പുറപ്പാട് 28:1-29

പുറപ്പാട് 28:1-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ. നിന്റെ സഹോദരനായ അഹരോനുവേണ്ടി മഹത്ത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം. അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവതന്നെ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്റെ രണ്ട് അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണച്ചിരിക്കേണം. അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട് അതിൽനിന്നുതന്നെ അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം. അതു കൂടാതെ രണ്ടു ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം. അവരുടെ പേരുകളിൽ ആറ് ഒരു കല്ലിലും ശേഷമുള്ള ആറ് മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം. രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽമക്കളുടെ പേർ കൊത്തേണം; അവ പൊൻതടങ്ങളിൽ പതിക്കേണം; കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കൾക്കുവേണ്ടി ഓർമക്കല്ലായി വയ്ക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേർ ഓർമയ്ക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം. പൊന്നുകൊണ്ട് തടങ്ങൾ ഉണ്ടാക്കേണം. തങ്കംകൊണ്ട് ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചുകുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേർക്കേണം. ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ട് ഉണ്ടാക്കേണം; അത് ഏഫോദിന്റെ പണിക്കൊത്തതായി പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കേണം. അതു സമചതുരവും ഇരട്ടയും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം. അതിൽ കൽപ്പതിപ്പായി നാലു നിര കല്ല് പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര. രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം. മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്. നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം. ഈ കല്ല് യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം. പതക്കത്തിനു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം. പതക്കത്തിനു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടറ്റത്തും വട്ടക്കണ്ണി വയ്ക്കേണം. പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം. മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വയ്ക്കേണം. പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തായി വയ്ക്കേണം. പൊന്നുകൊണ്ടു വേറേ രണ്ടു വട്ടക്കണ്ണിയുണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് അതിന്റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്റെ ഇണപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിനു മേലായി വയ്ക്കേണം. പതക്കം ഏഫോദിന്റെ നടുക്കെട്ടിനു മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വട്ടക്കണ്ണികളാൽ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം. അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമയ്ക്കായിട്ടു തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.

