പുറപ്പാട് 33:18-20
പുറപ്പാട് 33:18-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ അവൻ: നിന്റെ തേജസ്സ് എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു. അതിന് അവൻ: ഞാൻ എന്റെ മഹിമയൊക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു. നിനക്ക് എന്റെ മുഖം കാൺമാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
പുറപ്പാട് 33:18-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ പറഞ്ഞു: “അവിടുത്തെ മഹത്ത്വം എനിക്കു കാട്ടിത്തന്നാലും” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ തേജസ്സ് നിന്റെ മുമ്പിലൂടെ കടന്നുപോകും. സർവേശ്വരൻ എന്ന എന്റെ നാമം നിന്റെ മുമ്പിൽ പ്രഘോഷിക്കും; കൃപ കാണിക്കേണ്ടവനോടു ഞാൻ കൃപ കാണിക്കും; കരുണ കാണിക്കേണ്ടവനോടു ഞാൻ കരുണ കാണിക്കും. എന്റെ മുഖം കാണാൻ നിനക്കു കഴിയുകയില്ല; കാരണം എന്നെ കാണുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.”
പുറപ്പാട് 33:18-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ അവൻ: “അങ്ങേയുടെ തേജസ്സ് എനിക്ക് കാണിച്ചു തരേണമേ” എന്നപേക്ഷിച്ചു. അതിന് യഹോവ: “ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു. “നിനക്കു എന്റെ മുഖം കാണുവാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടുകൂടി ഇരിക്കയില്ല” എന്നും അവൻ കല്പിച്ചു.
പുറപ്പാട് 33:18-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു. അതിന്നു അവൻ: ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു. നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
പുറപ്പാട് 33:18-20 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു. യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും. എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.”