എഫെസ്യർ 4:3-32
എഫെസ്യർ 4:3-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. എന്നാൽ നമ്മിൽ ഓരോരുത്തനു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. അതുകൊണ്ട്: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിനു സ്വർഗാധിസ്വർഗത്തിനു മീതെ കയറിയവനും ആകുന്നു. അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർധനയ്ക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. ശരീരം മുഴുവനും യുക്തമായി ചേർന്ന് ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന് ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർധനയ്ക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു. ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നത് എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തംതന്നെ, ദൈവത്തിന്റെ ജീവനിൽനിന്ന് അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിനു തങ്ങളെ ത്തന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ട് അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്. മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് ഇടം കൊടുക്കരുത്. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവനു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിനു കൈകൊണ്ടു നല്ലതു പ്രവർത്തിച്ച് അധ്വാനിക്കയത്രേ വേണ്ടത്. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്. എല്ലാ കയ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.
എഫെസ്യർ 4:3-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആത്മാവിന്‍റെ ഐക്യം സമാധാനബന്ധത്തിൽ കാക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുവിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. എന്നാൽ നമ്മിൽ ഓരോരുത്തർക്കും ക്രിസ്തുവിന്‍റെ ദാനത്തിൻ്റെ അളവിന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട്: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാധിസ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു. ക്രിസ്തു ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അത് നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്‍റെ ആത്മികവർദ്ധനയ്ക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിൻ്റെ ഓരോ കാറ്റിനാൽ ചാഞ്ചാടി ഉഴലുന്ന ശിശുക്കൾ ആയിരിക്കാതെ, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിനും അതതിന്‍റെ പ്രവൃത്തിക്ക് തക്കവണ്ണം സഹായം ലഭിക്കുവാനുള്ള ഓരോ സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു. ആകയാൽ ഞാൻ കർത്താവിൽ പ്രബോധിപ്പിക്കുന്നത് എന്തെന്നാൽ: ജനതകൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. ചിന്തകൾ ഇരുണ്ടുപോയ അവർ, അജ്ഞാനം നിമിത്തം, ദൈവത്തിന്‍റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിക്കുകയും ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ച് കേൾക്കുകയും അവനെ കുറിച്ച് ഉപദേശം ലഭിക്കുകയും ചെയ്തു എങ്കിൽ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്. മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്, നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്, സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ. ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്‍റെ അവയവങ്ങളല്ലോ. കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് അവസരം കൊടുക്കരുത്. മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ. കേൾക്കുന്നവര്‍ക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർദ്ധനയ്ക്കുതകുന്ന നല്ല വാക്കല്ലാതെ മലിനമാക്കുന്നത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്; പകരം കേൾവിക്കാരുടെ ആവശ്യങ്ങളിൽ പ്രയോജനപ്പെടുംവിധം സംസാരിക്കുവിൻ. ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾ വീണ്ടെടുപ്പുനാളിനായി മുദ്രയിടപ്പെട്ടത്. എല്ലാ കയ്പും കോപവും ക്രോധവും ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നതും, ദൂഷണവും സകലദുർഗ്ഗുണവും നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽതമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം നിങ്ങളും ക്ഷമിക്കുവിൻ.
എഫെസ്യർ 4:3-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു. അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു. ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു. മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു. എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.
എഫെസ്യർ 4:3-32 സമകാലിക മലയാളവിവർത്തനം (MCV)
സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്, ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ. എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു. “അവിടന്ന് ആരോഹണംചെയ്തപ്പോൾ അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി മനുഷ്യർക്കു കൃപാദാനങ്ങൾ കൊടുത്തു,” എന്ന് എഴുതിയിരിക്കുന്നത് അതിനാലാണല്ലോ. “അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ? ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്. ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും. തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല; മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും. അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു. ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു. യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ. നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക. അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ. “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്; പിശാചിന് അവസരം കൊടുക്കരുത്. മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്. കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.