പുറപ്പാട് 28:1-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാൻ ഇസ്രായേൽജനത്തിൽനിന്ന് നിന്റെ അടുക്കലേക്കു വിളിക്കുക. അഹരോനു ധരിക്കാൻ ശ്രേഷ്ഠവും മനോഹരവുമായ പൗരോഹിത്യവസ്ത്രം നീ ഉണ്ടാക്കണം. എന്റെ പുരോഹിതശുശ്രൂഷയ്‍ക്കായി അഹരോനെ അവരോധിക്കുന്നതിനുവേണ്ട വസ്ത്രങ്ങളുണ്ടാക്കാൻ ഞാൻ പ്രത്യേക നൈപുണ്യം നല്‌കിയിട്ടുള്ള എല്ലാ വിദഗ്ദ്ധന്മാരോടും പറയുക. മാർച്ചട്ട, ഏഫോദ്, പുറങ്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, ഇടക്കെട്ട് എന്നിവയാണ് അവർ നിർമ്മിക്കേണ്ട വസ്ത്രങ്ങൾ. പുരോഹിതന്മാരായി എനിക്ക് ശുശ്രൂഷ ചെയ്യാൻ നിന്റെ സഹോദരനായ അഹരോനും പുത്രന്മാർക്കും വേണ്ട വിശുദ്ധവസ്ത്രങ്ങൾ അവരുണ്ടാക്കണം. അവർ അതിന് നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള പിരിച്ച നൂലുകളും സ്വർണക്കസവും ഉപയോഗിക്കട്ടെ. അവർ നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലും സ്വർണക്കസവുംകൊണ്ടു നെയ്തെടുത്ത തുണി ഉപയോഗിച്ചു വിദഗ്ദ്ധമായി ഏഫോദു നിർമ്മിക്കട്ടെ. അതിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിനു രണ്ടു തോൾവാറുകൾ തയ്ച്ചു പിടിപ്പിക്കണം. ഏഫോദിനായി ഉപയോഗിച്ച സ്വർണനൂൽ, നീല, ധൂമ്രം, ചുവപ്പുനൂലുകൾ, നേർത്ത ലിനൻ എന്നിവകൊണ്ട് ഏഫോദു കെട്ടി മുറുക്കുന്നതിനുള്ള അരപ്പട്ടയും വിദഗ്ദ്ധമായി നിർമ്മിക്കണം. രണ്ടു ഗോമേദകക്കല്ലുകളെടുത്ത് ഓരോ കല്ലിലും ആറു പേരുകൾ വീതം ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെയും പേരുകൾ പ്രായക്രമമനുസരിച്ച് എഴുതണം. രത്നശില്പി മുദ്ര കൊത്തുന്നതുപോലെ ഇസ്രായേൽപുത്രന്മാരുടെ പേരുകൾ ആ കല്ലുകളിൽ കൊത്തിവയ്‍ക്കണം; അവ ചിത്രപ്പണി ചെയ്ത സ്വർണച്ചട്ടത്തിൽ ഉറപ്പിക്കുകയും വേണം. ഇസ്രായേൽമക്കളുടെ സ്മാരകമായ ഈ രണ്ടു കല്ലുകളും ഏഫോദിന്റെ രണ്ടു തോൾവാറുകളിൽ ഉറപ്പിക്കണം. അങ്ങനെ ഒരു സ്മാരകം എന്ന നിലയിൽ അവരുടെ പേരുകൾ അഹരോൻ തന്റെ ചുമലുകളിൽ സർവേശ്വരന്റെ മുമ്പാകെ വഹിച്ചുകൊണ്ടിരിക്കണം; ചിത്രപ്പണി ചെയ്ത സ്വർണത്തകിടുകൾ നിർമ്മിക്കുക. തനിത്തങ്കം കൊണ്ടുണ്ടാക്കിയ രണ്ടു ചങ്ങലകൾ പിണച്ചെടുത്ത് ആ തകിടുകളോടു ബന്ധിക്കണം. ഏഫോദു നിർമ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പ് വർണങ്ങളിലുള്ള നൂലുകളും സ്വർണക്കസവും പിരിച്ചെടുത്ത ലിനൻനൂലും ഉപയോഗിച്ചു ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു മാർച്ചട്ട ഉണ്ടാക്കുക; ഇത് ന്യായവിധിക്കു വേണ്ടിയുള്ളതാണ്. അത് ഒരു ചാൺ സമചതുരത്തിൽ രണ്ടു മടക്കുള്ളതായി ഉണ്ടാക്കണം. അതിൽ നാലു നിര രത്നങ്ങൾ പതിക്കണം. ഒന്നാമത്തെ നിരയിൽ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും രണ്ടാമത്തെ നിരയിൽ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും മൂന്നാമത്തെ നിരയിൽ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും നാലാമത്തെ നിരയിൽ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വർണച്ചട്ടങ്ങളിൽ ഉറപ്പിക്കണം. ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പന്ത്രണ്ടു കല്ലുകളിൽ ഓരോന്നിലും ഇസ്രായേൽപുത്രന്മാരുടെ പേരുകൾ മുദ്രമോതിരത്തിലെന്നപോലെ കൊത്തിയിരിക്കണം. മാർച്ചട്ടയ്‍ക്കുവേണ്ടിയുള്ള ചരടുകൾ തനിസ്വർണംകൊണ്ടു കയറുപോലെ പിണച്ചെടുത്തു നിർമ്മിക്കണം. മാർച്ചട്ടയ്‍ക്കുള്ള രണ്ടു വളയങ്ങൾ സ്വർണംകൊണ്ടു നിർമ്മിച്ച് ഇരുവശങ്ങളിലും പിടിപ്പിക്കണം. ഈ വളയങ്ങളിലൂടെ സ്വർണച്ചരടുകൾ കടത്തി ബന്ധിപ്പിക്കണം. ചരടുകളുടെ മറ്റേ അറ്റം തോൾവാറുകളിലുള്ള കൊളുത്തുകളിൽ ഏഫോദിന്റെ മുൻവശത്തു ബന്ധിപ്പിക്കണം. സ്വർണംകൊണ്ടു രണ്ടു വളയങ്ങൾ കൂടി ഉണ്ടാക്കി അവ മാർച്ചട്ടയുടെ താഴത്തെ മൂലകളിൽ ഉൾഭാഗത്ത് ഏഫോദിനോടടുത്തു തന്നെ ബന്ധിപ്പിക്കണം. വേറേ രണ്ടു സ്വർണവളയങ്ങൾ കൂടിയുണ്ടാക്കി അവയെ ഏഫോദിന്റെ തോൾവാറുകളിൽ കീഴ്ഭാഗത്ത് വിദഗ്ദ്ധമായി നിർമ്മിച്ചിട്ടുള്ള അരപ്പട്ടയ്‍ക്കു മുകളിൽ ഉറപ്പിക്കണം. മാർച്ചട്ട ഏഫോദിന്റെ മുകളിൽ മുറുകിയിരിക്കത്തക്കവിധം അതിന്റെ വളയങ്ങൾ ഏഫോദിന്റെ വളയങ്ങളുമായി അരപ്പട്ടയ്‍ക്കു മുകളിൽ വച്ച് നീലച്ചരടുകൾ കൊണ്ടു ബന്ധിക്കണം. അഹരോൻ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ ഇസ്രായേൽഗോത്രങ്ങളുടെ പേരുകളുള്ള ന്യായവിധിയുടെ മാർച്ചട്ട ധരിച്ചിരിക്കണം. അങ്ങനെ സർവേശ്വരൻ എപ്പോഴും ജനങ്ങളെ ഓർക്കാൻ ഇടയാകും.

