പുറപ്പാട് 34:1-8
പുറപ്പാട് 34:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും. നീ രാവിലെ ഒരുങ്ങി രാവിലെതന്നെ സീനായിപർവതത്തിൽ കയറി; പർവതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം. നിന്നോടുകൂടെ ആരും കയറരുത്; പർവതത്തിൽ എങ്ങും ആരെയും കാണരുത്. പർവതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുത്. അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോടു കല്പിച്ചതുപോലെ സീനായിപർവതത്തിൽ കയറി; കല്പലക രണ്ടും കൈയിൽ എടുത്തു കൊണ്ടുപോയി. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു. യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചത് എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിനു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ. എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു
പുറപ്പാട് 34:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കല്പലകകൾ ചെത്തിയുണ്ടാക്കുക; നീ ഉടച്ചു കളഞ്ഞവയിൽ ഉണ്ടായിരുന്ന വാക്കുകൾതന്നെ ഞാൻ അവയിൽ എഴുതും. രാവിലെതന്നെ നീ തയാറായി സീനായ്മല കയറി എന്റെ സന്നിധിയിൽ വരണം. നിന്റെ കൂടെ ആരും മലയിൽ കയറി വരരുത്. മലയിൽ ഒരിടത്തും ഒരു മനുഷ്യനെയും കാണരുത്. മലയുടെ അടിവാരത്തിൽ ആട്ടിൻപറ്റങ്ങളോ കന്നുകാലിക്കൂട്ടമോ മേയുകയും അരുത്.” ആദ്യത്തേതുപോലെ രണ്ടു കല്പലകകൾ മോശ ചെത്തിയുണ്ടാക്കി; അവിടുന്നു കല്പിച്ചിരുന്നതുപോലെ അതിരാവിലെ എഴുന്നേറ്റ് അവയുമെടുത്തു മലയിൽ കയറിച്ചെന്നു. അവിടുന്നു മേഘത്തിൽ മോശയുടെ അടുക്കൽ ഇറങ്ങിവന്നു ‘സർവേശ്വരൻ’ എന്ന അവിടുത്തെ നാമം പ്രഘോഷിച്ചു. അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടു മോശയുടെ മുമ്പിൽ കൂടി കടന്നുപോയി: “സർവേശ്വരൻ കരുണയും കൃപയുമുള്ള ദൈവം; അവിടുന്നു ക്ഷമാശീലൻ. അചഞ്ചലസ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിച്ചുകൊണ്ട് ബഹുസഹസ്രം ജനത്തോട് അചഞ്ചലസ്നേഹം കാട്ടുന്നവൻ; എന്നാൽ കുറ്റവാളികളെ വെറുതെ വിടാത്തവൻ; പിതാക്കന്മാരുടെ കുറ്റത്തിനു മക്കളോടും മക്കളുടെ മക്കളോടും മൂന്നും നാലും തലമുറവരെ കണക്കു ചോദിക്കുന്നവൻ.” മോശ ഉടനെ നിലംപറ്റെ താണു സർവേശ്വരനെ വന്ദിച്ചു. പിന്നീട് ഇപ്രകാരം പറഞ്ഞു
പുറപ്പാട് 34:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു: “ആദ്യത്തേതുപോലെ രണ്ടു കല്പലകൾ ചെത്തിക്കൊള്ളുക; നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും. നീ രാവിലെ തയ്യാറായി സീനായി പർവ്വതത്തിൽ കയറി, പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം. നിന്നോടുകൂടെ ആരും കയറരുത്. പർവ്വതത്തിലെങ്ങും ആരെയും കാണരുത്. പർവ്വതത്തിനരികിൽ ആടുകളോ കന്നുകാലികളോ മേയുകയും അരുത്.” അങ്ങനെ മോശെ ആദ്യത്തേതുപോലെ രണ്ടു കല്പലകകൾ ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോട് കല്പിച്ചതുപോലെ സീനായി പർവ്വതത്തിൽ കയറി; കല്പലകകൾ രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്‍റെ അടുക്കൽനിന്ന് യഹോവയുടെ നാമത്തെ ഘോഷിച്ചു. യഹോവ അവന്റെ മുമ്പാകെ വന്ന് ഘോഷിച്ചത്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരങ്ങളോടു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” അപ്പോൾ മോശെ ബദ്ധപ്പെട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു
പുറപ്പാട് 34:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും. നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപർവ്വതത്തിൽ കയറി; പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം. നിന്നോടുകൂടെ ആരും കയറരുതു. പർവ്വതത്തിലെങ്ങും ആരെയും കാണരുതു. പർവ്വതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു. അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപർവ്വതത്തിൽ കയറി; കല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു. യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ. എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു
പുറപ്പാട് 34:1-8 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തി ഉണ്ടാക്കുക: നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ അതിൽ എഴുതും. നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം. നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.” അങ്ങനെ മോശ, ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് യഹോവ കൽപ്പിച്ചിരുന്നതുപോലെ സീനായിപർവതത്തിൽ കയറിച്ചെന്നു; രണ്ടു കൽപ്പലകകളും അവൻ കൈയിൽ എടുത്തിരുന്നു. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു. യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.” അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു.