പുറപ്പാട് 21:22-36
പുറപ്പാട് 21:22-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുംപോലെ അവൻ കൊടുക്കേണം. മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവൻ കൊടുക്കേണം. കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാൽ; പൊള്ളലിനു പകരം പൊള്ളൽ; മുറിവിനു പകരം മുറിവ്; തിണർപ്പിനു പകരം തിണർപ്പ്. ഒരുത്തൻ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവൻ കണ്ണിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം. അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചുതകർത്താൽ അവൻ പല്ലിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം. ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ. എന്നാൽ ആ കാള മുമ്പേതന്നെ കുത്തുന്നതായും ഉടമസ്ഥൻ അത് അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ട് അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം. ഉദ്ധാരണദ്രവ്യം അവന്റെമേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെമേൽ ചുമത്തിയതൊക്കെയും അവൻ കൊടുക്കേണം. അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം. കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥനു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം. ഒരുത്തൻ ഒരു കുഴി തുറന്നു വയ്ക്കുകയോ കുഴി കുഴിച്ച് അതിനെ മൂടാതിരിക്കയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ, കുഴിയുടെ ഉടമസ്ഥൻ വില കൊടുത്ത് അതിന്റെ യജമാനനു തൃപ്തി വരുത്തേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം. ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തിയിട്ട് അതു ചത്തുപോയാൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റ് അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം. അല്ലെങ്കിൽ ആ കാള മുമ്പേതന്നെ കുത്തുന്നത് എന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.
പുറപ്പാട് 21:22-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“പുരുഷന്മാർ കലഹിക്കുന്നതിനിടയിൽ ഒരു ഗർഭിണിക്ക് പരുക്കേല്‌ക്കുകയും ഗർഭം അലസുകയും മറ്റ് ഉപദ്രവമൊന്നും ഏല്‌ക്കാതിരിക്കുകയും ചെയ്താൽ പരുക്കേല്പിച്ചയാൾ അവളുടെ ഭർത്താവിന്റെ ആവശ്യപ്രകാരം മധ്യസ്ഥന്മാർ നിശ്ചയിക്കുന്ന തുക പിഴയായി നല്‌കണം. എന്നാൽ അവൾക്ക് ഉപദ്രവം ഏറ്റാൽ ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ, പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്ന ക്രമത്തിൽ ശിക്ഷ നല്‌കണം. ഒരുവന്റെ പ്രഹരമേറ്റ് അടിമയുടെ ആണോ പെണ്ണോ ആകട്ടെ-കണ്ണു നഷ്ടപ്പെട്ടാൽ ആ അടിമയ്‍ക്കു സ്വാതന്ത്ര്യം നല്‌കണം. ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു കൊഴിച്ചാലും പകരം സ്വാതന്ത്ര്യം നല്‌കണം. പുരുഷനെയോ സ്‍ത്രീയെയോ ഒരു കാള കുത്തിക്കൊന്നാൽ കാളയെ കല്ലെറിഞ്ഞു കൊല്ലണം. അതിന്റെ മാംസം ഭക്ഷിക്കരുത്. കാളയുടെ ഉടമസ്ഥൻ കുറ്റക്കാരനല്ല. എന്നാൽ, ആ കാള മനുഷ്യരെ കുത്തുന്ന ശീലമുള്ളതും ഉടമസ്ഥൻ അതറിഞ്ഞിട്ടും കെട്ടി സൂക്ഷിക്കാത്തതും ആയിരിക്കെ അത് ആരെയെങ്കിലും കുത്തിക്കൊന്നാൽ അതിനെ കല്ലെറിഞ്ഞു കൊല്ലണം. അതിന്റെ ഉടമസ്ഥനെയും വധിക്കണം. എന്നാൽ, മോചനദ്രവ്യം ചുമത്തപ്പെട്ടാൽ ആ തുക അടച്ച് അയാൾക്കു ജീവൻ വീണ്ടെടുക്കാം. കാള കുത്തിക്കൊല്ലുന്നത് ആൺകുട്ടിയെയോ പെൺകുട്ടിയെയോ ആയാലും ഈ ചട്ടം പാലിക്കണം. കാള കുത്തിക്കൊല്ലുന്നത് ഒരു ദാസനെയോ ദാസിയെയോ ആണെങ്കിൽ കാളയുടെ ഉടമസ്ഥൻ മുപ്പതു ശേക്കെൽ വെള്ളി അടിമയുടെ ഉടമസ്ഥനു കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം. “ഒരുവൻ ഒരു കുഴി തുറന്നിടുകയോ കുഴിച്ചശേഷം അതു മൂടാതിരിക്കുകയോ ചെയ്തിട്ട് ആ കുഴിയിൽ ഒരു കാളയോ കഴുതയോ വീണു ചത്താൽ കുഴിയുടെ ഉടമസ്ഥൻ മൃഗത്തിന്റെ ഉടമസ്ഥന് അതിന്റെ വില കൊടുക്കണം; ചത്തമൃഗം കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കും. ഒരാളുടെ കാള മറ്റൊരുവന്റെ കാളയെ കുത്തിക്കൊന്നാൽ ജീവനുള്ള കാളയെ വിറ്റ് അതിന്റെ വില രണ്ടുപേരും വീതിച്ചെടുക്കണം; ചത്ത മൃഗത്തെയും അവർ വീതിച്ചെടുക്കണം. തന്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതെയിരുന്നാൽ അതിന്റെ കുത്തേറ്റു ചാകുന്ന കാളയ്‍ക്കു പകരം കാളയെ കൊടുക്കണം. ചത്തമൃഗം അയാൾക്കുള്ളതായിരിക്കും.”
