എസ്ഥേർ 4:13-17
എസ്ഥേർ 4:13-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൊർദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാൻ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആർക്ക് അറിയാം? അതിന് എസ്ഥേർ മൊർദ്ദെഖായിയോട് മറുപടി പറവാൻ കല്പിച്ചത്: നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കുവേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെതന്നെ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ. അങ്ങനെ മൊർദ്ദെഖായി ചെന്ന് എസ്ഥേർ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.
എസ്ഥേർ 4:13-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ മൊർദ്ദെഖായി എസ്ഥേറിനെ ഇപ്രകാരം അറിയിച്ചു: “രാജകൊട്ടാരത്തിലായതുകൊണ്ടു മറ്റെല്ലാ യെഹൂദന്മാരെക്കാളും സുരക്ഷിതയാണെന്ന് നീ വിചാരിക്കരുത്. ഈ സമയത്തു നീ മിണ്ടാതിരുന്നാൽ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദർക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദർഭത്തിൽ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീർന്നിരിക്കുന്നത്? ആർക്കറിയാം?” എസ്ഥേർ മൊർദ്ദെഖായിക്ക് ഈ മറുപടി കൊടുത്തയച്ചു. “അങ്ങു ചെന്ന് ശൂശനിലുള്ള യെഹൂദന്മാരെയെല്ലാം ഒന്നിച്ചുകൂട്ടി മൂന്നു ദിവസം എനിക്കുവേണ്ടി ഉപവസിക്കുക. ആ ദിവസങ്ങളിൽ രാവും പകലും ഒന്നും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്റെ തോഴിമാരും അങ്ങനെ ഉപവസിക്കും. പിന്നീട്, നിയമാനുസൃതമല്ലെങ്കിലും ഞാൻ രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ. മൊർദ്ദെഖായി പോയി എസ്ഥേർ നിർദ്ദേശിച്ചതു ചെയ്തു.
എസ്ഥേർ 4:13-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മൊർദെഖായി എസ്ഥേറിനോട് ഇപ്രകാരം മറുപടി പറയുവാൻ കല്പിച്ചു: “നീ രാജധാനിയിൽ ഇരിക്കുന്നതിനാൽ എല്ലാ യെഹൂദന്മാരിലുംവച്ച് രക്ഷപെടാമെന്ന് നീ വിചാരിക്കരുത്. നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥലത്തുനിന്ന് ആശ്വാസവും വിടുതലും ഉണ്ടാകും. എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു അവസരത്തിനായിരിക്കും നീ രാജസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് ആർക്കറിയാം?” അതിന് എസ്ഥേർ മൊർദ്ദെഖായിയോട് മറുപടി പറയുവാൻ ഇപ്രകാരം കല്പിച്ചു. “അങ്ങ് ചെന്നു ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി, നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിപ്പിൻ. ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നെ ഉപവസിക്കും. പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും. ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.” അങ്ങനെ മൊർദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ എല്ലാം ചെയ്തു.
എസ്ഥേർ 4:13-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൊർദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാൻ കല്പിച്ചതു: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം? അതിന്നു എസ്ഥേർ മൊർദ്ദെഖായിയോടു മറുപടി പറവാൻ കല്പിച്ചതു. നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ. അങ്ങനെ മൊർദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
എസ്ഥേർ 4:13-17 സമകാലിക മലയാളവിവർത്തനം (MCV)
അദ്ദേഹം ഇങ്ങനെ മറുപടികൊടുത്തു: “നീ രാജകൊട്ടാരത്തിലായതിനാൽ എല്ലാ യെഹൂദരിൽനിന്നും നീമാത്രം രക്ഷപ്പെടുമെന്ന് കരുതേണ്ട. ഈ സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!” എസ്ഥേർ മൊർദെഖായിക്ക് ഇങ്ങനെ മറുപടി നൽകി: “പോയി ശൂശനിലുള്ള എല്ലാ യെഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം, രാത്രിയും പകലും, തിന്നുകയും കുടിക്കുകയും അരുത്. ഞാനും എന്റെ ദാസികളും നിങ്ങളെപ്പോലെ ഉപവസിക്കും. ഇതു ചെയ്തശേഷം നിയമത്തിനെതിരെങ്കിലും ഞാൻ രാജസന്നിധിയിൽ പോകും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.” മൊർദെഖായി തിരികെപ്പോയി എസ്ഥേർ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.