടുകൂടെ ഇപ്പോൾ അടിമത്തത്തിലാണു കഴിയുന്നത്. സാറയോ, സ്വർഗീയജെറുശലേമിന്റെ പ്രതീകമാണ്. സ്വതന്ത്രയായ അവളാണ് നമ്മുടെ മാതാവ്. കാരണം, തിരുവെഴുത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “വന്ധ്യയായവളേ ആനന്ദിക്കുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക! കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം.” എന്നാൽ സഹോദരങ്ങളേ, നാമോ യിസ്ഹാക്കിനെപ്പോലെ വാഗ്ദാനസന്തതികളാണ്. മനുഷ്യതാത്പര്യത്താൽ ജനിച്ചവൻ അന്ന്, വാഗ്ദാനനിവൃത്തിയായി ജനിച്ചവനെ ഉപദ്രവിച്ചതുപോലെയാണ് ഇപ്പോഴും സംഭവിക്കുന്നത്. എന്നാൽ, തിരുവെഴുത്ത് എന്തുപറയുന്നു? “ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നാണല്ലോ. ആകയാൽ സഹോദരങ്ങളേ, നാം ദാസിയുടെയല്ല; സ്വതന്ത്രയുടെ മക്കളാണ്.

ഗലാത്യർ 4 MCV