യെഹെസ്കേൽ 47:1-12
യെഹെസ്കേൽ 47:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി. അവൻ വടക്കോട്ടുള്ള ഗോപുരത്തിൽ കൂടി എന്നെ പുറത്തു കൊണ്ടു ചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു. ആ പുരുഷൻ കൈയിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽക്കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി. അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽക്കൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി. അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു. അവൻ എന്നോട്: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി. ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു. അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: ഈ വെള്ളം കിഴക്കേ ഗലീലയിലേക്കു പുറപ്പെട്ട് അരാബായിലേക്ക് ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ട് അതിലെ വെള്ളം പഥ്യമായിത്തീരും. എന്നാൽ ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും ചലിക്കുന്ന സകല പ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട് ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും അതു പഥ്യമായിത്തീർന്നിട്ട് സകലവും ജീവിക്കും. അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ജാതിയായി അസംഖ്യമായിരിക്കും. എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പഥ്യമായിവരാതെ ഉപ്പുപടനയ്ക്കായി വിട്ടേക്കും. നദീതീരത്ത് ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെ പോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായിക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സയ്ക്കും ഉതകും.
യെഹെസ്കേൽ 47:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അയാൾ എന്നെ ദേവാലയവാതില്‌ക്കലേക്കു മടക്കിക്കൊണ്ടുവന്നു. അതാ, ദേവാലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ട് ഒഴുകുന്നു (ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടാണല്ലോ) ഉമ്മരപ്പടിയുടെ താഴെ ദേവാലയ പൂമുഖത്തിന്റെ വടക്കുഭാഗത്ത് യാഗപീഠത്തിന്റെ തെക്കു നിന്നായിരുന്നു നീരൊഴുക്ക്. പിന്നീട് എന്നെ അയാൾ വടക്കേ പടിപ്പുരവഴി വെളിയിലേക്കു കൊണ്ടുവന്നു. അതിനുശേഷം പുറത്തുകൂടി കിഴക്കോട്ടു ദർശനമുള്ള പടിപ്പുരയിലേക്കു നയിച്ചു. വെള്ളം പടിപ്പുരയുടെ തെക്കുവശത്തുകൂടി ഒഴുകുന്നുണ്ടായിരുന്നു. കൈയിൽ ഒരളവുനൂലുമായി അയാൾ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. വെള്ളത്തിൽ കൂടിയാണ് അയാൾ എന്നെ നയിച്ചത്. വെള്ളം എന്റെ കണങ്കാൽവരെ ഉണ്ടായിരുന്നു. വീണ്ടും അയാൾ ആയിരം മുഴം ദൂരം അളന്നപ്പോൾ വെള്ളം മുട്ടോളമായി. പിന്നെയും ആയിരം മുഴംകൂടി അളന്ന് അയാൾ എന്നെ വെള്ളത്തിലൂടെ നയിച്ചു. അപ്പോൾ വെള്ളം അരയറ്റമായി. ആയിരം മുഴം കൂടി അളന്നപ്പോൾ എനിക്കു കടന്നുപോകാൻ കഴിയാത്ത ഒരു ജലപ്രവാഹമായി അതുയർന്നു. നീന്താതെ കടക്കാൻ കഴിയാത്ത ഒരു നദി; “മനുഷ്യപുത്രാ, ഇതുകണ്ടോ?” എന്ന് അയാൾ എന്നോടു ചോദിച്ചു. പിന്നീട് അയാൾ എന്നെ നദീതീരത്തേക്ക് കൊണ്ടുവന്നു. ഞാൻ തിരിച്ചുവരുമ്പോൾ നദിയുടെ ഇരുകരകളിലും നിരവധി വൃക്ഷങ്ങൾ നില്‌ക്കുന്നതായി കണ്ടു. അയാൾ എന്നോടു പറഞ്ഞു: ഈ ജലം കിഴക്കോട്ടൊഴുകി അരാബായിൽ ചെന്നു ചേരുന്നു. ഇതു ചെന്നു ചേരുമ്പോൾ കടലിലെ കെട്ടിക്കിടക്കുന്ന