യെഹെസ്കേൽ 5:5-9

യെഹെസ്കേൽ 5:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മധ്യേ വച്ചിരിക്കുന്നു; അതിനു ചുറ്റും രാജ്യങ്ങൾ ഉണ്ട്. അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചു നടന്നിട്ടുമില്ല. അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ച്, എന്റെ ചട്ടങ്ങളെ അനുസരിച്ചു നടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻതന്നെ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും. ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ലേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.

യെഹെസ്കേൽ 5:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “യെരൂശലേമിനെ നോക്കുക. ഞാൻ അതിനെ ലോകജനതകളുടെയും രാജ്യങ്ങളുടെയും മധ്യേ സ്ഥാപിച്ചിരിക്കുന്നു. യെരൂശലേം എന്റെ കല്പനകൾ ധിക്കരിച്ച് ഇതര ജനതകളെക്കാൾ അധികം ദുഷ്ടത പ്രവർത്തിച്ചു. ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ കൂടുതലായി എന്റെ പ്രമാണങ്ങളും ചട്ടങ്ങളും നിരസിച്ചു. എന്റെ ചട്ടങ്ങളെ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല. അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ ചുറ്റുമുള്ള ജനതകളെക്കാൾ അധികം എന്നെ ധിക്കരിച്ചു. എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിച്ചു നിങ്ങൾ ജീവിച്ചില്ല. ചുറ്റുമുള്ള ജനതകളുടെ നിയമങ്ങൾ പോലും നിങ്ങൾ പാലിച്ചില്ല. അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിനക്ക് എതിരായിരിക്കുന്നു. ജനതകൾ കാൺകെ നിന്റെമേലുള്ള ശിക്ഷാവിധി ഞാൻ നടത്തും. നിന്റെ മ്ലേച്ഛത നിമിത്തം ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്തതും ഇനി ഒരിക്കലും ചെയ്യാത്തതുമായ കാര്യം ഞാൻ നിന്നോടു ചെയ്യും.

യെഹെസ്കേൽ 5:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇത് യെരൂശലേം ആകുന്നു; ഞാൻ അതിനെ ജനതകളുടെ മദ്ധ്യത്തിൽ വച്ചിരിക്കുന്നു; അതിന് ചുറ്റും രാജ്യങ്ങൾ ഉണ്ട് അത് ദുഷ്പ്രവൃത്തിയിൽ മറ്റു ജനതകളെക്കാൾ എന്‍റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ അധികം എന്‍റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്‍റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്‍റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല.” അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജനതകളെക്കാൾ അധികം മത്സരിച്ച്, എന്‍റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്‍റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കുകകൊണ്ട്, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ, ഞാൻ തന്നെ നിനക്കു വിരോധമായിരിക്കുന്നു; ജനതകൾ കാണത്തക്കവിധം ഞാൻ നിന്‍റെ നടുവിൽ ന്യായവിധികൾ നടത്തും. നിന്‍റെ സകല മ്ലേച്ഛതകളും നിമിത്തം, ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്തതും, മേലാൽ ചെയ്യാത്തതുമായ കാര്യം നിന്‍റെ മദ്ധ്യത്തിൽ ചെയ്യും.

യെഹെസ്കേൽ 5:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല. അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും. ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ലേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.

യെഹെസ്കേൽ 5:5-9 സമകാലിക മലയാളവിവർത്തനം (MCV)

“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു ജെറുശലേം ആകുന്നു. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചിരിക്കുന്നു; അവൾക്കുചുറ്റും രാജ്യങ്ങൾ ഉണ്ട്. എന്നാൽ അവൾ അവളുടെ ദുഷ്ടതയിൽ ആ ജനതകളെക്കാളും അവൾക്കുചുറ്റുമുള്ള രാജ്യങ്ങളെക്കാളും അധികം എന്റെ നിയമങ്ങൾക്കും ഉത്തരവുകൾക്കും എതിരേ മത്സരിച്ചിരിക്കുന്നു. കാരണം അവൾ എന്റെ നിയമങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു, എന്റെ ഉത്തരവുകൾ പാലിച്ചിട്ടുമില്ല. “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ചുറ്റുമുള്ള രാഷ്ട്രങ്ങളെക്കാൾ അധികം മെരുക്കമില്ലാത്തവരായി നിങ്ങൾ തീർന്നിരിക്കുന്നു. നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ നിയമങ്ങൾ അനുസരിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളിലെ മാനദണ്ഡങ്ങൾ അനുവർത്തിക്കുന്ന തരത്തിൽപോലും നിങ്ങൾ ജീവിച്ചിട്ടില്ല. “ഈ കാരണത്താൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ, ഞാൻതന്നെ നിങ്ങൾക്ക് എതിരായിരിക്കുന്നു. അയൽരാഷ്ട്രങ്ങൾ കാണുംവിധം ഞാൻ നിങ്ങളുടെമേൽ ന്യായവിധി നടപ്പാക്കും. നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾനിമിത്തം മുമ്പു ചെയ്തിട്ടില്ലാത്തതും മേലാൽ ചെയ്യാത്തതുമായ ഒരു കാര്യം ഞാൻ നിങ്ങളോടു ചെയ്യും.