യെഹെസ്കേൽ 45:17-20
യെഹെസ്കേൽ 45:17-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാൻ പ്രഭു ബാധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിന് പ്രായശ്ചിത്തം വരുത്തേണ്ടതിന് അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം തീയതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിനു പാപപരിഹാരം വരുത്തേണം. പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം. അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴച്ചു പോയവനുവേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിനു പ്രായശ്ചിത്തം വരുത്തേണം.
യെഹെസ്കേൽ 45:17-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിന്റെ ഉത്സവകാലങ്ങളിലും അമാവാസികളിലും ശബത്തുകളിലും എല്ലാ നിർദിഷ്ട പെരുന്നാളുകളിലും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും നടത്താൻ രാജാവ് ബാധ്യസ്ഥനാണ്. ഇസ്രായേൽജനത്തിന്റെ പ്രായശ്ചിത്തത്തിനായി പാപപരിഹാരയാഗങ്ങൾക്കും ഹോമയാഗങ്ങൾക്കും സമാധാനയാഗങ്ങൾക്കും ആവശ്യമായത് അദ്ദേഹം നല്‌കണം. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം ദിവസം കുറ്റമറ്റ ഒരു കാളക്കുട്ടിയെ കൊണ്ടുവന്ന് വിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം വരുത്തണം. പുരോഹിതൻ അതിന്റെ പാപപരിഹാരയാഗത്തിൽനിന്ന് കുറെ രക്തം എടുത്ത് ദേവാലയത്തിന്റെ കട്ടിളകളിലും യാഗപീഠത്തിന്റെ നാലു കോണുകളിലും അകമുറ്റത്തെ പടിപ്പുരയുടെ തൂണുകളിലും പുരട്ടണം. അബദ്ധവശാലോ അജ്ഞതയാലോ പാപം ചെയ്തുപോയവർക്കുവേണ്ടി ഇതേ ബലിതന്നെ അതാതു മാസത്തിന്റെ ഏഴാം ദിവസം നടത്തേണ്ടതാണ്. ഇങ്ങനെ നിങ്ങൾ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
യെഹെസ്കേൽ 45:17-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽ ഗൃഹത്തിന്‍റെ ഉത്സവസമയങ്ങളിൽ എല്ലാം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിക്കുവാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽ ഗൃഹത്തിനു പ്രായശ്ചിത്തം വരുത്തേണ്ടതിന് അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒന്നാം മാസം ഒന്നാം തീയതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്ത് വിശുദ്ധമന്ദിരത്തിനു പാപപരിഹാരം വരുത്തേണം. പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്‍റെ വാതിൽപ്പടികളിലും യാഗപീഠത്തിന്‍റെ തട്ടിൻ്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്‍റെ ഗോപുരത്തിൻ്റെ വാതിൽപ്പടികളിലും പുരട്ടേണം. അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും, അബദ്ധത്താലോ ബുദ്ധിഹീനതയാലോ പിഴച്ചു പോയവനു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിന് പ്രായശ്ചിത്തം വരുത്തേണം.
യെഹെസ്കേൽ 45:17-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം. പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്തു ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം. അങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.
യെഹെസ്കേൽ 45:17-20 സമകാലിക മലയാളവിവർത്തനം (MCV)
ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും—ഇസ്രായേൽഗൃഹത്തിന്റെ എല്ലാ പെരുന്നാളുകളിലും, ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കുക എന്നത് പ്രഭുവിന്റെ കർത്തവ്യമാണ്. ഇസ്രായേൽജനത്തിന് പാപപരിഹാരം വരുത്തുന്നതിന് അദ്ദേഹം പാപശുദ്ധീകരണയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാംമാസം ഒന്നാംതീയതി വിശുദ്ധമന്ദിരത്തെ ശുദ്ധീകരിക്കാൻ നീ ഊനമില്ലാത്ത ഒരു കാളക്കിടാവിനെ എടുക്കണം. പുരോഹിതൻ പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തമെടുത്ത് ആലയത്തിന്റെ കട്ടിളക്കാലുകളിലും യാഗപീഠത്തിന്റെ മുകൾത്തട്ടിന്റെ നാലു കോണുകളിലും അകത്തെ അങ്കണത്തിന്റെ ഗോപുരത്തിന്റെ കവാടത്തൂണുകളിലും പുരട്ടണം. മനഃപൂർവമല്ലാതെയോ അജ്ഞതയാലോ പാപംചെയ്യുന്ന ഏതൊരാൾക്കുവേണ്ടിയും ഇത് മാസത്തിന്റെ ഏഴാംദിവസംതന്നെ നിങ്ങൾ ചെയ്യണം. അങ്ങനെ നിങ്ങൾ ദൈവാലയത്തിന് പ്രായശ്ചിത്തം വരുത്തണം.