പുറപ്പാട് 16:1-6

പുറപ്പാട് 16:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ ഏലീമിൽനിന്നു യാത്ര പുറപ്പെട്ടു; യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘമൊക്കെയും ഏലീമിനും സീനായിക്കും മധ്യേയുള്ള സീൻമരുഭൂമിയിൽ വന്നു. ആ മരുഭൂമിയിൽവച്ചു യിസ്രായേൽമക്കളുടെ സംഘമൊക്കെയും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു. യിസ്രായേൽമക്കൾ അവരോട്: ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണംകഴിക്കയും ചെയ്ത മിസ്രയീംദേശത്തുവച്ച് യഹോവയുടെ കൈയാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോട്: ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്കു വേണ്ടത് അന്നന്നു പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്ന് അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽമക്കളോടൊക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവതന്നെ എന്ന് ഇന്നു വൈകുന്നേരം നിങ്ങൾ അറിയും.

പുറപ്പാട് 16:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം ഏലീമിൽനിന്നു യാത്ര തുടർന്നു. ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസം അവർ ഏലീമിനും സീനായിക്കും ഇടയ്‍ക്കുള്ള സീൻ മരുഭൂമിയിൽ എത്തി. മരുഭൂമിയിൽവച്ച് ഇസ്രായേൽജനം മോശയ്‍ക്കും അഹരോനുമെതിരെ പിറുപിറുത്തു. അവർ പറഞ്ഞു: “ഈജിപ്തിൽവച്ചുതന്നെ സർവേശ്വരൻ ഞങ്ങളെ കൊന്നിരുന്നെങ്കിൽ നന്നായിരുന്നു. അവിടെ ഞങ്ങൾ അപ്പവും ഇറച്ചിയും വേണ്ടുവോളം ഭക്ഷിച്ചിരുന്നു; പട്ടിണികൊണ്ടു മരിക്കാൻ ജനത്തെ മുഴുവനും നിങ്ങൾ ഈ മരുഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നു.” അപ്പോൾ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആകാശത്തുനിന്നു ഞാൻ നിങ്ങൾക്കു ഭക്ഷണം വർഷിക്കും; ജനം പുറത്തിറങ്ങി അതതു ദിവസത്തേക്കു വേണ്ടതു ശേഖരിക്കട്ടെ. അവർ എന്റെ കല്പന അനുസരിക്കുമോ എന്ന് ഇങ്ങനെ ഞാൻ പരീക്ഷിച്ചുനോക്കും. ആറാം ദിവസം ശേഖരിച്ചതു പാകം ചെയ്യുമ്പോൾ ദിവസംതോറും ശേഖരിച്ചതിന്റെ ഇരട്ടി ഉണ്ടായിരിക്കും.” മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതു സർവേശ്വരൻ തന്നെയെന്നു നിങ്ങൾ ഇന്നു വൈകിട്ടു മനസ്സിലാക്കും.

പുറപ്പാട് 16:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ ഏലീമിൽനിന് യാത്ര പുറപ്പെട്ടു; യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘം പൂർണ്ണമായി ഏലീമിനും സീനായിക്കും മദ്ധ്യേ ഉള്ള സീൻ മരുഭൂമിയിൽ വന്നു. ആ മരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളുടെ സമൂഹം മോശെയ്ക്കും അഹരോനും വിരോധമായി പിറുപിറുത്തു. യിസ്രായേൽ മക്കൾ അവരോട്: “ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കൽ ഇരിക്കുകയും തൃപ്തിയാകുംവരെ ഭക്ഷണം കഴിക്കുകയും ചെയ്ത മിസ്രയീമിൽ വച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ട് കൊല്ലുവാൻ ഈ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്‍റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിൻ്റെ ഇരട്ടി കാണും” എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽ മക്കളോട്: “നിങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്നു ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും.

പുറപ്പാട് 16:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ ഏലീമിൽനിന്നു യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തിയ്യതി അവരുടെ സംഘം ഒക്കെയും ഏലീമിന്നും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു. ആ മരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളുടെ സംഘം ഒക്കെയും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു. യിസ്രായേൽമക്കൾ അവരോടു: ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നതു ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽമക്കളോടു ഒക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങൾ അറിയും.

പുറപ്പാട് 16:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാംമാസം പതിനഞ്ചാംദിവസം ഇസ്രായേല്യസമൂഹം ഒന്നാകെ ഏലീമിൽനിന്ന് പുറപ്പെട്ട്, ഏലീമിനും സീനായിക്കും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സീൻമരുഭൂമിയിൽ എത്തി. മരുഭൂമിയിൽവെച്ചു ജനസമൂഹം മോശയ്ക്കും അഹരോനും എതിരേ പിറുപിറുത്തു. ഇസ്രായേൽമക്കൾ അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ച് യഹോവയുടെ കൈയാൽ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അവിടെ ഞങ്ങൾ മാംസക്കലങ്ങൾക്കുചുറ്റും ഇരുന്ന് മതിയാകുംവരെ ഭക്ഷണം കഴിച്ചുവന്നു. എന്നാൽ നിങ്ങൾ, ഈ ജനസമൂഹത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുന്നതിന്, ഈ മരുഭൂമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.” അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്കുവേണ്ടി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനം ഓരോ ദിവസവും പുറത്തേക്കുചെന്ന് അന്നത്തേക്കുള്ളതു ശേഖരിച്ചുകൊള്ളണം. അവർ എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിക്കേണ്ടതിനുതന്നെ. ആറാംദിവസം അവർ അകത്തുകൊണ്ടുവരുന്നതു പാകംചെയ്യണം; അതു മറ്റു ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ആയിരിക്കും.” അതനുസരിച്ച് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു, “നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടു വന്നതു യഹോവതന്നെ എന്നു സന്ധ്യക്കു നിങ്ങൾ മനസ്സിലാക്കും