പുറപ്പാട് 21:22-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“മനുഷ്യർ തമ്മിൽ വഴക്കുകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്ക് മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവ് ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുന്നതുപോലെ അവൻ കൊടുക്കേണം. മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കേണം. കണ്ണിന് പകരം കണ്ണ്; പല്ലിന് പകരം പല്ല്; കൈയ്ക്കു പകരം കൈ; കാലിന് പകരം കാൽ; പൊള്ളലിന് പകരം പൊള്ളൽ; മുറിവിന് പകരം മുറിവ്; ചതവിന് പകരം ചതവ്. “ഒരുവൻ അടിച്ച് തന്‍റെ ദാസൻ്റെയോ ദാസിയുടെയോ കണ്ണ് കളഞ്ഞാൽ അവൻ കണ്ണിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കേണം. അവൻ തന്‍റെ ദാസൻ്റെയോ ദാസിയുടെയോ പല്ല് അടിച്ചു തകർത്താൽ അവൻ പല്ലിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കേണം. “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ. എന്നാൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് ഉടമസ്ഥൻ അറിഞ്ഞിട്ടും അവൻ അതിനെ സൂക്ഷിക്കാഞ്ഞതിനാൽ അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം. മോചനദ്രവ്യം അവന്‍റെമേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്‍റെമേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം. അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ നിയമപ്രകാരം അവനോട് ചെയ്യേണം. കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന് മുപ്പതു ശേക്കൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളയുകയും വേണം. “ഒരുവൻ ഒരു കുഴി തുറന്നുവക്കുകയോ കുഴി കുഴിച്ചശേഷം അത് മൂടാതിരിയ്ക്കുകയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ, കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്‍റെ യജമാനന് തൃപ്തിവരുത്തേണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം. “ഒരാളുടെ കാള മറ്റൊരാളുടെ കാളയെ കുത്തുകയും അത് ചത്തുപോകുകയും ചെയ്താൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കണം; ചത്തുപോയതിനെയും പകുത്തെടുക്കണം. അല്ലെങ്കിൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയതു അവനുള്ളതായിരിക്കേണം.“
പുറപ്പാട് 21:22-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം. മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം. കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ; പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണർപ്പിന്നു പകരം തിണർപ്പു. ഒരുത്തൻ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവൻ കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം. അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ലു അടിച്ചു തകർത്താൽ അവൻ പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം. ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ. എന്നാൽ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥൻ അതു അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം. ഉദ്ധാരണ ദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം. അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം. കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം. ഒരുത്തൻ ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതിൽ ഒരു കാളയോ കഴുതയോ വീണാൽ, കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം. ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തീട്ടു അതു ചത്തുപോയാൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം. അല്ലെങ്കിൽ ആ കാള മുമ്പെ തന്നേ കുത്തുന്നതു എന്നു അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളെക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.
പുറപ്പാട് 21:22-36 സമകാലിക മലയാളവിവർത്തനം (MCV)
“ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരു ഗർഭിണിക്ക് ആഘാതം ഏൽക്കുകയും മാസംതികയാതെ പ്രസവിക്കുകയും എന്നാൽ ഗുരുതരമായ പരിക്ക് ഇല്ലാതിരിക്കുകയും ചെയ്താൽ സ്ത്രീയുടെ ഭർത്താവ് ആവശ്യപ്പെടുന്നതും ന്യായാധിപന്മാർ നിശ്ചയിക്കുന്നതുമായ പിഴ അക്രമി അടയ്ക്കേണ്ടതാണ്. എന്നാൽ ഗുരുതരമായ പരിക്കുണ്ടെങ്കിൽ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം. കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, പാദത്തിനു പകരം പാദം, പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്നീ ക്രമത്തിൽ ശിക്ഷ നടപ്പാക്കണം. “ഒരു യജമാനൻ തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് അടിച്ചു നശിപ്പിച്ചാൽ, കണ്ണിനു നഷ്ടപരിഹാരമായി ആ ദാസനെയോ ദാസിയെയോ, സ്വാതന്ത്ര്യം കൊടുത്തു വിട്ടയയ്ക്കണം. ആ മനുഷ്യൻ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചുകൊഴിച്ചാൽ പല്ലിനുള്ള നഷ്ടപരിഹാരമായി ആ ദാസനെ, അഥവാ, ദാസിയെ വിട്ടയയ്ക്കണം. “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞുകൊല്ലണം; അതിന്റെ മാംസം ഭക്ഷിക്കാൻ പാടില്ല. കാളയുടെ ഉടമ ശിക്ഷ അർഹിക്കുന്നില്ല. എന്നാൽ ആ കാള കുത്തുന്ന സ്വഭാവമുള്ളതും ഉടമയ്ക്കു മുന്നറിയിപ്പു നൽകിയിട്ടും അയാൾ അതിനെ കെട്ടി സൂക്ഷിക്കാതിരുന്നതുമാണെങ്കിൽ, അത് ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം; ഉടമയും മരണശിക്ഷ അനുഭവിക്കണം. എന്നാൽ മോചനദ്രവ്യം നിശ്ചയിച്ചാൽ ആ മോചനദ്രവ്യം കൊടുത്ത് ഉടമയ്ക്കു തന്റെ ജീവൻ വീണ്ടെടുക്കാം. മകനെയോ മകളെയോ കാള കുത്തിക്കൊന്നാലും ഈ നിയമം ബാധകമായിരിക്കും. ഒരു ദാസനെയോ ദാസിയെയോ കാള കുത്തിക്കൊന്നാൽ അതിന്റെ ഉടമ അടിമയുടെ ഉടമയ്ക്കു മുപ്പതു ശേക്കേൽ വെള്ളി കൊടുക്കുകയും കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം. “ആരെങ്കിലും ഒരു കുഴി തുറന്നുവെക്കുകയോ ഒരു കുഴി ഉണ്ടാക്കിയിട്ടു മൂടാതിരിക്കുകയോ ചെയ്തിട്ട് ഒരു കാളയോ കഴുതയോ അതിൽ വീണാൽ, കുഴിയുടെ ഉടമ മൃഗത്തിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം എന്നാൽ ചത്ത മൃഗം കുഴിയുടെ ഉടമയ്ക്ക് അവകാശപ്പെട്ടതുമായിരിക്കും. “ആരുടെയെങ്കിലും കാള മറ്റൊരാളുടെ കാളയെ കുത്തിക്കൊന്നാൽ അവർ ജീവനുള്ളതിനെ വിറ്റ് ആ പണം പങ്കിട്ടെടുക്കണം; ചത്തകാളയെയും തുല്യമായി വീതിച്ചെടുക്കണം. എന്നാൽ, ആ കാള കുത്തുന്ന ശീലം ഉള്ളതാണെന്ന് അറിഞ്ഞിട്ടും മൃഗത്തിന്റെ ഉടമ അതിനെ സൂക്ഷിക്കാതിരുന്നതാണെങ്കിൽ അയാൾ ചത്തമൃഗത്തെ എടുത്തുകൊണ്ട്; മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം.