എസ്ഥേർ 4:7-14

എസ്ഥേർ 4:7-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മൊർദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദ്രവ്യസംഖ്യയും അവനോട് അറിയിച്ചു. അവരെ നശിപ്പിക്കേണ്ടതിനു ശൂശനിൽ പരസ്യമാക്കിയിരുന്ന തീർപ്പിന്റെ പകർപ്പ് അവൻ അവന്റെ കൈയിൽ കൊടുത്ത് ഇത് എസ്ഥേറിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന് അവളോട് ആജ്ഞാപിപ്പാനും പറഞ്ഞു. അങ്ങനെ ഹഥാക്ക് ചെന്ന് മൊർദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു. എസ്ഥേർ മൊർദ്ദെഖായിയോട് ചെന്നു പറവാൻ ഹഥാക്കിനു കല്പനകൊടുത്തത് എന്തെന്നാൽ: യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവ് പൊൻചെങ്കോൽ ആ ആളുടെ നേരേ നീട്ടാഞ്ഞാൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉള്ള പ്രകാരം രാജാവിന്റെ സകല ഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനകത്ത് രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല. അവർ എസ്ഥേറിന്റെ വാക്ക് മൊർദ്ദെഖായിയോട് അറിയിച്ചു. മൊർദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാൻ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആർക്ക് അറിയാം?

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക

എസ്ഥേർ 4:7-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത പണം എത്രയെന്നതും മൊർദ്ദെഖായി അയാളോടു പറഞ്ഞു. അവരെ നശിപ്പിക്കുന്നതിനു ശൂശനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിളംബരത്തിന്റെ പകർപ്പ് മൊർദ്ദെഖായി അയാളെ ഏല്പിച്ച്, അതു എസ്ഥേറിനെ കാണിച്ചു വിശദീകരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷിക്കാൻ എസ്ഥേറിനെ പ്രേരിപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഹഥാക്ക് തിരിച്ചു ചെന്ന് മൊർദ്ദെഖായി പറഞ്ഞ കാര്യങ്ങൾ എസ്ഥേറിനെ അറിയിച്ചു. മൊർദ്ദെഖായിക്ക് എസ്ഥേർ ഈ സന്ദേശം ഹഥാക്ക് വശം നല്‌കി. വിളിക്കപ്പെടാതെ ഒരു പുരുഷനോ സ്‍ത്രീയോ രാജാവിന്റെ അടുക്കൽ അകത്തളത്തിൽ ചെന്നാൽ അവർ ആരായാലും കൊല്ലപ്പെടും. എന്നാൽ രാജാവു സ്വർണച്ചെങ്കോൽ അവരുടെനേരെ നീട്ടിയാൽ അവർ ജീവനോടിരിക്കും. ഈ നിയമം രാജാവിന്റെ സകല ഭൃത്യന്മാർക്കും സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും അറിവുള്ളതാണ്. രാജാവ് എന്നെ വിളിച്ചിട്ടു മുപ്പതു ദിവസമായി. ഈ സന്ദേശം ഹഥാക്ക്, മൊർദ്ദെഖായിയെ അറിയിച്ചു. അപ്പോൾ മൊർദ്ദെഖായി എസ്ഥേറിനെ ഇപ്രകാരം അറിയിച്ചു: “രാജകൊട്ടാരത്തിലായതുകൊണ്ടു മറ്റെല്ലാ യെഹൂദന്മാരെക്കാളും സുരക്ഷിതയാണെന്ന് നീ വിചാരിക്കരുത്. ഈ സമയത്തു നീ മിണ്ടാതിരുന്നാൽ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദർക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദർഭത്തിൽ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീർന്നിരിക്കുന്നത്? ആർക്കറിയാം?”

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക

എസ്ഥേർ 4:7-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മൊർദ്ദെഖായി തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കുവാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത പണം എത്ര എന്നും അവനോട് അറിയിച്ചു. അവരെ നശിപ്പിക്കേണ്ടതിന് ശൂശനിൽ പരസ്യമാക്കിയിരുന്ന കല്പനയുടെ പകർപ്പ് മൊർദെഖായി അവന്‍റെ കയ്യിൽ കൊടുത്തു. ഇത് എസ്ഥേറിനെ കാണിച്ച് വിവരം അറിയിക്കുവാനും അവൾ രാജസന്നിധിയിൽ ചെന്നു തന്‍റെ ജനത്തിന് വേണ്ടി അപേക്ഷയും യാചനയും അർപ്പിക്കേണ്ടതിന് അവളോട് ആജ്ഞാപിക്കുവാനും പറഞ്ഞു. അങ്ങനെ ഹഥാക്ക് ചെന്നു മൊർദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു. എസ്ഥേർ മൊർദ്ദെഖായിയോട് ചെന്നു പറയുവാൻ ഹഥാക്കിന് ഇപ്രകാരം കല്പന കൊടുത്തു: “ഏതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്‍റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നാൽ ജീവനോടിരിക്കേണ്ടതിന് രാജാവ് പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടണം. അല്ലെങ്കിൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉണ്ടെന്ന് രാജാവിന്‍റെ സകലഭൃത്യന്മാരും രാജാവിന്‍റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു. എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനുള്ളിൽ രാജാവിന്‍റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.” അവർ എസ്ഥേറിന്‍റെ വാക്ക് മൊർദ്ദെഖായിയോട് അറിയിച്ചു. മൊർദെഖായി എസ്ഥേറിനോട് ഇപ്രകാരം മറുപടി പറയുവാൻ കല്പിച്ചു: “നീ രാജധാനിയിൽ ഇരിക്കുന്നതിനാൽ എല്ലാ യെഹൂദന്മാരിലുംവച്ച് രക്ഷപെടാമെന്ന് നീ വിചാരിക്കരുത്. നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥലത്തുനിന്ന് ആശ്വാസവും വിടുതലും ഉണ്ടാകും. എന്നാൽ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു അവസരത്തിനായിരിക്കും നീ രാജസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് ആർക്കറിയാം?”

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക

എസ്ഥേർ 4:7-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മൊർദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു. അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനിൽ പരസ്യമാക്കിയിരുന്ന തീർപ്പിന്റെ പകർപ്പ് അവൻ അവന്റെ കയ്യിൽ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു. അങ്ങനെ ഹഥാക്ക് ചെന്നു മൊർദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു. എസ്ഥേർ മൊർദ്ദെഖായിയോടു ചെന്നു പറവാൻ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാൽ: യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊൻചെങ്കോൽ ആയാളുടെ നേരെ നീട്ടാഞ്ഞാൽ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല. അവർ എസ്ഥേരിന്റെ വാക്കു മൊർദ്ദെഖായിയോടു അറിയിച്ചു. മൊർദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാൻ കല്പിച്ചതു: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക

എസ്ഥേർ 4:7-14 സമകാലിക മലയാളവിവർത്തനം (MCV)

മൊർദെഖായി തനിക്കു സംഭവിച്ച സകലതും യെഹൂദരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു വാഗ്ദാനംചെയ്ത തുകയുടെ കാര്യവും അദ്ദേഹത്തെ അറിയിച്ചു. മൊർദെഖായി, യഹൂദരെ നശിപ്പിക്കുന്നതിനായി ശൂശനിൽ പ്രസിദ്ധപ്പെടുത്തിയ കൽപ്പനയുടെ പകർപ്പും ഹഥാക്കിന് കൊടുത്തു. തുടർന്നു മൊർദെഖായി എസ്ഥേരിനെ ഈ പകർപ്പു കാണിച്ച് കാര്യങ്ങൾ അവൾക്കു വിവരിച്ചു കൊടുക്കുകയും അവൾ രാജസന്നിധിയിൽ ചെന്ന് അവളുടെ ജനത്തിനുവേണ്ടി യാചിച്ച് അപേക്ഷിക്കുകയും ചെയ്യണമെന്നു പറഞ്ഞു. ഹഥാക്ക് തിരികെച്ചെന്ന് മൊർദെഖായി പറഞ്ഞതൊക്കെയും എസ്ഥേരിനെ അറിയിച്ചു. അപ്പോൾ എസ്ഥേർ മൊർദെഖായിയെ അറിയിക്കാൻ ഹഥാക്കിനോട് ഇങ്ങനെ നിർദേശിച്ചു: “രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും പ്രവിശ്യകളിലെ ജനങ്ങൾക്കും അറിയാവുന്ന നിയമം എന്തെന്നാൽ: ആണായാലും പെണ്ണായാലും വിളിക്കപ്പെടാതെ ആരെങ്കിലും രാജാവിന്റെ സന്നിധിയിൽ അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ അവർ മരിക്കണം. രാജാവ് തന്റെ തങ്കച്ചെങ്കോൽ നീട്ടിയാലല്ലാതെ അയാളുടെ ജീവൻ രക്ഷപ്പെടുകയില്ല. ഈ മുപ്പതു ദിവസത്തിനകമായി രാജാവ് എന്നെ വിളിച്ചിട്ടില്ല.” എസ്ഥേരിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ, അദ്ദേഹം ഇങ്ങനെ മറുപടികൊടുത്തു: “നീ രാജകൊട്ടാരത്തിലായതിനാൽ എല്ലാ യെഹൂദരിൽനിന്നും നീമാത്രം രക്ഷപ്പെടുമെന്ന് കരുതേണ്ട. ഈ സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!”

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക