എഫെസ്യർ 6:6-18

എഫെസ്യർ 6:6-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും മനുഷ്യരെയല്ല കർത്താവിനെത്തന്നെ പ്രീതിയോടെ സേവിച്ചുംകൊണ്ട് അനുസരിപ്പിൻ. ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ. യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ട് അങ്ങനെതന്നെ അവരോടു പെരുമാറുകയും ഭീഷണിവാക്ക് ഒഴിക്കയും ചെയ്‍വിൻ. ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്പാനും കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം എടുത്തുകൊൾവിൻ. നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. സകല പ്രാർഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ടു, സകല വിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർഥനയിൽ പൂർണസ്ഥിരത കാണിപ്പിൻ.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക

എഫെസ്യർ 6:6-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവരുടെ പ്രീതി നേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് അവർ നിങ്ങളെ നോക്കുമ്പോൾ മാത്രം അപ്രകാരം ചെയ്യാതെ ക്രിസ്തുവിന്റെ ദാസന്മാർ എന്നവണ്ണം, ദൈവം നിങ്ങളെ സംബന്ധിച്ച് ആഗ്രഹിക്കുന്നതുപോലെ പൂർണഹൃദയത്തോടുകൂടി പ്രവർത്തിക്കുക. കേവലം മനുഷ്യരെ എന്നവണ്ണമല്ല കർത്താവിനെ സേവിക്കുന്നതുപോലെ സന്മനസ്സോടെ നിങ്ങളുടെ പ്രവൃത്തിചെയ്യുക. അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദം കൂടാതെ ഓരോ മനുഷ്യനും ചെയ്യുന്ന നല്ല പ്രവൃത്തിക്കു തക്ക പ്രതിഫലം കർത്താവു നല്‌കുമെന്നു കരുതിക്കൊള്ളുക. യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ ദാസന്മാരോട് അങ്ങനെതന്നെ പെരുമാറണം. ഇനി അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗത്തിലുണ്ടല്ലോ. അവിടുന്ന് ആരുടെയും മുഖം നോക്കാതെ ഒരേ മാനദണ്ഡത്താൽ എല്ലാവരെയും വിധിക്കുന്നു. അവസാനമായി കർത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങൾ കരുത്തുറ്റവരായിത്തീരുക. പിശാചിന്റെ കുതന്ത്രങ്ങളോട് എതിർത്തു നില്‌ക്കുവാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് ദൈവം നിങ്ങൾക്കു നല്‌കുന്ന എല്ലാ ആയുധങ്ങളും ധരിച്ചുകൊള്ളുക. നാം പോരാടുന്നത് മനുഷ്യരോടല്ല, അധികാരങ്ങളോടും ശക്തികളോടും ഈ അന്ധകാരലോകത്തിന്റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മസേനയോടുമത്രേ. അതുകൊണ്ട് ദൈവത്തിന്റെ എല്ലാ പടക്കോപ്പുകളും ധരിക്കുക! അങ്ങനെ ചെയ്താൽ ദുർദിനത്തിൽ ശത്രുവിന്റെ ആക്രമണത്തെ പ്രതിരോധിക്കുവാനും അവസാനംവരെ പോരാടിയശേഷവും വീഴാതെ കാലുറപ്പിച്ചു നില്‌ക്കുവാനും നിങ്ങൾക്കു കഴിയും. അതിനാൽ സത്യംകൊണ്ട് അരമുറുക്കിയും നീതി എന്ന കവചം ധരിച്ചും തയ്യാറായി നില്‌ക്കുക. സമാധാനത്തിന്റെ സുവിശേഷം പ്രഖ്യാപനം ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കട്ടെ നിങ്ങളുടെ പാദരക്ഷ. വിശ്വാസം എന്ന പരിച എല്ലാസമയത്തും നിങ്ങളുടെ കൈയിലുണ്ടായിരിക്കണം. തന്മൂലം ദുഷ്ടൻ തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാൻ നിങ്ങൾക്കു കഴിയും. രക്ഷ പടത്തൊപ്പിയായും ദൈവവചനം ആത്മാവു നല്‌കുന്ന വാളായും സ്വീകരിച്ചുകൊള്ളുക. ആത്മാവു പ്രേരിപ്പിക്കുന്നതനുസരിച്ച് എല്ലാ സമയവും പ്രാർഥിക്കുക. എപ്പോഴും ജാഗരൂകരായിരിക്കുക. ഞാൻ സുധീരം സംസാരിക്കുകയും സുവിശേഷത്തിന്റെ മർമ്മം അറിയിക്കുകയും ചെയ്യേണ്ടതിന് ഞാൻ പ്രസംഗിക്കുമ്പോൾ ഒരു സന്ദേശം എനിക്കു ലഭിക്കുവാൻ എനിക്കുവേണ്ടി പ്രാർഥിക്കുക. എല്ലാ ദൈവജനങ്ങൾക്കുവേണ്ടിയും പ്രാർഥിക്കണം. ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ട് ഇവയെല്ലാം ചെയ്യണം.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക

