എഫെസ്യർ 4:22-29
എഫെസ്യർ 4:22-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് ഇടം കൊടുക്കരുത്. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവനു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിനു കൈകൊണ്ടു നല്ലതു പ്രവർത്തിച്ച് അധ്വാനിക്കയത്രേ വേണ്ടത്. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്.
എഫെസ്യർ 4:22-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പൂർവകാലജീവിതത്തിനു നിങ്ങളെ പ്രേരിപ്പിച്ച പഴയ മനുഷ്യപ്രകൃതി ഉപേക്ഷിക്കുക. വഞ്ചനാത്മകമായ ദുർമോഹങ്ങൾകൊണ്ട് ആ പഴയ മനുഷ്യൻ നശിക്കുന്നു. നിങ്ങളുടെ ഹൃദയവും മനസ്സും സമ്പൂർണമായി നവീകരിക്കപ്പെടണം. യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്‍ടിക്കപ്പെട്ട പുതിയ മനുഷ്യപ്രകൃതി ധരിച്ചുകൊള്ളുക. അതിനാൽ ഇനി നിങ്ങൾ വ്യാജം പറയരുത്! നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം. കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. സൂര്യൻ അസ്തമിക്കുന്നതുവരെ നിങ്ങളുടെ കോപം വച്ചുകൊണ്ടിരിക്കരുത്. സാത്താന് അവസരം കൊടുക്കരുതല്ലോ. മോഷ്‍ടിച്ചിരുന്നവർ ഇനി അപ്രകാരം ചെയ്യാതെ, ദരിദ്രരെ സഹായിക്കുവാൻ വകയുണ്ടാകുന്നതിന് ഉത്തമമായ ജോലിയിൽ ഏർപ്പെട്ട് സ്വന്തം കൈകൊണ്ട് അധ്വാനിക്കണം. നിങ്ങളുടെ വായിൽനിന്ന് ദുർഭാഷണം പുറപ്പെടരുത്. കേൾക്കുന്നവർക്കു നന്മയുണ്ടാകത്തക്കവണ്ണം നിങ്ങളുടെ വാക്കുകൾ സന്ദർഭോചിതവും, ശ്രോതാവിന് ആത്മീയമായ പ്രചോദനം പ്രദാനം ചെയ്യുന്നതുമായിരിക്കണം.
എഫെസ്യർ 4:22-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്, നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്, സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ. ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്‍റെ അവയവങ്ങളല്ലോ. കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് അവസരം കൊടുക്കരുത്. മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ. കേൾക്കുന്നവര്‍ക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർദ്ധനയ്ക്കുതകുന്ന നല്ല വാക്കല്ലാതെ മലിനമാക്കുന്നത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്; പകരം കേൾവിക്കാരുടെ ആവശ്യങ്ങളിൽ പ്രയോജനപ്പെടുംവിധം സംസാരിക്കുവിൻ.
എഫെസ്യർ 4:22-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു.
എഫെസ്യർ 4:22-29 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക. അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ. “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്; പിശാചിന് അവസരം കൊടുക്കരുത്. മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്. കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്.