ജലം ശുദ്ധമായിത്തീരുന്നു. ഈ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ധാരാളം ജീവജാലങ്ങളും മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം ഈ നദിയിലെ വെള്ളം ചെന്നുചേരുമ്പോൾ സമുദ്രജലം ശുദ്ധമായിത്തീരുന്നു. ഇതിലെ ജലം ഒഴുകി ചെല്ലുന്നിടത്തെല്ലാം സർവ ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയും. കടല്‌ക്കരയിൽ മീൻപിടിത്തക്കാർ നിന്നു വലവീശും. ഏൻ-ഗെദിമുതൽ ഏൻ-എഗ്ലയീംവരെ വല വിരിച്ചിടുന്ന സ്ഥലമാണ്. അവിടെ മഹാസമുദ്രത്തിലെപ്പോലെ നാനാതരത്തിലുള്ള മത്സ്യങ്ങൾ ധാരാളം ഉണ്ടായിരിക്കും. എന്നാൽ ചേറും ചതുപ്പും നിറഞ്ഞ സ്ഥലങ്ങൾ ശുദ്ധമായിരിക്കുകയില്ല. അവ ഉപ്പു വിളയുന്ന സ്ഥലങ്ങളായിത്തീരും. നദിയുടെ ഇരുകരകളിലും നാനാതരം ഫലവൃക്ഷങ്ങൾ ഉണ്ടായിരിക്കും. അവയുടെ ഇല വാടുകയില്ല. അവ ഫലം നല്‌കാതിരിക്കുകയുമില്ല. വിശുദ്ധമന്ദിരത്തിൽ നിന്ന് ഒഴുകിവരുന്ന ജലം ലഭിക്കുന്നതുകൊണ്ട് ആ വൃക്ഷങ്ങളിൽ മാസംതോറും പുതിയ കനികൾ ഉണ്ടാകുന്നു. അവയുടെ ഫലങ്ങൾ ആഹാരത്തിനും ഇലകൾ രോഗസൗഖ്യത്തിനും ഉപകരിക്കുന്നു.
യെഹെസ്കേൽ 47:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ മനുഷ്യന്‍ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ തിരികെ കൊണ്ടുവന്നപ്പോൾ, ആലയത്തിന്‍റെ ഉമ്മരപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടു പുറപ്പെടുന്നത് ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു; ആ വെള്ളം ആലയത്തിന്‍റെ വലത്തുഭാഗത്ത് കീഴിൽനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി. അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടുചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്ക് ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു. ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു; ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം കണങ്കാലോളം ആയി. അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി. അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്ക് കടക്കുവാൻ കഴിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തിയിട്ടല്ലാതെ കടക്കുവാൻ കഴിയാത്ത ഒരു നദിയായിത്തീർന്നു. അവൻ എന്നോട്: “മനുഷ്യപുത്രാ, ഇത് നീ കണ്ടുവോ” എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി. ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷങ്ങൾ നില്ക്കുന്നതു കണ്ടു. അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: “ഈ വെള്ളം കിഴക്കെ ഗലീലയിലേക്ക് പുറപ്പെട്ടു അരാബായിലേക്ക് ഒഴുകി കടലിൽ വീഴുന്നു; വെള്ളം ഒഴുകിച്ചെന്ന് കടലിൽ വീണ്, അതിലെ വെള്ളം ശുദ്ധമായിത്തീരും. എന്നാൽ ഈ നദി ചെല്ലുന്നിടത്തെല്ലാം ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട്, ഏറ്റവുമധികം മത്സ്യം ഉണ്ടാകും; ഈ നദി ചെല്ലുന്നിടത്തെല്ലാം അത് ശുദ്ധമായിത്തീർന്നിട്ട് സകലവും ജീവിക്കും. അതിന്റെ കരയിൽ ഏൻ-ഗെദി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളായി അസംഖ്യമായിരിക്കും. എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകാതെ, ഉപ്പിനുവേണ്ടി മാറ്റിവയ്ക്കും. നദീതീരത്ത് ഇക്കരെയും അക്കരെയും ഭക്ഷ്യയോഗ്യമായ ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം ഭക്ഷണത്തിനും, അവയുടെ ഇല ചികിത്സക്കും ഉപകരിക്കും.”
