യെഹെസ്കേൽ 47:7-12
യെഹെസ്കേൽ 47:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു. അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: ഈ വെള്ളം കിഴക്കേ ഗലീലയിലേക്കു പുറപ്പെട്ട് അരാബായിലേക്ക് ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ട് അതിലെ വെള്ളം പഥ്യമായിത്തീരും. എന്നാൽ ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും ചലിക്കുന്ന സകല പ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട് ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും അതു പഥ്യമായിത്തീർന്നിട്ട് സകലവും ജീവിക്കും. അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ജാതിയായി അസംഖ്യമായിരിക്കും. എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പഥ്യമായിവരാതെ ഉപ്പുപടനയ്ക്കായി വിട്ടേക്കും. നദീതീരത്ത് ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെ പോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായിക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സയ്ക്കും ഉതകും.
യെഹെസ്കേൽ 47:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ തിരിച്ചുവരുമ്പോൾ നദിയുടെ ഇരുകരകളിലും നിരവധി വൃക്ഷങ്ങൾ നില്‌ക്കുന്നതായി കണ്ടു. അയാൾ എന്നോടു പറഞ്ഞു: ഈ ജലം കിഴക്കോട്ടൊഴുകി അരാബായിൽ ചെന്നു ചേരുന്നു. ഇതു ചെന്നു ചേരുമ്പോൾ കടലിലെ കെട്ടിക്കിടക്കുന്ന ജലം ശുദ്ധമായിത്തീരുന്നു. ഈ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ധാരാളം ജീവജാലങ്ങളും മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം ഈ നദിയിലെ വെള്ളം ചെന്നുചേരുമ്പോൾ സമുദ്രജലം ശുദ്ധമായിത്തീരുന്നു. ഇതിലെ ജലം ഒഴുകി ചെല്ലുന്നിടത്തെല്ലാം സർവ ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയും. കടല്‌ക്കരയിൽ മീൻപിടിത്തക്കാർ നിന്നു വലവീശും. ഏൻ-ഗെദിമുതൽ ഏൻ-എഗ്ലയീംവരെ വല വിരിച്ചിടുന്ന സ്ഥലമാണ്. അവിടെ മഹാസമുദ്രത്തിലെപ്പോലെ നാനാതരത്തിലുള്ള മത്സ്യങ്ങൾ ധാരാളം ഉണ്ടായിരിക്കും. എന്നാൽ ചേറും ചതുപ്പും നിറഞ്ഞ സ്ഥലങ്ങൾ ശുദ്ധമായിരിക്കുകയില്ല. അവ ഉപ്പു വിളയുന്ന സ്ഥലങ്ങളായിത്തീരും. നദിയുടെ ഇരുകരകളിലും നാനാതരം ഫലവൃക്ഷങ്ങൾ ഉണ്ടായിരിക്കും. അവയുടെ ഇല വാടുകയില്ല. അവ ഫലം നല്‌കാതിരിക്കുകയുമില്ല. വിശുദ്ധമന്ദിരത്തിൽ നിന്ന് ഒഴുകിവരുന്ന ജലം ലഭിക്കുന്നതുകൊണ്ട് ആ വൃക്ഷങ്ങളിൽ മാസംതോറും പുതിയ കനികൾ ഉണ്ടാകുന്നു. അവയുടെ ഫലങ്ങൾ ആഹാരത്തിനും ഇലകൾ രോഗസൗഖ്യത്തിനും ഉപകരിക്കുന്നു.
യെഹെസ്കേൽ 47:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷങ്ങൾ നില്ക്കുന്നതു കണ്ടു. അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: “ഈ വെള്ളം കിഴക്കെ ഗലീലയിലേക്ക് പുറപ്പെട്ടു അരാബായിലേക്ക് ഒഴുകി കടലിൽ വീഴുന്നു; വെള്ളം ഒഴുകിച്ചെന്ന് കടലിൽ വീണ്, അതിലെ വെള്ളം ശുദ്ധമായിത്തീരും. എന്നാൽ ഈ നദി ചെല്ലുന്നിടത്തെല്ലാം ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട്, ഏറ്റവുമധികം മത്സ്യം ഉണ്ടാകും; ഈ നദി ചെല്ലുന്നിടത്തെല്ലാം അത് ശുദ്ധമായിത്തീർന്നിട്ട് സകലവും ജീവിക്കും. അതിന്റെ കരയിൽ ഏൻ-ഗെദി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളായി അസംഖ്യമായിരിക്കും. എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകാതെ, ഉപ്പിനുവേണ്ടി മാറ്റിവയ്ക്കും. നദീതീരത്ത് ഇക്കരെയും അക്കരെയും ഭക്ഷ്യയോഗ്യമായ ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം ഭക്ഷണത്തിനും, അവയുടെ ഇല ചികിത്സക്കും ഉപകരിക്കും.”
യെഹെസ്കേൽ 47:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു. അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും. എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും. അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും. എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കുഴിനിലങ്ങളും പത്ഥ്യമായ്‌വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും. നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
യെഹെസ്കേൽ 47:7-12 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ അവിടെ മടങ്ങിയെത്തിയപ്പോൾ നദീതീരത്ത് ഇരുകരകളിലും വളരെയധികം വൃക്ഷങ്ങൾ നിൽക്കുന്നതായി കണ്ടു. അദ്ദേഹം പറഞ്ഞു: “ഈ നദി കിഴക്കേ ദിക്കിലേക്കുചെന്ന് അരാബാ വഴിയായി ഉപ്പുകടലിലേക്ക് ഒഴുകുന്നു; അങ്ങനെ സമുദ്രജലം ശുദ്ധമായിത്തീരുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവികൾ പറ്റംചേർന്നു ജീവിക്കുന്നു. ഈ വെള്ളം ഒഴുകി ഓരുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നതുകൊണ്ട് അവിടെ മത്സ്യത്തിന്റെ ഒരു വലിയകൂട്ടം ഉണ്ടാകും. അങ്ങനെ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ജീവന്റെ തുടിപ്പ് ഉണ്ടായിരിക്കും. അതിന്റെ കരയിൽ എൻ-ഗെദിമുതൽ എൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വലവീശും. അതിലെ മത്സ്യം മെഡിറ്ററേനിയൻ സമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളിൽപ്പെട്ട അസംഖ്യമായിരിക്കും. എങ്കിലും അവിടെയുള്ള ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകുകയില്ല. അവയെ ഉപ്പിനായി നീക്കിവെക്കും. നദീതീരത്ത് ഇരുകരകളിലും ഭക്ഷണത്തിനുതകുന്ന ഫലവൃക്ഷങ്ങൾ വളരും. അവയുടെ ഇല വാടുകയില്ല; അവയിൽ ഫലം ഇല്ലാതെപോകുകയുമില്ല. അവിടത്തെ ജലം വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെടുന്നതാകുകയാൽ അവയിൽ എല്ലാമാസവും കായ്ഫലമുണ്ടാകും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശാന്തിക്കും പ്രയോജനപ്പെടും.”