പുറപ്പാട് 28:1-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് നിന്‍റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്‍റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ. നിന്‍റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കണമെന്ന് ഞാൻ ജ്ഞാനാത്മാവുകൊണ്ട് നിറച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം. അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവയാണ്. നിന്‍റെ സഹോദരനായ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്‍റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്‍റെ രണ്ടു അറ്റത്തോട് ചേർന്നതായി രണ്ടു തോൾപ്പട്ട ഉണ്ടായിരിക്കേണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കേണം. അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. അതിന്‍റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം. അത് കൂടാതെ രണ്ടു ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽ മക്കളുടെ പേര് കൊത്തണം. ആറു പേരുകൾ ഒരു കല്ലിലും ശേഷമുള്ള ആറു പേരുകൾ മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം. രത്നശില്പി മുദ്ര കൊത്തുന്നതുപോലെ രണ്ടു കല്ലിലും യിസ്രായേൽ മക്കളുടെ പേര് കൊത്തണം; അവ പൊൻ തടങ്ങളിൽ പതിക്കേണം; കല്ല് രണ്ടും ഏഫോദിന്‍റെ തോൾപ്പട്ടയുടെമേൽ യിസ്രായേൽ മക്കളുടെ ഓർമ്മക്കല്ലായി വയ്ക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേരുകൾ ഓർമ്മയ്ക്കായി തന്‍റെ രണ്ടു ചുമലിന്മേലും വഹിക്കേണം. പൊന്ന് കൊണ്ടു തടങ്ങൾ ഉണ്ടാക്കേണം. തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ടു സരപ്പളി നിർമ്മിച്ച് അവ തടങ്ങളിൽ ചേർക്കേണം. ന്യായവിധിപ്പതക്കം ചിത്രപ്പണികളോടുകൂടി ഉണ്ടാക്കേണം; അത് ഏഫോദിന്‍റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കേണം. അത് സമചതുരവും രണ്ടു മടക്കുള്ളതും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം. അതിൽ നാലു നിര കല്ല് പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര. രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം. മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്. നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം. ഇവ ക്രമമായി യിസ്രായേൽ മക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുകൾ ആയിരിക്കേണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കേണം. പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ടു സരപ്പളി നിർമ്മിക്കേണം. പതക്കത്തിന് പൊന്നുകൊണ്ട് രണ്ടു വളയങ്ങൾ ഉണ്ടാക്കി പതക്കത്തിൻ്റെ രണ്ടു അറ്റത്തും വയ്ക്കേണം. പൊന്നുകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെയുള്ള ചങ്ങലകൾ രണ്ടും പതക്കത്തിൻ്റെ അറ്റങ്ങളിൽ ഉള്ള വളയങ്ങൾ രണ്ടിലും കൊളുത്തേണം. പിരിച്ചെടുത്ത രണ്ടു ചങ്ങലകളുടെയും മറ്റേഅറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്‍റെ തോൾപ്പട്ടയുടെ മുൻഭാഗത്ത് വയ്ക്കേണം. പൊന്നുകൊണ്ട് രണ്ടു വളയങ്ങൾ ഉണ്ടാക്കി പതക്കത്തിൻ്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്‍റെ കീഴറ്റത്തിന് നേരെ അതിന്‍റെ വിളുമ്പിൽ അകത്തായി വയ്ക്കേണം. പൊന്നുകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി, ഏഫോദിന്‍റെ മുൻഭാഗത്ത് അതിന്‍റെ രണ്ടു തോൾപ്പട്ടയുടെ താഴെ അതിന്‍റെ ചേർപ്പിനരികെ ഏഫോദിന്‍റെ നടുക്കെട്ടിന് മേലായി വയ്ക്കേണം. പതക്കം ഏഫോദിന്‍റെ നടുക്കെട്ടിന് മുകളിലായി ഇരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്‍റെ വളയങ്ങളാൽ ഏഫോദിന്‍റെ വളയങ്ങളോട് നീലനാടകൊണ്ട് കെട്ടേണം. അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽ മക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മയ്ക്കായിട്ട് തന്‍റെ ഹൃദയത്തിന്മേൽ വഹിക്കേണം.