യെഹെസ്കേൽ 47:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി. അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു. ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി. അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി. അവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു. അവൻ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി. ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു. അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും. എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും. അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും. എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കുഴിനിലങ്ങളും പത്ഥ്യമായ്‌വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും. നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
യെഹെസ്കേൽ 47:1-12 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടൊഴുകുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. വെള്ളം ആലയത്തിന്റെ തെക്കുവശത്ത് കീഴേനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി. അദ്ദേഹം എന്നെ വടക്കേ കവാടത്തിൽക്കൂടി പുറത്തുകൊണ്ടുവന്ന് പുറത്തെ വഴിയിൽക്കൂടി ചുറ്റും നടത്തി കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്കു കൊണ്ടുവന്നു. വെള്ളം തെക്കുവശത്തുനിന്നും ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു. ആ പുരുഷൻ കൈയിൽ അളക്കുന്നതിനുള്ള ഒരു ചരടുമായി കിഴക്കോട്ടു പുറപ്പെട്ടു. അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കണങ്കാലോളം എത്തുന്നുണ്ടായിരുന്നു. വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കാൽമുട്ടോളം എത്തിയിരുന്നു. പിന്നെയും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ട് നയിച്ചു. അവിടെ വെള്ളം അരയോളം എത്തുന്നുണ്ടായിരുന്നു. വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. എന്നാൽ വെള്ളം അത്യധികം ഉയർന്ന്, എനിക്ക് നീന്തിയിട്ടല്ലാതെ കടന്നുപോകാൻപറ്റാത്ത ഒരു നദിയായി തീർന്നിരുന്നു. അദ്ദേഹം എന്നോട് “മനുഷ്യപുത്രാ, ഇതു നീ കാണുന്നുണ്ടോ?” എന്നു ചോദിച്ചു. അതിനുശേഷം അദ്ദേഹം എന്നെ നദീതീരത്തേക്കു കൊണ്ടുവന്നു. ഞാൻ അവിടെ മടങ്ങിയെത്തിയപ്പോൾ നദീതീരത്ത് ഇരുകരകളിലും വളരെയധികം വൃക്ഷങ്ങൾ നിൽക്കുന്നതായി കണ്ടു. അദ്ദേഹം പറഞ്ഞു: “ഈ നദി കിഴക്കേ ദിക്കിലേക്കുചെന്ന് അരാബാ വഴിയായി ഉപ്പുകടലിലേക്ക് ഒഴുകുന്നു; അങ്ങനെ സമുദ്രജലം ശുദ്ധമായിത്തീരുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവികൾ പറ്റംചേർന്നു ജീവിക്കുന്നു. ഈ വെള്ളം ഒഴുകി ഓരുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നതുകൊണ്ട് അവിടെ മത്സ്യത്തിന്റെ ഒരു വലിയകൂട്ടം ഉണ്ടാകും. അങ്ങനെ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ജീവന്റെ തുടിപ്പ് ഉണ്ടായിരിക്കും. അതിന്റെ കരയിൽ എൻ-ഗെദിമുതൽ എൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വലവീശും. അതിലെ മത്സ്യം മെഡിറ്ററേനിയൻ സമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളിൽപ്പെട്ട അസംഖ്യമായിരിക്കും. എങ്കിലും അവിടെയുള്ള ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകുകയില്ല. അവയെ ഉപ്പിനായി നീക്കിവെക്കും. നദീതീരത്ത് ഇരുകരകളിലും ഭക്ഷണത്തിനുതകുന്ന ഫലവൃക്ഷങ്ങൾ വളരും. അവയുടെ ഇല വാടുകയില്ല; അവയിൽ ഫലം ഇല്ലാതെപോകുകയുമില്ല. അവിടത്തെ ജലം വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെടുന്നതാകുകയാൽ അവയിൽ എല്ലാമാസവും കായ്ഫലമുണ്ടാകും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശാന്തിക്കും പ്രയോജനപ്പെടും.”