പുറപ്പാട് 16:4-35
പുറപ്പാട് 16:4-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവ മോശെയോട്: ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്കു വേണ്ടത് അന്നന്നു പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്ന് അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽമക്കളോടൊക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവതന്നെ എന്ന് ഇന്നു വൈകുന്നേരം നിങ്ങൾ അറിയും. പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരേ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളൂ എന്നു പറഞ്ഞു. മോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരേ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളൂ? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരേയല്ല, യഹോവയുടെ നേരേയത്രേ എന്നു പറഞ്ഞു. അഹരോനോടു മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സർവസംഘത്തോടും പറക എന്നു പറഞ്ഞു. അഹരോൻ യിസ്രായേൽമക്കളുടെ സർവസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരേ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു. യഹോവ മോശെയോട്: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു. നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്ത് അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു. വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു. വീണുകിടന്ന മഞ്ഞു മാറിയശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു. യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്ന് അറിയായ്കയാൽ ഇതെന്ത് എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനൊത്തവണ്ണം ആളൊന്നിന് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിയിരുന്നു. പിറ്റന്നാളേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു. എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു. അവർ രാവിലെതോറും അവനവനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും. എന്നാൽ ആറാം ദിവസം അവർ ആളൊന്നിന് ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മോശെയോട് അറിയിച്ചു. അവൻ അവരോട്: അതു യഹോവ കല്പിച്ചതുതന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്വാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവയ്പിൻ. മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റന്നാളേക്കു സൂക്ഷിച്ചുവച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല. അപ്പോൾ മോശെ പറഞ്ഞത്: ഇത് ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അതു വെളിയിൽ കാണുകയില്ല. ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അത് ഉണ്ടാകയില്ല. എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല. അപ്പോൾ യഹോവ മോശെയോട്: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്ക് എത്രത്തോളം മനസ്സില്ലാതിരിക്കും? നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്ത് ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുത് എന്നു കല്പിച്ചു. അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു. യിസ്രായേല്യർ ആ സാധനത്തിനു മന്ന എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു. പിന്നെ മോശെ: യഹോവ കല്പിക്കുന്ന കാര്യം ആവിത്: ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾക്കു മരുഭൂമിയിൽ ഭക്ഷിപ്പാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിനു സൂക്ഷിച്ചുവയ്പാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു. അഹരോനോടു മോശെ: ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്ന ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വച്ചുകൊൾക എന്നു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു. കുടിപാർപ്പുള്ള ദേശത്ത് എത്തുവോളം യിസ്രായേൽമക്കൾ നാല്പതു സംവത്സരം മന്ന ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുവോളം അവർ മന്ന ഭക്ഷിച്ചു.
പുറപ്പാട് 16:4-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആകാശത്തുനിന്നു ഞാൻ നിങ്ങൾക്കു ഭക്ഷണം വർഷിക്കും; ജനം പുറത്തിറങ്ങി അതതു ദിവസത്തേക്കു വേണ്ടതു ശേഖരിക്കട്ടെ. അവർ എന്റെ കല്പന അനുസരിക്കുമോ എന്ന് ഇങ്ങനെ ഞാൻ പരീക്ഷിച്ചുനോക്കും. ആറാം ദിവസം ശേഖരിച്ചതു പാകം ചെയ്യുമ്പോൾ ദിവസംതോറും ശേഖരിച്ചതിന്റെ ഇരട്ടി ഉണ്ടായിരിക്കും.” മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതു സർവേശ്വരൻ തന്നെയെന്നു നിങ്ങൾ ഇന്നു വൈകിട്ടു മനസ്സിലാക്കും. പ്രഭാതത്തിൽ നിങ്ങൾ സർവേശ്വരന്റെ മഹത്ത്വം ദർശിക്കും; അവിടുത്തേക്ക് എതിരായി നിങ്ങൾ പിറുപിറുക്കുന്നത് അവിടുന്നു കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരേ പിറുപിറുക്കാൻ ഞങ്ങൾ ആരാണ്? രാവിലെ നിങ്ങൾക്കു വേണ്ടിടത്തോളം അപ്പവും വൈകിട്ടു മാംസവും സർവേശ്വരൻ നല്‌കുമ്പോൾ അവിടുത്തേക്കെതിരെ നിങ്ങൾ പിറുപിറുത്തത് അവിടുന്നു കേട്ടിരിക്കുന്നു എന്നു നിങ്ങൾ അറിയും. നിങ്ങളുടെ പിറുപിറുപ്പ്, ഞങ്ങൾക്കെതിരെയല്ല വാസ്തവത്തിൽ സർവേശ്വരനെതിരെയാണ്.” മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേൽജനങ്ങളോടു പറയുക. സർവേശ്വരന്റെ സന്നിധിയിലേക്കു വരിക; നിങ്ങളുടെ ആവലാതി അവിടുന്ന് കേട്ടിരിക്കുന്നു.” അഹരോൻ ജനത്തോടു സംസാരിക്കുമ്പോൾ തന്നെ അവർ മരുഭൂമിയിലേക്ക് നോക്കി; അപ്പോൾ സർവേശ്വരന്റെ തേജസ്സ് മേഘത്തിൽ അവർക്ക് ദൃശ്യമായി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഇസ്രായേൽജനങ്ങളുടെ ആവലാതി കേട്ടിരിക്കുന്നു; ഇന്നു വൈകുന്നേരം അവർക്കു മാംസം ലഭിക്കുമെന്ന് അവരോടു പറയുക; പ്രഭാതത്തിൽ അവർ അപ്പംകൊണ്ടും തൃപ്തരാകും. അപ്പോൾ ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരനെന്ന് നിങ്ങൾ അറിയും.” വൈകുന്നേരം കാടപ്പക്ഷികൾ വന്നു പാളയം മൂടി. പ്രഭാതമായപ്പോൾ പാളയത്തിനു ചുറ്റും മഞ്ഞു വീണു കിടന്നു; മഞ്ഞു മാറിയപ്പോൾ അവലുപോലെ നേരിയ ശകലങ്ങൾ ഉറഞ്ഞ മഞ്ഞുപോലെ മൂടിയിരിക്കുന്നത് അവർ കണ്ടു. അതുകണ്ട് ‘ഇതെന്ത്’ എന്ന് അവർ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവർക്ക് മനസ്സിലായില്ല. അപ്പോൾ മോശ പറഞ്ഞു: ‘ഇതാണ് സർവേശ്വരൻ നിങ്ങൾക്കു തന്നിരിക്കുന്ന ഭക്ഷണം.’ അവിടുത്തെ കല്പന ഇതാകുന്നു: നിങ്ങളിൽ ഓരോരുവനും ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊള്ളുക; ഓരോ കൂടാരത്തിലും ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഇടങ്ങഴി വീതം ശേഖരിക്കാം.” ഇസ്രായേൽജനം അപ്രകാരം ചെയ്തു; അവരവർക്കു വേണ്ടുവോളം ഓരോരുത്തരും ശേഖരിച്ചു. ചിലർ കൂടുതലും ചിലർ കുറച്ചും പെറുക്കി. എന്നാൽ അളന്നുനോക്കിയപ്പോൾ കൂടുതൽ പെറുക്കിയവർക്കു കൂടുതലോ കുറച്ചു പെറുക്കിയവർക്കു കുറവോ കണ്ടില്ല; മോശ അവരോടു പറഞ്ഞു: “ആരും അതിൽ നിന്നു പിറ്റേദിവസത്തേക്ക് നീക്കിവയ്‍ക്കരുത്. എന്നാൽ ചിലർ അതു കൂട്ടാക്കാതെ അടുത്ത ദിവസത്തേക്കു കുറെ ശേഷിപ്പിച്ചു; അതെല്ലാം പുഴുത്തു നാറി; മോശ അവരെ ശകാരിച്ചു. അവർക്കു ഭക്ഷിക്കാവുന്നിടത്തോളം പ്രഭാതംതോറും അവർ ശേഖരിച്ചുവന്നു; വെയിലുറയ്‍ക്കുമ്പോൾ അത് ഉരുകിപ്പോകുമായിരുന്നു. ആറാം ദിവസം പതിവിൽ ഇരട്ടി, രണ്ടിടങ്ങഴി വീതം അവർ ശേഖരിച്ചു. ജനപ്രമാണികൾ വന്ന് വിവരം അറിയിച്ചപ്പോൾ മോശ അവരോടു പറഞ്ഞു: “സർവേശ്വരന്റെ കല്പന ഇതാണ്: നാളെ വിശ്രമദിനമാണ്. അവിടുത്തെ വിശുദ്ധമായ ശബത്തുദിനം പ്രമാണിച്ച്. ഇന്നുതന്നെ ചുടാനുള്ളതു ചുടുകയും പുഴുങ്ങാനുള്ളതു പുഴുങ്ങുകയും ചെയ്യുക. അധികമുള്ള ഭക്ഷണം പിറ്റേദിവസത്തേക്കു സൂക്ഷിക്കുക.” മോശ കല്പിച്ചതുപോലെ പിറ്റേദിവസത്തേക്ക് അവർ കരുതിവച്ച ഭക്ഷണം കേടായില്ല; അവയിൽ കൃമി ഉണ്ടായതുമില്ല. മോശ പറഞ്ഞു: “അത് ഇന്നു ഭക്ഷിക്കാം; ഇന്നു സർവേശ്വരന്റെ ശബത്താകുന്നു. പാളയത്തിനു പുറത്ത് ആ വസ്തു ഇന്നു കാണുകയില്ല. ആറു ദിവസം നിങ്ങൾ അതു ശേഖരിക്കണം; ഏഴാം ദിവസം ശബത്താകയാൽ അതു കാണുകയില്ല. ശബത്തിൽ ചിലർ അതു ശേഖരിക്കാൻ പോയെങ്കിലും അത് കണ്ടില്ല. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എന്റെ ആജ്ഞയും പ്രമാണങ്ങളും നിങ്ങൾ എത്രനാൾ ധിക്കരിക്കും? ശബത്തുദിനം നിങ്ങൾക്കു തന്നതു സർവേശ്വരനാണെന്ന് ഓർക്കുക; അതുകൊണ്ടാണ് ആറാം ദിവസം രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അവിടുന്ന് തരുന്നത്; ഏഴാം ദിവസം ആരും തന്റെ ഭവനത്തിൽനിന്നോ സ്ഥലത്തുനിന്നോ പുറത്തുപോകരുത്. അതനുസരിച്ച് ഏഴാം ദിവസം ജനങ്ങൾ വിശ്രമിച്ചു. ഇസ്രായേൽജനങ്ങൾ ആ ഭക്ഷണപദാർഥത്തിനു ‘മന്ന’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ ആകൃതിയുള്ളതും വെളുത്തതും തേൻചേർത്ത അടപോലെ രുചികരവും ആയിരുന്നു. മോശ പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നപ്പോൾ മരുഭൂമിയിൽവച്ചു ഞാൻ നിങ്ങൾക്കു ഭക്ഷിക്കാൻ നല്‌കിയത് ഇതായിരുന്നു എന്നു ഭാവിതലമുറ മനസ്സിലാക്കുന്നതിന് ഇടങ്ങഴി മന്ന സൂക്ഷിച്ചുവയ്‍ക്കണമെന്നു സർവേശ്വരൻ കല്പിക്കുന്നു.” മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണിയിൽ ഇടങ്ങഴി മന്ന നിറച്ച് നിങ്ങളുടെ ഭാവിതലമുറയ്‍ക്ക് കാണാൻ സർവേശ്വരന്റെ സന്നിധിയിൽ വയ്‍ക്കുക.” സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യപേടകത്തിന്റെ മുമ്പിൽ സൂക്ഷിച്ചുവച്ചു. ആവാസയോഗ്യമായ കനാൻദേശത്ത് എത്തുന്നതുവരെ നാല്പതു വർഷം ജനങ്ങൾ മന്ന ഭക്ഷിച്ചു.
പുറപ്പാട് 16:4-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിൻ്റെ ഇരട്ടി കാണും” എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽ മക്കളോട്: “നിങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്നു ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും. പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സ് കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടുന്ന് കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്?” എന്നു പറഞ്ഞു. മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ” എന്നു പറഞ്ഞു. അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; യഹോവ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും പറയുക” എന്നു പറഞ്ഞു. അഹരോൻ യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു. യഹോവ മോശെയോട്: “യിസ്രായേൽ മക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു. നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറയുക” എന്നു കല്പിച്ചു. വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്‍റെ ചുറ്റും മഞ്ഞ് വീണുകിടന്നു. വീണുകിടന്ന മഞ്ഞ് മാറിയശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽപോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു. യിസ്രായേൽ മക്കൾ അത് കണ്ടപ്പോൾ എന്താണ് എന്നു അറിയാഞ്ഞതുകൊണ്ട് “ഇതെന്ത്” എന്നു തമ്മിൽതമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിക്കുവാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിക്കൊള്ളേണം; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു. “പിറ്റേ ദിവസത്തേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുത്” എന്നു മോശെ പറഞ്ഞു. എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റേ ദിവസത്തേക്ക് കുറെ ശേഷിപ്പിച്ചു; അത് കൃമിച്ച് നാറി; മോശെ അവരോട് കോപിച്ചു. അവർ രാവിലെതോറും അവനവന് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കും; വെയിൽ ഉറയ്ക്കുമ്പോൾ അത് ഉരുകിപ്പോകും. എന്നാൽ ആറാം ദിവസം അവർ ഒരാൾക്ക് രണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്ന് മോശെയോട് അറിയിച്ചു. അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ.” മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ചു വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല. അപ്പോൾ മോശെ പറഞ്ഞത്: “ഇത് ഇന്ന് ഭക്ഷിക്കുവിൻ; ഇന്ന് യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അത് പാളയത്തിന് പുറത്ത് കാണുകയില്ല. ആറു ദിവസം നിങ്ങൾ അത് പെറുക്കണം; ശബ്ബത്തായ ഏഴാം ദിവസത്തിൽ അത് ഉണ്ടാവുകയില്ല.” എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയപ്പോൾ കണ്ടില്ല. അപ്പോൾ യഹോവ മോശെയോട്: “എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിക്കുവാൻ നിങ്ങൾക്ക് എത്ര നാൾ മനസ്സില്ലാതെയിരിക്കും? നോക്കുവിൻ, യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ അവരവരുടെ സ്ഥലത്ത് ഇരിക്കുവിൻ; ഏഴാം ദിവസം ആരും തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെടരുത്” എന്നു കല്പിച്ചു. അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു. യിസ്രായേല്യർ ആ സാധനത്തിന് ‘മന്നാ’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ അരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയുടെ രുചിയുള്ളതും ആയിരുന്നു. പിന്നെ മോശെ: “യഹോവ ഇപ്രകാരം കല്പിക്കുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് മരുഭൂമിയിൽ ഭക്ഷിക്കുവാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന് സൂക്ഷിച്ചുവയ്ക്കുവാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കണം” എന്നു പറഞ്ഞു. അഹരോനോട് മോശെ: “ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിക്കുവാൻ യഹോവയുടെ മുമ്പാകെ വച്ചുകൊള്ളുക” എന്നു പറഞ്ഞു. യഹോവ മോശെയോട് കല്പിച്ചതുപോലെ അഹരോൻ അത് സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു. താമസയോഗ്യമായ ദേശത്ത് എത്തുന്നതുവരെ യിസ്രായേൽ മക്കൾ നാല്പത് വര്‍ഷം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്നാ ഭക്ഷിച്ചു.
പുറപ്പാട് 16:4-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നതു ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽമക്കളോടു ഒക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങൾ അറിയും. പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളു എന്നു പറഞ്ഞു. മോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നതു അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു. അഹരോനോടു: മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും പറക എന്നു പറഞ്ഞു. അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സു മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു. യഹോവ മോശെയോടു: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു. നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു. വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു. വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു. യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി. ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു. പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു. എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു. അവർ രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അതു ഉരുകിപ്പോകും. എന്നാൽ ആറാം ദിവസം അവർ ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മോശെയോടു അറിയിച്ചു. അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്വാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ. മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല. അപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല. ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല. എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല. അപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും? നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു. അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു. യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു. പിന്നെ മോശെ: യഹോവ കല്പിക്കുന്ന കാര്യം ആവിതു: ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾക്കു മരുഭൂമിയിൽ ഭക്ഷിപ്പാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന്നു സൂക്ഷിച്ചുവെപ്പാൻ അതിൽനിന്നു ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു. അഹരോനോടു മോശെ: ഒരു പാത്രം എടുത്തു അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വെച്ചുകൊൾക എന്നു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവെച്ചു. കുടിപാർപ്പുള്ള ദേശത്തു എത്തുവോളം യിസ്രായേൽമക്കൾ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുവോളം അവർ മന്നാ ഭക്ഷിച്ചു.