പുറപ്പാട് 28:1-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നേ നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം. അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവർ അവന്നും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന്നു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്റെ രണ്ടു അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം. അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതിൽനിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരിക്കേണം. അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം. അവരുടെ പേരുകളിൽ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം. രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽ മക്കളുടെ പേർ കൊത്തേണം; അവ പൊന്തടങ്ങളിൽ പതിക്കേണം; കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കൾക്കു വേണ്ടി ഓർമ്മക്കല്ലായി വെക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേർ ഓർമ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം. പൊന്നുകൊണ്ടു തടങ്ങൾ ഉണ്ടാക്കേണം. തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേർക്കേണം. ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടു ഉണ്ടാക്കേണം. അതു സമചതുരവും ഇരട്ടയും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം. അതിൽ കൽപതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര. രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ലു, വജ്രം. മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു. നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം. ഈ കല്ലു യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം. പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം. പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം. പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം. മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വെക്കേണം. പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പിൽ അകത്തായി വെക്കേണം. പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്തു അതിന്റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം. പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാൽ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം. അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.

പുറപ്പാട് 28:1-29 സമകാലിക മലയാളവിവർത്തനം (MCV)

“ഇസ്രായേൽജനത്തിന്റെ മധ്യേനിന്നു നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ അടുക്കൽ വരുത്തുക. നിന്റെ സഹോദരനായ അഹരോന്റെ മഹത്ത്വത്തിനും അലങ്കാരത്തിനുംവേണ്ടി അവനു വിശുദ്ധവസ്ത്രം നിർമിക്കണം. എനിക്കു പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രങ്ങൾ നിർമിക്കണമെന്ന്, ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന എല്ലാ വിദഗ്ദ്ധന്മാരോടും പറയുക. അവർ നിർമിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു നിർണയപ്പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവതന്നെ. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ സഹോദരനായ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി വിശുദ്ധവസ്ത്രങ്ങൾ അവർ നിർമിക്കണം. തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവ അവർ ഉപയോഗിക്കണം. “നെയ്ത്തുകാരന്റെ ചിത്രപ്പണിയായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുള്ള ഏഫോദ് നിർമിക്കണം. അതിന്റെ രണ്ടറ്റത്തോടുംചേർന്ന് അവയെത്തമ്മിൽ പിണച്ചുചേർക്കേണ്ടതിന് രണ്ടു ചുമൽക്കണ്ടം അതിന് ഉണ്ടായിരിക്കണം. അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, ഏഫോദിൽനിന്നുതന്നെ ഉള്ളതായി, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതേരീതിയിൽ നിർമിക്കണം. “രണ്ടു ഗോമേദകക്കല്ല് എടുത്ത്, അതിൽ ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമത്തിൽ കൊത്തണം. ആറു പേരുകൾ ഒരു കല്ലിലും ശേഷിച്ച ആറു പേരുകൾ മറ്റേ കല്ലിലും കൊത്തണം. ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ, രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ രണ്ടു കല്ലിലും കൊത്തണം. അവ തങ്കക്കസവുതടങ്ങളിൽ പതിക്കണം. ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി രണ്ടു കല്ലും ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിക്കണം. യഹോവയുടെമുമ്പിൽ അവരുടെ പേരുകൾ ഒരു സ്മാരകമായി രണ്ടു ചുമലുകളിലും അഹരോൻ വഹിക്കണം. തങ്കക്കസവുതടങ്ങളും ഉണ്ടാക്കണം. തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലെ രണ്ടു മാല ഉണ്ടാക്കണം; മാല തടങ്ങളിൽ ബന്ധിപ്പിക്കണം. “തീരുമാനങ്ങൾ എടുക്കുന്നതിനായി വൈദഗ്ദ്ധ്യത്തോടെ ഒരു നിർണയപ്പതക്കം നിർമിക്കണം. ഏഫോദിന്റെ പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതു നിർമിക്കണം. അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരിക്കണം. അതിൽ നാലുനിര രത്നങ്ങൾ പതിക്കണം. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിക്കണം. ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരിക്കണം. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരിക്കണം. “നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കണം. തങ്കംകൊണ്ടു രണ്ടു വളയം ഉണ്ടാക്കി, അവ നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിക്കണം. തങ്കംകൊണ്ടുള്ള രണ്ടു മാല നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തണം. മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിക്കണം. തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കണം. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിക്കണം. തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ, അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മുകളിലായി വെക്കണം. നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ടു ചേർത്തുകെട്ടണം. “അഹരോൻ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോൾ നിർണയപ്പതക്കത്തിൽ ഇസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെമുമ്പിൽ ഓർമയ്ക്കായി തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.