പുറപ്പാട് 16:14-18
പുറപ്പാട് 16:14-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മഞ്ഞു മാറിയപ്പോൾ അവലുപോലെ നേരിയ ശകലങ്ങൾ ഉറഞ്ഞ മഞ്ഞുപോലെ മൂടിയിരിക്കുന്നത് അവർ കണ്ടു. അതുകണ്ട് ‘ഇതെന്ത്’ എന്ന് അവർ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവർക്ക് മനസ്സിലായില്ല. അപ്പോൾ മോശ പറഞ്ഞു: ‘ഇതാണ് സർവേശ്വരൻ നിങ്ങൾക്കു തന്നിരിക്കുന്ന ഭക്ഷണം.’ അവിടുത്തെ കല്പന ഇതാകുന്നു: നിങ്ങളിൽ ഓരോരുവനും ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊള്ളുക; ഓരോ കൂടാരത്തിലും ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഇടങ്ങഴി വീതം ശേഖരിക്കാം.” ഇസ്രായേൽജനം അപ്രകാരം ചെയ്തു; അവരവർക്കു വേണ്ടുവോളം ഓരോരുത്തരും ശേഖരിച്ചു. ചിലർ കൂടുതലും ചിലർ കുറച്ചും പെറുക്കി. എന്നാൽ അളന്നുനോക്കിയപ്പോൾ കൂടുതൽ പെറുക്കിയവർക്കു കൂടുതലോ കുറച്ചു പെറുക്കിയവർക്കു കുറവോ കണ്ടില്ല
പുറപ്പാട് 16:14-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വീണുകിടന്ന മഞ്ഞു മാറിയശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു. യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്ന് അറിയായ്കയാൽ ഇതെന്ത് എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനൊത്തവണ്ണം ആളൊന്നിന് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിയിരുന്നു.
പുറപ്പാട് 16:14-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വീണുകിടന്ന മഞ്ഞ് മാറിയശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽപോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു. യിസ്രായേൽ മക്കൾ അത് കണ്ടപ്പോൾ എന്താണ് എന്നു അറിയാഞ്ഞതുകൊണ്ട് “ഇതെന്ത്” എന്നു തമ്മിൽതമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിക്കുവാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിക്കൊള്ളേണം; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.
പുറപ്പാട് 16:14-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു. യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി. ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.
പുറപ്പാട് 16:14-18 സമകാലിക മലയാളവിവർത്തനം (MCV)
മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു. അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു. ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.” തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു. അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.