പുറപ്പാട് 16:4-35 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്കുവേണ്ടി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനം ഓരോ ദിവസവും പുറത്തേക്കുചെന്ന് അന്നത്തേക്കുള്ളതു ശേഖരിച്ചുകൊള്ളണം. അവർ എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിക്കേണ്ടതിനുതന്നെ. ആറാംദിവസം അവർ അകത്തുകൊണ്ടുവരുന്നതു പാകംചെയ്യണം; അതു മറ്റു ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ആയിരിക്കും.” അതനുസരിച്ച് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു, “നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടു വന്നതു യഹോവതന്നെ എന്നു സന്ധ്യക്കു നിങ്ങൾ മനസ്സിലാക്കും; രാവിലെ നിങ്ങൾ യഹോവയുടെ മഹത്ത്വം കാണും. കാരണം, തനിക്കു വിരോധമായുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കെതിരേ പിറുപിറുക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്?” മോശ പിന്നെയും പറഞ്ഞു: “നിങ്ങൾക്കു സന്ധ്യക്കു ഭക്ഷിക്കാൻ ഇറച്ചിയും രാവിലെ മതിയാകുംവരെ അപ്പവും യഹോവ തരും. അവിടന്നാണ് അങ്ങനെ ചെയ്യുന്നതെന്ന് അപ്പോൾ നിങ്ങൾ അറിയും; തനിക്കെതിരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. ഞങ്ങൾ എന്തുള്ളൂ? നിങ്ങൾ പിറുപിറുത്തുകൊണ്ടിരിക്കുന്നതു ഞങ്ങളുടെനേരേ അല്ല, യഹോവയുടെ നേരേയാണ്.” പിന്നെ മോശ അഹരോനോടു പറഞ്ഞു, “ ‘യഹോവയുടെ സന്നിധിയിലേക്കു വരിക, അവിടന്നു നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു’ എന്ന് സകല ഇസ്രായേല്യസമൂഹത്തോടും പറയുക.” അഹരോൻ മുഴുവൻ ഇസ്രായേല്യസമൂഹത്തോടും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ മരുഭൂമിയിലേക്കു നോക്കി, അവിടെ യഹോവയുടെ തേജസ്സ് മേഘത്തിൽ പ്രത്യക്ഷപ്പെട്ടു. യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’ ” അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു. മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു. അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു. ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.” തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു. അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു. മോശ അവരോട്, “ആരും അതിൽനിന്ന് രാവിലെവരെ മിച്ചം വെച്ചേക്കരുത്” എന്നു പറഞ്ഞു. എങ്കിലും അവരിൽ ചിലർ മോശ പറഞ്ഞതു കൂട്ടാക്കിയില്ല; അതിൽ ഒരു അംശം രാവിലെവരെ സൂക്ഷിച്ചുവെച്ചു. എന്നാൽ അതു പുഴുവരിച്ചു നാറി. മോശ അവരോടു കോപിച്ചു. ഓരോ ദിവസവും ഓരോരുത്തരും തനിക്ക് ആവശ്യമുള്ളേടത്തോളം ശേഖരിക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും. ആറാംദിവസം അവർ ഇരട്ടി ശേഖരിച്ചു—അതായത്, ഒരാൾക്ക് രണ്ട് ഓമെർ. സമൂഹത്തിലെ നേതാക്കന്മാർ വന്ന് ഇക്കാര്യം മോശയോട് അറിയിച്ചു. അദ്ദേഹം അവരോടു പറഞ്ഞു, “യഹോവ കൽപ്പിച്ചിരിക്കുന്നത് ഇതാണ്: ‘നാളെ വിശ്രമത്തിനുള്ള ദിവസവും യഹോവയ്ക്കു വിശുദ്ധ ശബ്ബത്തുദിനവും ആയിരിക്കണം. ആകയാൽ, നിങ്ങൾ ചുടാൻ ആഗ്രഹിക്കുന്നതു ചുടുകയും പുഴുങ്ങാൻ ആഗ്രഹിക്കുന്നതു പുഴുങ്ങുകയും വേണം. ശേഷിക്കുന്നത് രാവിലെവരെ സൂക്ഷിച്ചുവെച്ചേക്കണം.’ ” അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ അതു രാവിലെവരെ സൂക്ഷിച്ചു. അതിൽനിന്ന് ദുർഗന്ധം വമിച്ചതുമില്ല; പുഴുത്തതുമില്ല. മോശ പറഞ്ഞു, “ഈ ദിവസം യഹോവയ്ക്കു ശബ്ബത്താകുകയാൽ അത് ഇന്നു തിന്നുകൊള്ളണം. ഇന്നു നിങ്ങൾ നിലത്ത് അതു കാണുകയില്ല. ആറുദിവസം നിങ്ങൾക്ക് അതു ശേഖരിക്കാം, എന്നാൽ ശബ്ബത്തായ ഏഴാംദിവസം അത് ഉണ്ടായിരിക്കുകയില്ല.” എന്നിരുന്നാലും, ചില ആളുകൾ ഏഴാംദിവസം അതു ശേഖരിക്കാൻ പുറത്തേക്കുപോയി. എന്നാൽ അവർ ഒന്നും കണ്ടെത്തിയില്ല. അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു, “എത്രകാലം നിങ്ങൾ എന്റെ കൽപ്പനകളും നിർദേശങ്ങളും അനുസരിക്കാതിരിക്കും? യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നെന്ന് ഓർക്കുക; അതുകൊണ്ടാണ് അവിടന്ന് ആറാംദിവസം നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള അപ്പം തരുന്നത്. ഏഴാംദിവസം ഓരോരുത്തരും അവരവരുടെ സ്ഥലത്തുതന്നെ ഉണ്ടായിരിക്കണം. ആരും പുറത്തേക്കു പോകരുത്.” അങ്ങനെ, ജനം ഏഴാംദിവസം വിശ്രമിച്ചു. ഇസ്രായേൽമക്കൾ അതിനു മന്ന എന്നു പേരിട്ടു. അതു വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും തേൻചേർത്തുണ്ടാക്കിയ കനംകുറഞ്ഞ ദോശയുടെ രുചിയുള്ളതും ആയിരുന്നു. മോശ പറഞ്ഞു, “യഹോവ ഇങ്ങനെ കൽപ്പിച്ചിരിക്കുന്നു: ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നപ്പോൾ, ‘മരുഭൂമിയിൽ നിങ്ങൾക്കു ഭക്ഷിക്കാൻ നൽകിയ അപ്പം വരുംതലമുറകൾക്കു കാണാൻ കഴിയേണ്ടതിന്, അവർക്കായി അതിൽ ഒരു ഓമെർ എടുത്തു സൂക്ഷിച്ചുവെക്കുക.’ ” മോശ അഹരോനോട്, “ഒരു പാത്രമെടുത്ത് അതിൽ ഒരു ഓമെർ മന്ന ഇടണം. പിന്നെ അത്, വരാനുള്ള തലമുറകൾക്കായി യഹോവയുടെമുമ്പാകെ സൂക്ഷിച്ചുവെക്കണം” എന്നു പറഞ്ഞു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ അഹരോൻ ഉടമ്പടിയുടെ പലകയുടെമുമ്പാകെ മന്നാ സൂക്ഷിച്ചുവെച്ചു. ഇസ്രായേല്യർ, ജനവാസമുള്ള ദേശത്ത് എത്തുന്നതുവരെ, നാൽപ്പതുവർഷം മന്ന ഭക്ഷിച്ചു; കനാന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്ന ഭക്ഷിക്കുകയുണ്ടായി.