പുറപ്പാട് 32:1-8

പുറപ്പാട് 32:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ മോശെ പർവതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോട്: നീ എഴുന്നേറ്റ്, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അഹരോൻ അവരോട്: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ച് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ജനമൊക്കെയും തങ്ങളുടെ കാതിൽനിന്നു പൊൻകുണുക്കു പറിച്ച് അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അത് അവരുടെ കൈയിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷ വരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു. അഹരോൻ അതു കണ്ടാറെ അതിനു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവയ്ക്ക് ഒരു ഉത്സവം എന്നു വിളിച്ചുപറഞ്ഞു. പിറ്റന്നാൾ അവർ അതികാലത്ത് എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശെയോട്: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ച് അതിനു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്ന് അരുളിച്ചെയ്തു.

പുറപ്പാട് 32:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ മലയിൽനിന്ന് ഇറങ്ങിവരാൻ താമസിച്ചതിനാൽ ജനം അഹരോന്റെ ചുറ്റും കൂടി. അവർ പറഞ്ഞു: “ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന മോശയ്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയുന്നില്ല; അതുകൊണ്ടു ഞങ്ങളെ നയിക്കാൻ ഒരു ദേവനെ ഉണ്ടാക്കിത്തരിക.” അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും കാതിലിടുന്ന പൊൻവളയങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക.” കാതിൽ അണിഞ്ഞിരുന്ന പൊൻവളയങ്ങൾ ഊരിയെടുത്ത് അവർ അഹരോനെ ഏല്പിച്ചു. അദ്ദേഹം അവ മൂശയിൽ ഉരുക്കി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി കൊത്തുളികൊണ്ടു മിനുക്കുപണി ചെയ്തു. അവർ പറഞ്ഞു: “ഇസ്രായേലേ ഇതാ, നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുവന്ന ദേവൻ.” അപ്പോൾ അഹരോൻ കാളക്കുട്ടിയുടെ മുമ്പിൽ ഒരു യാഗപീഠം പണിതു; നാളെ സർവേശ്വരന് ഉത്സവദിനം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവർ അതിരാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു; അവർ തിന്നുകുടിച്ചുല്ലസിച്ചു കൂത്താടാൻ തുടങ്ങി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിൽനിന്നു നീ കൊണ്ടുവന്ന ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇറങ്ങിച്ചെല്ലുക. ഞാൻ നിർദ്ദേശിച്ചിരുന്ന വഴിവിട്ട് അവർ കാളക്കുട്ടിയെ വാർത്തുണ്ടാക്കി. ഇസ്രായേലേ, ഇതാ ഈജിപ്തിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ദൈവം എന്നു പറഞ്ഞ് അതിനെ ആരാധിക്കുകയും അതിനു യാഗങ്ങളർപ്പിക്കുകയും ചെയ്യുന്നു.”

പുറപ്പാട് 32:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ മോശെ പർവ്വതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്‍റെ അടുക്കൽ വന്നുകൂടി അവനോട്: “നീ എഴുന്നേറ്റ്, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു കൊണ്ടുവന്ന മോശെയ്ക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞു. അഹരോൻ അവരോട്: “നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്ക് അഴിച്ച് എടുത്ത് എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. ജനം തങ്ങളുടെ കാതുകളിൽ നിന്ന് പൊൻകുണുക്ക് അഴിച്ച് എടുത്ത് അഹരോന്‍റെ അടുക്കൽ കൊണ്ടുവന്നു. അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി, മൂശയിലുരുക്കി കൊത്തുളികൊണ്ട് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: “യിസ്രായേലേ, ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു” എന്നു പറഞ്ഞു. അഹരോൻ അത് കണ്ടപ്പോൾ അതിന് മുമ്പിൽ ഒരു യാഗപീഠം പണിതു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവം” എന്നു വിളിച്ചു പറഞ്ഞു. പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു, സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഇരുന്നു കളിക്കുവാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശെയോട്: “നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ജനം സ്വയം തങ്ങളെ തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോട് കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അതിനെ നമസ്കരിച്ച് യാഗം കഴിച്ചു: യിസ്രായേലേ, ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു എന്നു പറയുന്നു” എന്നു അരുളിച്ചെയ്തു.

പുറപ്പാട് 32:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു. അഹരോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു. പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു.

പുറപ്പാട് 32:1-8 സമകാലിക മലയാളവിവർത്തനം (MCV)

മോശ, പർവതത്തിൽനിന്നിറങ്ങിവരാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ അവർ അഹരോനു ചുറ്റും വന്നുകൂടി, “വരിക, ഞങ്ങളുടെമുമ്പിൽ നടക്കേണ്ടതിനു ഞങ്ങൾക്കു ദേവതകളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്റ്റിൽനിന്നുകൊണ്ടുവന്ന മോശ എന്ന പുരുഷന് എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞു. അഹരോൻ അവരോട്, “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ധരിച്ചിട്ടുള്ള സ്വർണക്കുണുക്കുകൾ എടുത്ത് എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. അങ്ങനെ സകലജനവും തങ്ങളുടെ സ്വർണക്കുണുക്കുകൾ എടുത്ത് അവ അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ കൈയിൽനിന്ന് അവൻ അതു വാങ്ങി കൊത്തുളികൊണ്ട് ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. അപ്പോൾ അവർ, “ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ!” എന്നു പറഞ്ഞു. ഇതു കണ്ടപ്പോൾ അഹരോൻ കാളക്കിടാവിന്റെമുമ്പിൽ ഒരു യാഗപീഠം പണിതു. “നാളെ യഹോവയ്ക്ക് ഒരു ഉത്സവം ഉണ്ട്,” എന്നു വിളിച്ചുപറഞ്ഞു. അടുത്തദിവസം ജനം രാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു; വിളയാടാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശയോട് ഇപ്രകാരം കൽപ്പിച്ചു: “നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ചതിൽനിന്ന് അവർ അതിവേഗം വ്യതിചലിച്ചിരിക്കുന്നു; അവർ കാളക്കിടാവിന്റെ രൂപത്തിൽ ഒരു വിഗ്രഹത്തെ വാർത്തുണ്ടാക്കിയിരിക്കുന്നു: അവർ അതിനെ വണങ്ങി, അതിനു യാഗം കഴിച്ച്, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ,’ എന്നു പറഞ്ഞു.”