എഫെസ്യർ 2:11-22

എഫെസ്യർ 2:11-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ നിങ്ങൾ മുമ്പേ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കൈയാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു; അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓർത്തുകൊൾവിൻ. മുമ്പേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്, സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും, ക്രൂശിന്മേൽവച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്. ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ. ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.

പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക

എഫെസ്യർ 2:11-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മുമ്പ് ജന്മംകൊണ്ട് നിങ്ങൾ വിജാതീയരായിരുന്നു എന്ന് ഓർക്കണം. പരിച്ഛേദന എന്ന ആചാരമുള്ള യെഹൂദന്മാർ നിങ്ങളെ “അഗ്രചർമികൾ” എന്നു വിളിച്ചുവന്നു. മനുഷ്യർ തങ്ങളുടെ ശരീരത്തിനു ചെയ്യുന്ന ഒരു കർമമാണു പരിച്ഛേദനം. വിജാതീയരായ നിങ്ങൾ മുമ്പ് എങ്ങനെയുള്ളവരായിരുന്നു എന്ന് ഓർത്തുകൊള്ളുക. അന്നു നിങ്ങൾ ക്രിസ്തുവിൽനിന്ന് അകന്നു ജീവിച്ചിരുന്നു. തന്റെ ജനങ്ങൾക്കു ദൈവം നല്‌കിയിട്ടുള്ള വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ ഉടമ്പടികളിൽ, തിരഞ്ഞെടുക്കപ്പെട്ട ജനമല്ലാത്ത നിങ്ങൾക്ക് ഒരു പങ്കുമില്ലായിരുന്നു. നിങ്ങൾ അന്യരായിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരുമായി നിങ്ങൾ ലോകത്തിൽ ജീവിച്ചു. എന്നാൽ വിദൂരസ്ഥരായിരുന്ന നിങ്ങൾ ഇന്ന് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് രക്തം ചിന്തിയുള്ള അവിടുത്തെ മരണത്താൽ സമീപസ്ഥരാക്കപ്പെട്ടിരിക്കുന്നു. യെഹൂദന്മാരെയും വിജാതീയരെയും ഒന്നാക്കിത്തീർത്തുകൊണ്ട് ക്രിസ്തുതന്നെ നമുക്കു സമാധാനം കൈവരുത്തി. അവരെ തമ്മിൽ വേർതിരിക്കുകയും ശത്രുക്കളായി അകറ്റി നിറുത്തുകയും ചെയ്ത ചുവർ അവിടുന്ന് ഇടിച്ചു നിരത്തി. തന്നോടുള്ള സംയോജനത്താൽ രണ്ടു വർഗങ്ങളിൽനിന്ന് ഒരു പുതിയ മനുഷ്യനെ സൃഷ്‍ടിക്കുന്നതിനും അങ്ങനെ സമാധാനം ഉണ്ടാക്കുന്നതിനുംവേണ്ടി, അവിടുന്നു തന്റെ ആത്മപരിത്യാഗത്താൽ കല്പനകളും ചട്ടങ്ങളുമടങ്ങിയ യെഹൂദനിയമസംഹിത നീക്കിക്കളഞ്ഞു. കുരിശിലെ തന്റെ മരണത്താൽ, അവരുടെ ശത്രുത അവിടുന്ന് ഇല്ലാതാക്കി; അങ്ങനെ രണ്ടു വർഗങ്ങളെയും ഏകശരീരമായി സംയോജിപ്പിക്കുകയും ദൈവത്തിങ്കലേക്ക് അവരെ തിരിച്ചുകൊണ്ടുവരികയും ചെയ്തു. ക്രിസ്തു വന്ന്, വിജാതീയരും വിദൂരസ്ഥരുമായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന യെഹൂദന്മാരോടും സമാധാനത്തിന്റെ സുവിശേഷം പ്രസംഗിച്ചു. ക്രിസ്തുവിൽകൂടിയാണ് യെഹൂദന്മാരും വിജാതീയരുമായ നമുക്കെല്ലാവർക്കും ഒരേ ആത്മാവിനാൽ പിതാവിന്റെ സന്നിധാനത്തിൽ പ്രവേശിക്കുവാൻ കഴിയുന്നത്. അതുകൊണ്ട് വിജാതീയരായ നിങ്ങൾ ഇനിമേൽ അന്യരോ വിദേശിയരോ അല്ല; നിങ്ങൾ ഇപ്പോൾ ദൈവജനത്തിന്റെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങളുമാകുന്നു. അപ്പോസ്തോലന്മാരും പ്രവാചകന്മാരുമായ അടിസ്ഥാനത്തിന്മേലത്രേ നിങ്ങളും പണിയപ്പെടുന്നത്. മൂലക്കല്ല് ക്രിസ്തുയേശു തന്നെ. അവിടുന്നാണ് ഭവനത്തെ ആകമാനം ചേർത്തു നിറുത്തുകയും, കർത്താവിനു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിശുദ്ധമന്ദിരമായി അതു വളർന്നു വരുവാൻ ഇടയാക്കുകയും ചെയ്യുന്നത്. ക്രിസ്തുവിനോട് ഏകീഭവിച്ച് നിങ്ങളും പരിശുദ്ധാത്മാവു മുഖേന ദൈവം വസിക്കുന്ന മന്ദിരമായി പണിയപ്പെടുന്നു.

പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക

എഫെസ്യർ 2:11-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമ്മക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു; അക്കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിൻ്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊള്ളുവിൻ. മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ, ക്രിസ്തുവിന്‍റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താൽ നീക്കി വേർപാടിൻ്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്, സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും, ക്രൂശിന്മേൽവച്ച് ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിക്കുവാനും തന്നെ. അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു. ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം സാധ്യമായി. ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപ‍ൗരന്മാരും ദൈവത്തിന്‍റെ ഭവനക്കാരുമത്രേ. ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ച് പണിതുവരുന്നു.

പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക

എഫെസ്യർ 2:11-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു; അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ. മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻമുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ. ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.

പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക

എഫെസ്യർ 2:11-22 സമകാലിക മലയാളവിവർത്തനം (MCV)

ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു. ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു. നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു. ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു. അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്. അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്. ക്രിസ്തുയേശു എന്ന ആധാരശിലയോടു ചേർത്ത് അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്ന ഭവനം. ക്രിസ്തുവിൽ കെട്ടിടം ഒന്നാകെ നന്നായി ഇണങ്ങിച്ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. നിങ്ങളും ക്രിസ്തുവിൽ, ദൈവത്തിന്റെ ആത്മികനിവാസസ്ഥാനമാകേണ്ടതിന് ഒരുമിച്ചു ചേർത്ത് പണിയപ്പെടുന്നു.

പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക