ഗലാത്യർ 2:16-21

ഗലാത്യർ 2:16-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല എന്ന് അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽതന്നെ നീതീകരിക്കപ്പെടേണ്ടതിനു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. എന്നാൽ ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരൻ എന്നോ? ഒരുനാളും അല്ല. ഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്ന് എന്നെത്തന്നെ തെളിയിക്കുന്നു. ഞാൻ ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിച്ചു. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്. ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതേയല്ലോ.

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക

ഗലാത്യർ 2:16-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നിരുന്നാലും ഒരുവൻ കുറ്റമറ്റവനായി ദൈവത്താൽ അംഗീകരിക്കപ്പെടുന്നത് യെഹൂദമതനിയമം പാലിക്കുന്നതുകൊണ്ടല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസംകൊണ്ടു മാത്രമാകുന്നു എന്നു നമുക്ക് അറിയാമല്ലോ. നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ടല്ല, പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസംമൂലമാണ് ദൈവത്താൽ അംഗീകരിക്കപ്പെടുന്നതെന്നു നാം അറിയുന്നു. എന്തുകൊണ്ടെന്നാൽ നിയമങ്ങൾ പാലിക്കുന്നതുകൊണ്ടു മാത്രം ആരും കുറ്റമറ്റവനായി ദൈവത്താൽ അംഗീകരിക്കപ്പെടുന്നില്ല. ക്രിസ്തുവിനോട് ഐക്യപ്പെട്ട് ദൈവത്താൽ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം വിജാതീയരെപ്പോലെ ‘പാപികളായി’ ഭവിക്കുന്നു. ഇതിന്റെ അർഥം ക്രിസ്തു പാപത്തിനു കാരണഭൂതനാണെന്നാണോ? ഒരിക്കലുമല്ല. ഞാൻ ഇടിച്ചുപൊളിച്ചതു ഞാൻ തന്നെ വീണ്ടും കെട്ടിപ്പടുക്കുന്നെങ്കിൽ ഞാൻ നിയമലംഘനക്കാരൻ എന്നു സ്വയം തെളിയിക്കുകയാണ്. ദൈവത്തിനായി ജീവിക്കുന്നതിനുവേണ്ടി യെഹൂദമത നിയമത്തെ സംബന്ധിച്ചിടത്തോളം ഞാൻ മരിച്ചു-നിയമത്താൽതന്നെ കൊല്ലപ്പെട്ടു. ക്രിസ്തുവിനോടുകൂടി ഞാൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; എന്നിൽ ജീവിക്കുന്നതു ക്രിസ്തുവാകുന്നു. ഇപ്പോഴത്തെ എന്റെ ജീവിതമാകട്ടെ, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്റെ ജീവൻ നല്‌കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാകുന്നു. ദൈവകൃപ ഞാൻ നിരസിക്കുന്നില്ല. യെഹൂദമതനിയമംകൊണ്ട് ദൈവത്തിന്റെ അംഗീകാരം ലഭിക്കുമെങ്കിൽ ക്രിസ്തുവിന്റെ മരണം വ്യർഥമാണല്ലോ.

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക

ഗലാത്യർ 2:16-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ആരും നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ട് നാമും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നെ നാം നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. എന്നാൽ ക്രിസ്തുവിൽ നമ്മൾ ദൈവത്താലുള്ള നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്‍റെ ദാസൻ എന്നോ? ഒരുനാളും അല്ല. ഞാൻ പൊളിച്ചുമാറ്റിയ ന്യായപ്രമാണത്തിലെ എന്‍റെ ആശ്രയത്തെ വീണ്ടും പണിതുവന്നാൽ, ഞാൻ എന്നെത്തന്നെ നിയമലംഘിയായി കാണിക്കുന്നു. ഞാൻ ദൈവത്തിനായി ജീവിക്കേണ്ടതിന് ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിച്ചു. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ശരീരത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലത്രേ ഞാൻ ജീവിക്കുന്നത്. ഞാൻ ദൈവത്തിന്‍റെ കൃപ വൃഥാവാക്കുന്നില്ല; ന്യായപ്രമാണത്താൽ നീതി നിലനിൽക്കുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ.

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക

ഗലാത്യർ 2:16-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. എന്നാൽ ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരൻ എന്നോ? ഒരുനാളം അല്ല. ഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്നു എന്നെത്തന്നേ തെളിയിക്കുന്നു. ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക

ഗലാത്യർ 2:16-21 സമകാലിക മലയാളവിവർത്തനം (MCV)

ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് എന്ന് അറിയുക. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനങ്ങളാലല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാം ക്രിസ്തുയേശുവിൽ വിശ്വസിച്ചത്. കാരണം ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ആരും നീതീകരിക്കപ്പെടുന്നില്ല. “നമ്മുടെ നീതീകരണത്തിനായി ക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ നാം പാപികളെന്നു തെളിഞ്ഞാൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരനാകുമോ? ഒരിക്കലുമില്ല! ഞാൻ തകർത്തുകളഞ്ഞതിനെ ഞാൻതന്നെ പുനർനിർമിക്കുകയാണെങ്കിൽ സ്വയം നിയമലംഘകനെന്നു സ്ഥാപിക്കുകയാണ്. “ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്തിൽക്കൂടി ന്യായപ്രമാണത്തിന് ഞാൻ മരിച്ചു. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്. ദൈവകൃപയെ ഞാൻ നിരാകരിക്കുന്നില്ല. നീതീകരണം ന്യായപ്രമാണത്താലാണെങ്കിൽ ക്രിസ്തുവിന്റെ മരണം നിരർഥകമാണ്!”

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക