എഫെസ്യർ 5:6-20
എഫെസ്യർ 5:6-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യർഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുത്; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു. നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുത്. മുമ്പേ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. കർത്താവിനു പ്രസാദമായത് എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്. അവർ ഗൂഢമായി ചെയ്യുന്നതു പറവാൻപോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയുംകുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ. അതുകൊണ്ട്: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്ക്ക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു. ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
എഫെസ്യർ 5:6-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വ്യർഥവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ഇവ നിമിത്തമാണല്ലോ തന്നെ അനുസരിക്കാത്തവരുടെമേൽ ദൈവത്തിന്റെ കോപം വന്നുചേരുന്നത്. അതിനാൽ അങ്ങനെയുള്ളവരുമായി യാതൊരു സമ്പർക്കവും പാടില്ല. ഒരിക്കൽ നിങ്ങൾ ഇരുട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കർത്താവിന്റെ ജനമായതുകൊണ്ട് വെളിച്ചത്തിലായിരിക്കുന്നു. അതുകൊണ്ട് പ്രകാശത്തിന് ഉള്ളവരെപ്പോലെ നിങ്ങൾ ജീവിക്കണം. എന്തെന്നാൽ പ്രകാശത്തിന്റെ ഫലമാണ് സകലവിധ നന്മയും നീതിയും സത്യവും. കർത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. അന്ധകാരത്തിന്റെ നിഷ്ഫലപ്രവൃത്തികളിൽ നിങ്ങൾ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്. വാസ്തവത്തിൽ അവർ ഗോപ്യമായി ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതുപോലും ലജ്ജാവഹമത്രേ. എല്ലാ സംഗതികളും വെളിച്ചത്തു കൊണ്ടുവരുമ്പോൾ അവയുടെ തനിസ്വഭാവം വ്യക്തമാകും. വ്യക്തമായി വെളിപ്പെടുന്നതെല്ലാം വെളിച്ചമായിത്തീരുന്നു. അതുകൊണ്ടാണ്, ഉറങ്ങുന്നവരേ ഉണരുക; മരണത്തിൽനിന്ന് എഴുന്നേല്‌ക്കുക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും എന്നു പറയുന്നത്. അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങൾ ജീവിക്കുക. നിങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാൽ ഇത് ദുഷ്കാലമാണ്. നിങ്ങൾ ബുദ്ധിശൂന്യരാകാതെ നിങ്ങൾ ചെയ്യണമെന്നു കർത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക. വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങൾ നിറയേണ്ടത്. സങ്കീർത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാൽ നിങ്ങൾ അന്യോന്യം സംസാരിക്കുകയും, പൂർണഹൃദയത്തോടെ ഗീതങ്ങളും സങ്കീർത്തനങ്ങളും പാടി കർത്താവിനെ സ്തുതിക്കുകയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനുംവേണ്ടി സ്തോത്രം ചെയ്യുകയും വേണം.
എഫെസ്യർ 5:6-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഈ വക പ്രവൃത്തികൾ നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നത്. അതുകൊണ്ട് വ്യർത്ഥവാക്കുകൾ വിശ്വസിപ്പിച്ച് ആരും നിങ്ങളെ ചതിക്കരുത്. നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുത്. മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. അതുകൊണ്ട് കർത്താവിന് പ്രസാദമായത് എന്തെന്ന് പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്ളുവിൻ. സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിൻ്റെ ഫലം. ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ വെളിപ്പെടുത്തുകയത്രേ വേണ്ടത്. അവർ ഗൂഢമായി ചെയ്യുന്നതു പറയുവാൻ പോലും ലജ്ജയാകുന്നു. സകലതും വെളിച്ചത്താൽ തെളിവാകുന്നു, കാരണം വെളിച്ചം എല്ലാത്തിന്മേലും പ്രകാശിക്കുന്നുവല്ലോ. അതുകൊണ്ട്: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്കുക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു. ആകയാൽ സൂക്ഷ്മതയോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടു തന്നെ ജീവിക്കുവാൻ നോക്കുവിൻ. ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊള്ളുവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊള്ളുവിൻ. വീഞ്ഞ് കുടിച്ച് മത്തരാകരുത്; അത് നിങ്ങളെ നാശത്തിലേക്ക് നയിക്കും. മറിച്ച്, ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്‌പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ.
എഫെസ്യർ 5:6-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു. നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു. മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു. അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ. അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു. ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
എഫെസ്യർ 5:6-20 സമകാലിക മലയാളവിവർത്തനം (MCV)
അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്. അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്. മുമ്പ് നിങ്ങൾ അന്ധകാരമായിരുന്നു; ഇപ്പോഴോ കർത്താവിൽ പ്രകാശമാകുന്നു; അതുകൊണ്ട് പ്രകാശത്തിന്റെ മക്കളായി ജീവിക്കുക. പ്രകാശത്തിന്റെ പരിണതഫലം സർവനന്മയും നീതിയും സത്യവുമാണ്. അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊള്ളുക. അന്ധകാരത്തിന്റെ പ്രവൃത്തികൾ ഫലശൂന്യമാണ്, അവയോട് യാതൊരു സഹകരണവും പാടില്ലെന്നുമാത്രമല്ല, അവയെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. പറയാൻപോലും ലജ്ജാവഹമായവയാണ് അനുസരണകെട്ടവർ രഹസ്യമായി പ്രവർത്തിക്കുന്നത്. എന്നാൽ, പ്രകാശത്താൽ എല്ലാം വെളിപ്പെടുകയും ദൃശ്യമായിത്തീരുകയും ചെയ്യും—പ്രകാശം പതിക്കുന്നവയോരോന്നും ഓരോ പ്രകാശമായിമാറും. അതിനാൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഉറങ്ങുന്നവരേ, ഉണരൂ, മരിച്ചവരുടെ മധ്യേനിന്ന് എഴുന്നേൽക്കൂ, അപ്പോൾ ക്രിസ്തു നിന്റെമേൽ പ്രശോഭിക്കും.” അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക. അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക. മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.