എഫെസ്യർ 4:17-28
എഫെസ്യർ 4:17-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നത് എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തംതന്നെ, ദൈവത്തിന്റെ ജീവനിൽനിന്ന് അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിനു തങ്ങളെ ത്തന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ട് അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്. മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് ഇടം കൊടുക്കരുത്. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവനു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിനു കൈകൊണ്ടു നല്ലതു പ്രവർത്തിച്ച് അധ്വാനിക്കയത്രേ വേണ്ടത്.
എഫെസ്യർ 4:17-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയട്ടെ: വിജാതീയരെപ്പോലെ നിങ്ങൾ ഇനി വ്യർഥചിന്തകളനുസരിച്ചു ജീവിക്കരുത്. അവരുടെ മനസ്സ് അന്ധകാരത്തിലാണ്ടിരിക്കുന്നു. അവർ തികച്ചും അജ്ഞരും വഴങ്ങാത്ത പ്രകൃതമുള്ളവരുമാകയാൽ ദൈവം നല്‌കുന്ന ജീവനിൽ അവർക്കു പങ്കില്ല. അവർ ലജ്ജയില്ലാത്തവരായിത്തീർന്നിരിക്കുന്നു; യാതൊരു സംയമവും കൂടാതെ ദുർമാർഗ ജീവിതത്തിനും എല്ലാവിധ അയോഗ്യമായ നടപടികൾക്കും അവർ തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു. നിങ്ങൾ ക്രിസ്തുവിനെപ്പറ്റി പഠിച്ചത് ഇതല്ലല്ലോ. നിശ്ചയമായും നിങ്ങൾ ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടുണ്ട്. അവിടുത്തെ അനുയായികൾ എന്ന നിലയിൽ യേശുവിൽ അന്തർഭവിച്ചിരിക്കുന്ന സത്യം നിങ്ങൾ പഠിച്ചിട്ടുമുണ്ട്. പൂർവകാലജീവിതത്തിനു നിങ്ങളെ പ്രേരിപ്പിച്ച പഴയ മനുഷ്യപ്രകൃതി ഉപേക്ഷിക്കുക. വഞ്ചനാത്മകമായ ദുർമോഹങ്ങൾകൊണ്ട് ആ പഴയ മനുഷ്യൻ നശിക്കുന്നു. നിങ്ങളുടെ ഹൃദയവും മനസ്സും സമ്പൂർണമായി നവീകരിക്കപ്പെടണം. യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്‍ടിക്കപ്പെട്ട പുതിയ മനുഷ്യപ്രകൃതി ധരിച്ചുകൊള്ളുക. അതിനാൽ ഇനി നിങ്ങൾ വ്യാജം പറയരുത്! നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം. കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. സൂര്യൻ അസ്തമിക്കുന്നതുവരെ നിങ്ങളുടെ കോപം വച്ചുകൊണ്ടിരിക്കരുത്. സാത്താന് അവസരം കൊടുക്കരുതല്ലോ. മോഷ്‍ടിച്ചിരുന്നവർ ഇനി അപ്രകാരം ചെയ്യാതെ, ദരിദ്രരെ സഹായിക്കുവാൻ വകയുണ്ടാകുന്നതിന് ഉത്തമമായ ജോലിയിൽ ഏർപ്പെട്ട് സ്വന്തം കൈകൊണ്ട് അധ്വാനിക്കണം.
എഫെസ്യർ 4:17-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ ഞാൻ കർത്താവിൽ പ്രബോധിപ്പിക്കുന്നത് എന്തെന്നാൽ: ജനതകൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. ചിന്തകൾ ഇരുണ്ടുപോയ അവർ, അജ്ഞാനം നിമിത്തം, ദൈവത്തിന്‍റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിക്കുകയും ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ച് കേൾക്കുകയും അവനെ കുറിച്ച് ഉപദേശം ലഭിക്കുകയും ചെയ്തു എങ്കിൽ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്. മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്, നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്, സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ. ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്‍റെ അവയവങ്ങളല്ലോ. കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് അവസരം കൊടുക്കരുത്. മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ.
എഫെസ്യർ 4:17-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു. മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.
എഫെസ്യർ 4:17-28 സമകാലിക മലയാളവിവർത്തനം (MCV)
ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു. യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ. നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക. അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ. “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്; പിശാചിന് അവസരം കൊടുക്കരുത്. മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്.