എഫെസ്യർ 5:15-20
എഫെസ്യർ 5:15-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
എഫെസ്യർ 5:15-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങൾ ജീവിക്കുക. നിങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാൽ ഇത് ദുഷ്കാലമാണ്. നിങ്ങൾ ബുദ്ധിശൂന്യരാകാതെ നിങ്ങൾ ചെയ്യണമെന്നു കർത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക. വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങൾ നിറയേണ്ടത്. സങ്കീർത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാൽ നിങ്ങൾ അന്യോന്യം സംസാരിക്കുകയും, പൂർണഹൃദയത്തോടെ ഗീതങ്ങളും സങ്കീർത്തനങ്ങളും പാടി കർത്താവിനെ സ്തുതിക്കുകയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനുംവേണ്ടി സ്തോത്രം ചെയ്യുകയും വേണം.
എഫെസ്യർ 5:15-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ സൂക്ഷ്മതയോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടു തന്നെ ജീവിക്കുവാൻ നോക്കുവിൻ. ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊള്ളുവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊള്ളുവിൻ. വീഞ്ഞ് കുടിച്ച് മത്തരാകരുത്; അത് നിങ്ങളെ നാശത്തിലേക്ക് നയിക്കും. മറിച്ച്, ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്‌പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ.
എഫെസ്യർ 5:15-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
എഫെസ്യർ 5:15-20 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക. അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക. മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.