പുറപ്പാട് 16:23-30
പുറപ്പാട് 16:23-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരോട്: അതു യഹോവ കല്പിച്ചതുതന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്വാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവയ്പിൻ. മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റന്നാളേക്കു സൂക്ഷിച്ചുവച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല. അപ്പോൾ മോശെ പറഞ്ഞത്: ഇത് ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അതു വെളിയിൽ കാണുകയില്ല. ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അത് ഉണ്ടാകയില്ല. എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല. അപ്പോൾ യഹോവ മോശെയോട്: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്ക് എത്രത്തോളം മനസ്സില്ലാതിരിക്കും? നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്ത് ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുത് എന്നു കല്പിച്ചു. അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
പുറപ്പാട് 16:23-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനപ്രമാണികൾ വന്ന് വിവരം അറിയിച്ചപ്പോൾ മോശ അവരോടു പറഞ്ഞു: “സർവേശ്വരന്റെ കല്പന ഇതാണ്: നാളെ വിശ്രമദിനമാണ്. അവിടുത്തെ വിശുദ്ധമായ ശബത്തുദിനം പ്രമാണിച്ച്. ഇന്നുതന്നെ ചുടാനുള്ളതു ചുടുകയും പുഴുങ്ങാനുള്ളതു പുഴുങ്ങുകയും ചെയ്യുക. അധികമുള്ള ഭക്ഷണം പിറ്റേദിവസത്തേക്കു സൂക്ഷിക്കുക.” മോശ കല്പിച്ചതുപോലെ പിറ്റേദിവസത്തേക്ക് അവർ കരുതിവച്ച ഭക്ഷണം കേടായില്ല; അവയിൽ കൃമി ഉണ്ടായതുമില്ല. മോശ പറഞ്ഞു: “അത് ഇന്നു ഭക്ഷിക്കാം; ഇന്നു സർവേശ്വരന്റെ ശബത്താകുന്നു. പാളയത്തിനു പുറത്ത് ആ വസ്തു ഇന്നു കാണുകയില്ല. ആറു ദിവസം നിങ്ങൾ അതു ശേഖരിക്കണം; ഏഴാം ദിവസം ശബത്താകയാൽ അതു കാണുകയില്ല. ശബത്തിൽ ചിലർ അതു ശേഖരിക്കാൻ പോയെങ്കിലും അത് കണ്ടില്ല. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എന്റെ ആജ്ഞയും പ്രമാണങ്ങളും നിങ്ങൾ എത്രനാൾ ധിക്കരിക്കും? ശബത്തുദിനം നിങ്ങൾക്കു തന്നതു സർവേശ്വരനാണെന്ന് ഓർക്കുക; അതുകൊണ്ടാണ് ആറാം ദിവസം രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അവിടുന്ന് തരുന്നത്; ഏഴാം ദിവസം ആരും തന്റെ ഭവനത്തിൽനിന്നോ സ്ഥലത്തുനിന്നോ പുറത്തുപോകരുത്. അതനുസരിച്ച് ഏഴാം ദിവസം ജനങ്ങൾ വിശ്രമിച്ചു.
പുറപ്പാട് 16:23-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ.” മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ചു വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല. അപ്പോൾ മോശെ പറഞ്ഞത്: “ഇത് ഇന്ന് ഭക്ഷിക്കുവിൻ; ഇന്ന് യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അത് പാളയത്തിന് പുറത്ത് കാണുകയില്ല. ആറു ദിവസം നിങ്ങൾ അത് പെറുക്കണം; ശബ്ബത്തായ ഏഴാം ദിവസത്തിൽ അത് ഉണ്ടാവുകയില്ല.” എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയപ്പോൾ കണ്ടില്ല. അപ്പോൾ യഹോവ മോശെയോട്: “എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിക്കുവാൻ നിങ്ങൾക്ക് എത്ര നാൾ മനസ്സില്ലാതെയിരിക്കും? നോക്കുവിൻ, യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ അവരവരുടെ സ്ഥലത്ത് ഇരിക്കുവിൻ; ഏഴാം ദിവസം ആരും തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെടരുത്” എന്നു കല്പിച്ചു. അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
പുറപ്പാട് 16:23-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്വാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ. മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല. അപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല. ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല. എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല. അപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും? നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു. അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
പുറപ്പാട് 16:23-30 സമകാലിക മലയാളവിവർത്തനം (MCV)
അദ്ദേഹം അവരോടു പറഞ്ഞു, “യഹോവ കൽപ്പിച്ചിരിക്കുന്നത് ഇതാണ്: ‘നാളെ വിശ്രമത്തിനുള്ള ദിവസവും യഹോവയ്ക്കു വിശുദ്ധ ശബ്ബത്തുദിനവും ആയിരിക്കണം. ആകയാൽ, നിങ്ങൾ ചുടാൻ ആഗ്രഹിക്കുന്നതു ചുടുകയും പുഴുങ്ങാൻ ആഗ്രഹിക്കുന്നതു പുഴുങ്ങുകയും വേണം. ശേഷിക്കുന്നത് രാവിലെവരെ സൂക്ഷിച്ചുവെച്ചേക്കണം.’ ” അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ അതു രാവിലെവരെ സൂക്ഷിച്ചു. അതിൽനിന്ന് ദുർഗന്ധം വമിച്ചതുമില്ല; പുഴുത്തതുമില്ല. മോശ പറഞ്ഞു, “ഈ ദിവസം യഹോവയ്ക്കു ശബ്ബത്താകുകയാൽ അത് ഇന്നു തിന്നുകൊള്ളണം. ഇന്നു നിങ്ങൾ നിലത്ത് അതു കാണുകയില്ല. ആറുദിവസം നിങ്ങൾക്ക് അതു ശേഖരിക്കാം, എന്നാൽ ശബ്ബത്തായ ഏഴാംദിവസം അത് ഉണ്ടായിരിക്കുകയില്ല.” എന്നിരുന്നാലും, ചില ആളുകൾ ഏഴാംദിവസം അതു ശേഖരിക്കാൻ പുറത്തേക്കുപോയി. എന്നാൽ അവർ ഒന്നും കണ്ടെത്തിയില്ല. അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു, “എത്രകാലം നിങ്ങൾ എന്റെ കൽപ്പനകളും നിർദേശങ്ങളും അനുസരിക്കാതിരിക്കും? യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നെന്ന് ഓർക്കുക; അതുകൊണ്ടാണ് അവിടന്ന് ആറാംദിവസം നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള അപ്പം തരുന്നത്. ഏഴാംദിവസം ഓരോരുത്തരും അവരവരുടെ സ്ഥലത്തുതന്നെ ഉണ്ടായിരിക്കണം. ആരും പുറത്തേക്കു പോകരുത്.” അങ്ങനെ, ജനം ഏഴാംദിവസം വിശ്രമിച്ചു.