പുറപ്പാട് 33:12-17

പുറപ്പാട് 33:12-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മോശെ യഹോവയോടു പറഞ്ഞത് എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്ത് അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ. ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്ക് എന്നോടു കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്ന് ഓർക്കേണമേ. അതിന് അവൻ: എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്ന് അരുളിച്ചെയ്തു. അവൻ അവനോട്: തിരുസാന്നിധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളത് ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു. യഹോവ മോശെയോട്: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്ത് അറിഞ്ഞുമിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

പുറപ്പാട് 33:12-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ സർവേശ്വരനോടു ചോദിച്ചു: ” ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു പറയുന്നു; എന്നാൽ എന്റെകൂടെ ആരെയാണ് അയയ്‍ക്കുന്നതെന്ന് അവിടുന്ന് എന്നോടു പറയുന്നുമില്ല; ‘നിന്നെ ഞാൻ നന്നായി അറിയുന്നു; നിന്നിൽ ഞാൻ സംപ്രീതൻ’ എന്ന് അവിടുന്നു പറഞ്ഞു. അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അവിടുത്തെ വഴികൾ എനിക്കു വെളിപ്പെടുത്തിയാലും; ഞാൻ അങ്ങയെ അറിഞ്ഞ് അങ്ങയുടെ കൃപയ്‍ക്കു പാത്രമാകട്ടെ. ഈ ജനതയെ സ്വന്തജനമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഓർമിക്കണമേ.” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ സാന്നിധ്യം നിന്നോടൊപ്പം ഉണ്ടായിരിക്കും; ഞാൻ നിനക്ക് സ്വസ്ഥത നല്‌കും.” മോശ പറഞ്ഞു: “അവിടുന്നു ഞങ്ങളോടൊപ്പം വരുന്നില്ലെങ്കിൽ ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയയ്‍ക്കരുതേ. അവിടുന്നു ഞങ്ങളോടൊപ്പം ഇല്ലെങ്കിൽ എന്നിലും അവിടുത്തെ ജനത്തിലും അവിടുന്നു സംപ്രീതനാണെന്ന് എങ്ങനെ അറിയും? അവിടുത്തെ സാന്നിധ്യം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ടല്ലേ ഞാനും അങ്ങയുടെ ഈ ജനവും ഭൂമിയിലുള്ള മറ്റു ജനതകളിൽനിന്നു വ്യത്യസ്തരാകുന്നത്.” സർവേശ്വരൻ മോശയോടു പറഞ്ഞു: “നിന്റെ ഈ അപേക്ഷയും ഞാൻ സ്വീകരിച്ചിരിക്കുന്നു; ഞാൻ നിന്നെ നന്നായി അറിയുന്നു; ഞാൻ നിന്നിൽ സംപ്രീതനുമാണ്”.

പുറപ്പാട് 33:12-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മോശെ യഹോവയോട്: “ഈ ജനത്തെ കൂട്ടിക്കൊണ്ട് പോകുക എന്നു അങ്ങ് എന്നോട് കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടി അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ നന്നായി അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു എന്നു അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ആകയാൽ എന്നോട് കൃപയുണ്ടെങ്കിൽ അങ്ങേയുടെ വഴി എന്നെ അറിയിക്കേണമേ; അങ്ങേയ്ക്ക് എന്നോട് കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ അങ്ങയെ അറിയുമാറാകട്ടെ; ഈ ജാതി അങ്ങേയുടെ ജനം എന്നു ഓർക്കേണമേ.” അതിന് യഹോവ “എന്‍റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നൽകും” എന്നു അരുളിച്ചെയ്തു. യഹോവയോട് അവൻ: “തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്ന് പുറപ്പെടുവിക്കരുതേ. എന്നോടും അങ്ങേയുടെ ജനത്തോടും കൃപ ഉണ്ടെന്ന് ഞാൻ എപ്രകാരം അറിയും? അങ്ങ് ഞങ്ങളോടുകൂടെ പോരുന്നതിനാൽ ഞാനും അങ്ങേയുടെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും” എന്നു പറഞ്ഞു. യഹോവ മോശെയോട്: “നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു” എന്നു അരുളിച്ചെയ്തു.

പുറപ്പാട് 33:12-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെ യഹോവയോടു പറഞ്ഞതു എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ. ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ. അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു. അവൻ അവനോടു: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു. യഹോവ മോശെയോടു: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു.

പുറപ്പാട് 33:12-17 സമകാലിക മലയാളവിവർത്തനം (MCV)

മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു കൽപ്പിച്ചു: എന്നാൽ, ആരെയാണ് എന്നോടുകൂടെ അയയ്ക്കുന്നത് എന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു,’ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുമുണ്ട്. അതുകൊണ്ട്, എന്നോടു പ്രസാദമുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; തുടർന്നും എന്നോടു കൃപയുണ്ടാകണം. ഈ ജനത അങ്ങയുടെ ജനമാകുന്നു എന്നും ഓർക്കണമേ.” യഹോവ മറുപടി നൽകി: “എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥതനൽകും.” അപ്പോൾ മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “അങ്ങയുടെ സാന്നിധ്യം ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. അങ്ങു ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ, എന്നോടും ഈ ജനത്തോടും അങ്ങേക്കു കൃപയുണ്ടെന്നു ഞങ്ങൾ അറിയുന്നതെങ്ങനെ? എന്നെയും അങ്ങയുടെ ഈ ജനത്തെയും ഭൂമുഖത്തു മറ്റു ജനങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് എന്താണ്?” യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.”