എഫെസ്യർ 4:17-21

എഫെസ്യർ 4:17-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നത് എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തംതന്നെ, ദൈവത്തിന്റെ ജീവനിൽനിന്ന് അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിനു തങ്ങളെ ത്തന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ട് അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.

പങ്ക് വെക്കു
എഫെസ്യർ 4 വായിക്കുക

എഫെസ്യർ 4:17-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയട്ടെ: വിജാതീയരെപ്പോലെ നിങ്ങൾ ഇനി വ്യർഥചിന്തകളനുസരിച്ചു ജീവിക്കരുത്. അവരുടെ മനസ്സ് അന്ധകാരത്തിലാണ്ടിരിക്കുന്നു. അവർ തികച്ചും അജ്ഞരും വഴങ്ങാത്ത പ്രകൃതമുള്ളവരുമാകയാൽ ദൈവം നല്‌കുന്ന ജീവനിൽ അവർക്കു പങ്കില്ല. അവർ ലജ്ജയില്ലാത്തവരായിത്തീർന്നിരിക്കുന്നു; യാതൊരു സംയമവും കൂടാതെ ദുർമാർഗ ജീവിതത്തിനും എല്ലാവിധ അയോഗ്യമായ നടപടികൾക്കും അവർ തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു. നിങ്ങൾ ക്രിസ്തുവിനെപ്പറ്റി പഠിച്ചത് ഇതല്ലല്ലോ. നിശ്ചയമായും നിങ്ങൾ ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടുണ്ട്. അവിടുത്തെ അനുയായികൾ എന്ന നിലയിൽ യേശുവിൽ അന്തർഭവിച്ചിരിക്കുന്ന സത്യം നിങ്ങൾ പഠിച്ചിട്ടുമുണ്ട്.

പങ്ക് വെക്കു
എഫെസ്യർ 4 വായിക്കുക

എഫെസ്യർ 4:17-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആകയാൽ ഞാൻ കർത്താവിൽ പ്രബോധിപ്പിക്കുന്നത് എന്തെന്നാൽ: ജനതകൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. ചിന്തകൾ ഇരുണ്ടുപോയ അവർ, അജ്ഞാനം നിമിത്തം, ദൈവത്തിന്‍റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിക്കുകയും ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ച് കേൾക്കുകയും അവനെ കുറിച്ച് ഉപദേശം ലഭിക്കുകയും ചെയ്തു എങ്കിൽ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.

പങ്ക് വെക്കു
എഫെസ്യർ 4 വായിക്കുക

എഫെസ്യർ 4:17-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.

പങ്ക് വെക്കു
എഫെസ്യർ 4 വായിക്കുക

എഫെസ്യർ 4:17-21 സമകാലിക മലയാളവിവർത്തനം (MCV)

ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു. യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ.

പങ്ക് വെക്കു
എഫെസ്യർ 4 വായിക്കുക