എഫെസ്യർ 6:6-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മനുഷ്യർ ശ്രദ്ധിക്കുമ്പോൾ മാത്രം അവരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും, മനുഷ്യരെയല്ല, കർത്താവിനെ തന്നെ സന്തോഷത്തോടെ സേവിച്ചുംകൊണ്ട് അനുസരിക്കുവിൻ. ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്ക് കർത്താവിൽനിന്ന് പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ തന്നെ യജമാനന്മാരേ, നിങ്ങളും ഇതേ രീതിയിൽ തന്നെ ദാസന്മാരോട് പെരുമാറുവിൻ. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും ദൈവത്തിന് മുഖപക്ഷം ഇല്ലെന്നും അറിയുവിൻ. അവസാനമായി കർത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്‍റെ തന്ത്രങ്ങളോട് എതിർത്തുനില്ക്കുവാൻ കഴിയേണ്ടതിന് ദൈവത്തിന്‍റെ സർവ്വായുധങ്ങളും ധരിച്ചുകൊള്ളുവിൻ. നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും ആത്മീയ അധികാരങ്ങളോടും ഈ അന്ധകാരത്തിൻ്റെ ലോകാധിപതികളോടും സ്വർല്ലോകതലങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ട് നിങ്ങൾ ഈ ദുഷ്കാലങ്ങളിൽ എതിർത്തുനില്ക്കുവാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് ഉറച്ചു നില്ക്കുവാനും കഴിയേണ്ടതിന് ദൈവത്തിന്‍റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊള്ളുവിൻ. നിങ്ങളുടെ അരയ്ക്ക് സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിന് ചെരിപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നിൽക്കുവിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളുവിൻ. സകല പ്രാർത്ഥനയാലും യാചനയാലും ഏത് നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും, അവന്‍റെ മറുപടിക്കായി ജാഗരിച്ചുംകൊണ്ട് സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ സ്ഥിരോത്സാഹം കാണിക്കുവിൻ.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക

എഫെസ്യർ 6:6-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ. യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‌വിൻ. ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ. നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക

എഫെസ്യർ 6:6-18 സമകാലിക മലയാളവിവർത്തനം (MCV)

യജമാനരെ പ്രീണിപ്പിക്കുന്നതിനായി അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, പിന്നെയോ, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ഹൃദയംഗമമായി ദൈവഹിതം നിറവേറ്റുന്നവരാകുക. നിങ്ങൾ മനുഷ്യർക്ക് സേവചെയ്യുന്നവരായിട്ടല്ല, കർത്താവിനു സേവചെയ്യുന്നതുപോലെ സന്മനസ്സോടെ സേവനം ചെയ്യുക. ദാസരോ സ്വതന്ത്രരോ ആരായാലും അവർ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് അനുയോജ്യമായ പ്രതിഫലം കർത്താവിൽനിന്നു ലഭിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ. യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ സേവകരോട് അങ്ങനെതന്നെ വർത്തിക്കണം. അവരെ ഭീഷണിപ്പെടുത്തരുത്; അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിൽ ഉണ്ടെന്നും അവിടന്ന് പക്ഷഭേദം ഇല്ലാത്തവനാണെന്നും നിങ്ങൾക്കറിയാമല്ലോ. അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക. നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക: സത്യമെന്ന അരപ്പട്ട കെട്ടിയും നീതി കവചമായി ധരിച്ചും സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക. ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക