പുറപ്പാട് 32:1-20

പുറപ്പാട് 32:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ മോശെ പർവതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോട്: നീ എഴുന്നേറ്റ്, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അഹരോൻ അവരോട്: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ച് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ജനമൊക്കെയും തങ്ങളുടെ കാതിൽനിന്നു പൊൻകുണുക്കു പറിച്ച് അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അത് അവരുടെ കൈയിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷ വരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു. അഹരോൻ അതു കണ്ടാറെ അതിനു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവയ്ക്ക് ഒരു ഉത്സവം എന്നു വിളിച്ചുപറഞ്ഞു. പിറ്റന്നാൾ അവർ അതികാലത്ത് എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശെയോട്: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ച് അതിനു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്ന് അരുളിച്ചെയ്തു. ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ട് എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിനു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്? മലകളിൽവച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിനു വരുവാനുള്ള ഈ അനർഥത്തെക്കുറിച്ച് അനുതപിക്കേണമേ. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശമൊക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തുവല്ലോ. അപ്പോൾ യഹോവ തന്റെ ജനത്തിനു വരുത്തും എന്നു കല്പിച്ച അനർഥത്തെക്കുറിച്ച് അനുതപിച്ചു. മോശെ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കൈയിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്റെ എഴുത്തുമായിരുന്നു. ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: പാളയത്തിൽ യുദ്ധഘോഷം ഉണ്ട് എന്നു പറഞ്ഞു. അതിന് അവൻ: ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നത് എന്നു പറഞ്ഞു. അവൻ പാളയത്തിനു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു; അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു; അവൻ പലകകളെ കൈയിൽനിന്ന് എറിഞ്ഞു പർവതത്തിന്റെ അടിവാരത്തുവച്ചു പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.

പുറപ്പാട് 32:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ മലയിൽനിന്ന് ഇറങ്ങിവരാൻ താമസിച്ചതിനാൽ ജനം അഹരോന്റെ ചുറ്റും കൂടി. അവർ പറഞ്ഞു: “ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന മോശയ്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയുന്നില്ല; അതുകൊണ്ടു ഞങ്ങളെ നയിക്കാൻ ഒരു ദേവനെ ഉണ്ടാക്കിത്തരിക.” അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും കാതിലിടുന്ന പൊൻവളയങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക.” കാതിൽ അണിഞ്ഞിരുന്ന പൊൻവളയങ്ങൾ ഊരിയെടുത്ത് അവർ അഹരോനെ ഏല്പിച്ചു. അദ്ദേഹം അവ മൂശയിൽ ഉരുക്കി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി കൊത്തുളികൊണ്ടു മിനുക്കുപണി ചെയ്തു. അവർ പറഞ്ഞു: “ഇസ്രായേലേ ഇതാ, നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുവന്ന ദേവൻ.” അപ്പോൾ അഹരോൻ കാളക്കുട്ടിയുടെ മുമ്പിൽ ഒരു യാഗപീഠം പണിതു; നാളെ സർവേശ്വരന് ഉത്സവദിനം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവർ അതിരാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു; അവർ തിന്നുകുടിച്ചുല്ലസിച്ചു കൂത്താടാൻ തുടങ്ങി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിൽനിന്നു നീ കൊണ്ടുവന്ന ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇറങ്ങിച്ചെല്ലുക. ഞാൻ നിർദ്ദേശിച്ചിരുന്ന വഴിവിട്ട് അവർ കാളക്കുട്ടിയെ വാർത്തുണ്ടാക്കി. ഇസ്രായേലേ, ഇതാ ഈജിപ്തിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ദൈവം എന്നു പറഞ്ഞ് അതിനെ ആരാധിക്കുകയും അതിനു യാഗങ്ങളർപ്പിക്കുകയും ചെയ്യുന്നു.” അവിടുന്നു മോശയോടു പറഞ്ഞു: “അവർ വളരെ ദുശ്ശാഠ്യമുള്ള ജനമാണെന്നു ഞാൻ കാണുന്നു; അവർക്കെതിരേ എന്റെ കോപം ജ്വലിക്കും. അത് അവരെ ദഹിപ്പിക്കും. നീ അതിനു തടസ്സം നില്‌ക്കരുത്; എന്നാൽ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.” എന്നാൽ മോശ തന്റെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ കേണപേക്ഷിച്ചു: “മഹാശക്തിയും കരബലവുംകൊണ്ട് ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്ന അവിടുന്ന് ജനത്തോട് ഇങ്ങനെ കോപിക്കുന്നതെന്ത്? മലകളിൽവച്ചു സംഹരിച്ചു ഭൂമുഖത്തുനിന്നുതന്നെ അവരെ നീക്കിക്കളയണമെന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു ജനത്തെ കൂട്ടിക്കൊണ്ടു പോയത് എന്നു ഈജിപ്തുകാരെക്കൊണ്ട് എന്തിനു പറയിക്കണം. അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ. ജനത്തിനെതിരായ അവിടുത്തെ തീരുമാനം നടപ്പാക്കരുതേ. അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുത്തെ സ്വന്തനാമത്തിൽ ചെയ്ത പ്രതിജ്ഞ ഓർക്കണമേ; ‘ഞാൻ നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കും; ഈ സ്ഥലമെല്ലാം നിന്റെ ഭാവിതലമുറകൾക്ക് അവകാശമായി നല്‌കും; അവർ അതു കൈവശമാക്കും’ എന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിരുന്നല്ലോ.” ജനത്തിനെതിരേ എടുത്ത തീരുമാനത്തിൽനിന്നു സർവേശ്വരൻ പിന്മാറി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥം വരുത്തിയതുമില്ല. ഇരുവശങ്ങളിലും എഴുതിയിരുന്ന രണ്ടു സാക്ഷ്യകല്പലകകളും കൈയിലെടുത്തു മോശ മലയിൽ നിന്നിറങ്ങി. കല്പലകകൾ ദൈവത്തിന്റെ കരവേലയും അവയിൽ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തും ആയിരുന്നു. ജനത്തിന്റെ ആർപ്പുവിളി കേട്ട് യോശുവ, “പാളയത്തിൽ യുദ്ധാരവം കേൾക്കുന്നു” എന്നു മോശയോടു പറഞ്ഞു. എന്നാൽ മോശ പറഞ്ഞു: “വിജയികളുടെ വിജയാഘോഷമോ പരാജിതരുടെ നിലവിളിയോ അല്ല, പാട്ടു പാടുന്ന ശബ്ദമാണ് ഞാൻ കേൾക്കുന്നത്.” പാളയത്തിൽ എത്തിയപ്പോൾ മോശ കാളക്കുട്ടിയെ കണ്ടു. അതിന്റെ മുമ്പിൽ ജനം നൃത്തം ചെയ്യുന്നു. മോശയുടെ കോപം ആളിക്കത്തി; അദ്ദേഹം കൈയിലിരുന്ന കല്പലകകൾ മലയുടെ അടിവാരത്തിലേക്ക് എറിഞ്ഞുടച്ചുകളഞ്ഞു. അവർ വാർത്തുണ്ടാക്കിയ കാളക്കുട്ടിയെ എടുത്തു തീയിലിട്ടു ചുട്ടു. എന്നിട്ട് ഇടിച്ചുപൊടിച്ചു വെള്ളത്തിൽ കലക്കി ഇസ്രായേൽജനത്തെ കുടിപ്പിച്ചു. മോശ അഹരോനോടു ചോദിച്ചു

പുറപ്പാട് 32:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ മോശെ പർവ്വതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്‍റെ അടുക്കൽ വന്നുകൂടി അവനോട്: “നീ എഴുന്നേറ്റ്, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു കൊണ്ടുവന്ന മോശെയ്ക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞു. അഹരോൻ അവരോട്: “നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്ക് അഴിച്ച് എടുത്ത് എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. ജനം തങ്ങളുടെ കാതുകളിൽ നിന്ന് പൊൻകുണുക്ക് അഴിച്ച് എടുത്ത് അഹരോന്‍റെ അടുക്കൽ കൊണ്ടുവന്നു. അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി, മൂശയിലുരുക്കി കൊത്തുളികൊണ്ട് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: “യിസ്രായേലേ, ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു” എന്നു പറഞ്ഞു. അഹരോൻ അത് കണ്ടപ്പോൾ അതിന് മുമ്പിൽ ഒരു യാഗപീഠം പണിതു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവം” എന്നു വിളിച്ചു പറഞ്ഞു. പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു, സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഇരുന്നു കളിക്കുവാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശെയോട്: “നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ജനം സ്വയം തങ്ങളെ തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോട് കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അതിനെ നമസ്കരിച്ച് യാഗം കഴിച്ചു: യിസ്രായേലേ, ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു എന്നു പറയുന്നു” എന്നു അരുളിച്ചെയ്തു. “ഞാൻ ഈ ജനത്തെ നോക്കി, അത് ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ട് എന്‍റെ കോപം അവർക്ക് വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും” എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു. എന്നാൽ മോശെ തന്‍റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അവിടുത്തെ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന അവിടുത്തെ ജനത്തിന് വിരോധമായി അങ്ങേയുടെ കോപം ജ്വലിക്കുന്നത് എന്ത്? മലകളിൽവച്ച് കൊന്നുകളയുവാനും ഭൂതലത്തിൽനിന്ന് നശിപ്പിക്കുവാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? അവിടുത്തെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് അവിടുത്തെ ജനത്തിന് വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ച് അനുതപിക്കേണമേ. അങ്ങേയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ഞാൻ അരുളിച്ചെയ്ത ഈ ദേശം നിങ്ങളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് അങ്ങ് സ്വന്തനാമത്തിൽ അവരോട് സത്യംചെയ്തുവല്ലോ.” അപ്പോൾ യഹോവ തന്‍റെ ജനത്തിന് വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ച് അനുതപിച്ചു. മോശെ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിൻ്റെ പലക രണ്ടും അവന്‍റെ കയ്യിൽ ഉണ്ടായിരുന്നു. ആ പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. പലക ദൈവത്തിന്‍റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്‍റെ എഴുത്തും ആയിരുന്നു. ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്നു പറഞ്ഞു. അതിന് അവൻ: “ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റ് നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമാണ് ഞാൻ കേൾക്കുന്നത്” എന്നു പറഞ്ഞു. അവൻ പാളയത്തിന് അടുത്തെത്തിയപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു. അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു. അവൻ പലകകളെ കയ്യിൽനിന്ന് എറിഞ്ഞ് പർവ്വതത്തിന്‍റെ അടിവാരത്തുവച്ച് പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കുടിപ്പിച്ചു.

പുറപ്പാട് 32:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു. അഹരോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു. പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു. ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ടു എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാൻ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു? മലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു. മോശെ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു. ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോടു: പാളയത്തിൽ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു. അതിന്നു അവൻ: ജയിച്ചു ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നതു എന്നു പറഞ്ഞു. അവൻ പാളയത്തിന്നു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവൻ പലകകളെ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.

പുറപ്പാട് 32:1-20 സമകാലിക മലയാളവിവർത്തനം (MCV)

മോശ, പർവതത്തിൽനിന്നിറങ്ങിവരാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ അവർ അഹരോനു ചുറ്റും വന്നുകൂടി, “വരിക, ഞങ്ങളുടെമുമ്പിൽ നടക്കേണ്ടതിനു ഞങ്ങൾക്കു ദേവതകളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്റ്റിൽനിന്നുകൊണ്ടുവന്ന മോശ എന്ന പുരുഷന് എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞു. അഹരോൻ അവരോട്, “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ധരിച്ചിട്ടുള്ള സ്വർണക്കുണുക്കുകൾ എടുത്ത് എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. അങ്ങനെ സകലജനവും തങ്ങളുടെ സ്വർണക്കുണുക്കുകൾ എടുത്ത് അവ അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ കൈയിൽനിന്ന് അവൻ അതു വാങ്ങി കൊത്തുളികൊണ്ട് ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. അപ്പോൾ അവർ, “ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ!” എന്നു പറഞ്ഞു. ഇതു കണ്ടപ്പോൾ അഹരോൻ കാളക്കിടാവിന്റെമുമ്പിൽ ഒരു യാഗപീഠം പണിതു. “നാളെ യഹോവയ്ക്ക് ഒരു ഉത്സവം ഉണ്ട്,” എന്നു വിളിച്ചുപറഞ്ഞു. അടുത്തദിവസം ജനം രാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു; വിളയാടാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശയോട് ഇപ്രകാരം കൽപ്പിച്ചു: “നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ചതിൽനിന്ന് അവർ അതിവേഗം വ്യതിചലിച്ചിരിക്കുന്നു; അവർ കാളക്കിടാവിന്റെ രൂപത്തിൽ ഒരു വിഗ്രഹത്തെ വാർത്തുണ്ടാക്കിയിരിക്കുന്നു: അവർ അതിനെ വണങ്ങി, അതിനു യാഗം കഴിച്ച്, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ,’ എന്നു പറഞ്ഞു.” “ഞാൻ ഈ ജനത്തെ നോക്കി, അവർ ദുശ്ശാഠ്യമുള്ള ജനം എന്നുകണ്ടു,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. “അതുകൊണ്ട്, എന്റെ കോപം അവർക്കുനേരേ ജ്വലിച്ചു; ഞാൻ അവരെ ദഹിപ്പിച്ചു കളയേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജനതയാക്കും.” എന്നാൽ മോശ തന്റെ ദൈവമായ യഹോവയോടു കരുണയ്ക്കായി യാചിച്ചുകൊണ്ടു പറഞ്ഞത്: “യഹോവേ, അങ്ങു മഹാശക്തികൊണ്ടും കരബലംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അങ്ങയുടെ ജനത്തിനു വിരോധമായി അവിടത്തെ കോപം ജ്വലിക്കുന്നത് എന്ത്? ‘മലകളിൽവെച്ച് അവരെ കൊന്നുകളയാനും ഭൂമുഖത്തുനിന്ന് അവരെ തുടച്ചുമാറ്റാനുംവേണ്ടി ദുഷ്ടലാക്കോടെ അവിടന്ന് അവരെ കൊണ്ടുപോയി,’ എന്ന് ഈജിപ്റ്റുകാരെക്കൊണ്ടു പറയിക്കുന്നതെന്തിന്? അങ്ങയുടെ ഉഗ്രകോപത്തിൽനിന്നും പിന്തിരിഞ്ഞ് ഈ ജനത്തിനു വരാൻപോകുന്ന മഹാനാശത്തെക്കുറിച്ച് അനുതപിക്കണമേ! അവിടത്തെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കണമേ. ‘ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുകയും ഞാൻ വാഗ്ദാനംചെയ്ത എല്ലാ ദേശവും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമാക്കുകയും ചെയ്യുമെന്ന് അങ്ങ് അങ്ങയെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തല്ലോ.’ ” അപ്പോൾ യഹോവ അനുതപിച്ചു: താൻ ജനത്തിന്റെമേൽ വരുത്തുമെന്നു പറഞ്ഞ മഹാനാശം വരുത്തിയതുമില്ല. ഇതിനുശേഷം മോശ തിരിഞ്ഞു, കൈയിൽ ഉടമ്പടിയുടെ രണ്ടു പലകയുമായി പർവതത്തിൽനിന്ന് ഇറങ്ങി. പലക അപ്പുറവും ഇപ്പുറവുമായി, രണ്ടുവശത്തും എഴുത്തുള്ളതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ കൊത്തിയിരുന്ന എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു. ജനത്തിന്റെ ആഘോഷശബ്ദം യോശുവ കേട്ടപ്പോൾ അദ്ദേഹം മോശയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്നു പറഞ്ഞു. “അതു ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റവരുടെ നിലവിളിയുമല്ല; പാടുന്നവരുടെ ശബ്ദമാണു ഞാൻ കേൾക്കുന്നത്,” എന്ന് മോശ പറഞ്ഞു. മോശ പാളയത്തിനു സമീപമെത്തിയപ്പോൾ കാളക്കിടാവിനെയും നൃത്തക്കാരെയും കണ്ടു, അദ്ദേഹത്തിന്റെ കോപം ജ്വലിച്ചു: അദ്ദേഹം പലക രണ്ടും കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു. അദ്ദേഹം പർവതത്തിന്റെ അടിവാരത്തിൽവെച്ച് അവ പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയ കാളക്കിടാവിനെ അദ്ദേഹം എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി, വെള്ളത്തിൽ കലക്കി ഇസ്രായേൽമക്കളെ കുടിപ്പിച്ചു.