സഭാപ്രസംഗി 7:1-6

സഭാപ്രസംഗി 7:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്; അതല്ലോ സകല മനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും. ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപ ഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ. മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്. മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായയത്രേ.

സഭാപ്രസംഗി 7:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സൽപ്പേര് അമൂല്യമായ പരിമളതൈലത്തെക്കാളും മരണദിനം ജനനദിവസത്തെക്കാളും നല്ലത്. വിരുന്നുവീട്ടിലേക്കു പോകുന്നതിലും ഉത്തമം വിലാപഗൃഹത്തിലേക്കു പോകുന്നതാണ്. മരണമാണ് എല്ലാ മനുഷ്യരുടെയും അന്ത്യമെന്നു ജീവിച്ചിരിക്കുന്നവൻ ഗ്രഹിച്ചുകൊള്ളും. ചിരിക്കുന്നതിനെക്കാൾ നല്ലതു കരയുന്നതാണ്. മുഖം മ്ലാനമാക്കുമെങ്കിലും അതു ഹൃദയത്തിന് ആശ്വാസം നല്‌കും. ജ്ഞാനിയുടെ ഹൃദയം വിലാപഭവനത്തിലായിരിക്കും; മൂഢന്മാരുടെ ഹൃദയം ഉല്ലാസഭവനത്തിലും. മൂഢന്മാരുടെ ഗാനം കേൾക്കുന്നതിലും ഭേദം ജ്ഞാനിയുടെ ശാസന കേൾക്കുന്നതാണ്. അടുപ്പിൽ കത്തുന്ന ചുള്ളിവിറകിന്റെ കിരുകിരുപ്പു പോലെയാണു മൂഢന്റെ ചിരി. അതും മിഥ്യ തന്നെ.

സഭാപ്രസംഗി 7:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നല്ല പേര് സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. വിരുന്നുവീട്ടിൽ പോകുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്; മരണം സകലമനുഷ്യരുടെയും അവസാനമല്ലയോ; ജീവിച്ചിരിക്കുന്നവൻ അത് ഹൃദയത്തിൽ കരുതിക്കൊള്ളും. ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; എന്നാൽ മൂഢന്മാരുടെ ഹൃദയം സന്തോഷഭവനത്തിലത്രേ. മൂഢന്‍റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്. മൂഢൻ ചിരിക്കുമ്പോൾ കലത്തിന്‍റെ കീഴിൽ മുള്ളുകൾ കത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദംപോലെ തോന്നും. അതും മായ അത്രേ.

സഭാപ്രസംഗി 7:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും. ചിരിയെക്കാൾ വ്യസനം നല്ലതു; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ. മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നതു മനുഷ്യന്നു നല്ലതു. മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായ അത്രേ.

സഭാപ്രസംഗി 7:1-6 സമകാലിക മലയാളവിവർത്തനം (MCV)

സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം, മരണദിനത്തെക്കാൾ ജന്മദിനവും. വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്, ഓരോ മനുഷ്യന്റെയും അവസാനം മരണമാണല്ലോ; ജീവിച്ചിരിക്കുന്നവരെല്ലാം ഇതു ഹൃദയത്തിൽ കരുതിക്കൊള്ളണം. ചിരിയെക്കാൾ വ്യസനം നല്ലത്, കാരണം വാടിയമുഖം ഹൃദയത്തിനു നല്ലതാണ്. ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും, ഭോഷരുടെ ഹൃദയം ഉല്ലാസവീട്ടിലും ആകുന്നു. ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശകാരം ശ്രദ്ധിക്കുന്നത് നല്ലത്. കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ, അങ്ങനെയാകുന്നു ഭോഷരുടെ ചിരി. ഇതും അർഥശൂന്യം.