പുറപ്പാട് 1:15-21
പുറപ്പാട് 1:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ മിസ്രയീംരാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമിണികളോട്: എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമത്തിനു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. സൂതികർമിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോൾ മിസ്രയീംരാജാവ് സൂതികർമിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. സൂതികർമിണികൾ ഫറവോനോട്: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമിണികൾ അവരുടെ അടുക്കൽ എത്തും മുമ്പേ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു. അതുകൊണ്ടു ദൈവം സൂതികർമിണികൾക്കു നന്മ ചെയ്തു; ജനം വർധിച്ച് ഏറ്റവും ബലപ്പെട്ടു. സൂതികർമിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ട് അവൻ അവർക്കു കുടുംബ വർധന നല്കി.
പുറപ്പാട് 1:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തിലെ രാജാവ് ശിപ്രാ, പൂവാ എന്നീ രണ്ട് എബ്രായസൂതികർമിണികളോടു കല്പിച്ചു: “നിങ്ങൾ പ്രസവശുശ്രൂഷ ചെയ്യുന്ന എബ്രായസ്‍ത്രീകൾക്കു ജനിക്കുന്ന ശിശുക്കൾ ആൺകുട്ടികളെങ്കിൽ അവരെ കൊന്നുകളയുക; പെൺകുട്ടികളെങ്കിൽ ജീവിച്ചുകൊള്ളട്ടെ. “എന്നാൽ ആ സൂതികർമിണികൾ ദൈവഭയം ഉള്ളവർ ആയിരുന്നതിനാൽ രാജകല്പന പാലിക്കാതെ ആ കുട്ടികളെ ജീവിക്കാൻ അനുവദിച്ചു. രാജാവ് സൂതികർമിണികളെ വരുത്തി ചോദ്യം ചെയ്തു. “നിങ്ങൾ എന്താണീ ചെയ്യുന്നത്? ആ കുട്ടികളെ ജീവിക്കാൻ അനുവദിക്കുന്നോ?” സൂതികർമിണികൾ ഫറവോയോടു പറഞ്ഞു: “എബ്രായസ്‍ത്രീകൾ ഈജിപ്തുകാരികളെപ്പോലെയല്ല; ഓജസ്സുള്ള അവർ സൂതികർമിണികൾ എത്തുംമുമ്പേ പ്രസവിച്ചുകഴിയും.” ദൈവം സൂതികർമിണികളോടു നന്മ ചെയ്തു; അവർ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവർക്ക് സന്താനസമൃദ്ധി നല്‌കി അനുഗ്രഹിച്ചു. ഇസ്രായേല്യർ വർധിച്ചു പ്രബലരായി.
പുറപ്പാട് 1:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ മിസ്രയീമിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ സൂതികർമ്മിണികളോട്: “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു. എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവ് തങ്ങളോട് കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോൾ മിസ്രയീമിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ മിസ്രയീമിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു. അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു. സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ടു അവൻ അവർക്ക് കുടുംബവർദ്ധന നല്കി.
പുറപ്പാട് 1:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു: എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോൾ മിസ്രയീം രാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു. അതുകൊണ്ടു ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ചു ഏറ്റവും ബലപ്പെട്ടു. സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവർക്കു കുടുംബവർദ്ധന നല്കി.
പുറപ്പാട് 1:15-21 സമകാലിക മലയാളവിവർത്തനം (MCV)
ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ ശിപ്രാ, പൂവാ എന്നിവരോട്, “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു. ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു. ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു. സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു. സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി.