സഭാപ്രസംഗി 4:4-8

സഭാപ്രസംഗി 4:4-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മനുഷ്യന്റെ എല്ലാ പ്രയത്നങ്ങൾക്കും കർമകുശലതയ്‍ക്കും പ്രേരണ ലഭിക്കുന്നത് അപരനോടുള്ള അസൂയയിൽനിന്നാണ് എന്നു ഞാൻ അറിഞ്ഞു. അതും മിഥ്യയും വ്യർഥവുമാകുന്നു. മൂഢൻ കൈയും കെട്ടിയിരുന്നു സ്വയം ക്ഷയിക്കുന്നു. ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാൾ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം. സൂര്യനു കീഴെ വീണ്ടും ഞാൻ മിഥ്യ കണ്ടു; ഉറ്റവർ ആരുമില്ലാത്ത ഒരുവൻ; പുത്രനോ സഹോദരനോ അയാൾക്കില്ല; എങ്കിലും അയാളുടെ കഠിനാധ്വാനത്തിന് അന്തമില്ല. എത്ര സമ്പത്തു കണ്ടിട്ടും അയാളുടെ കണ്ണുകൾക്കു തൃപ്തി വരുന്നില്ല. “എല്ലാ സുഖങ്ങളും സ്വയം നിഷേധിച്ചു ഞാൻ പാടുപെടുന്നത് ആർക്കുവേണ്ടിയാണ്” എന്ന് അയാൾ ഒരിക്കലും ചിന്തിക്കുന്നില്ല. ഇതും മിഥ്യയും നിർഭാഗ്യകരമായ അവസ്ഥയുമാകുന്നു.

സഭാപ്രസംഗി 4:4-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സകല പ്രയത്നവും സാമർഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. മൂഢൻ കൈയും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു. രണ്ടു കൈയും നിറയെ അധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്. ഞാൻ പിന്നെയും സൂര്യനു കീഴെ മായ കണ്ടു. ഏകാകിയായ ഒരുത്തനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒന്നിനും അവസാനമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടുമത്രേ.

സഭാപ്രസംഗി 4:4-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി സകലവും ഒരുവന് മറ്റൊരുവനോടുള്ള അസൂയയിൽ നിന്ന് ഉളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. മൂഢൻ കയ്യും കെട്ടിയിരുന്ന് സ്വയം നശിപ്പിക്കുന്നു. രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്. ഞാൻ പിന്നെയും സൂര്യനുകീഴിൽ മായ കണ്ടു. ഏകാകിയായ ഒരുവനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്‍റെ പ്രയത്നത്തിന് ഒരു അവസാനവുമില്ല; അവന്‍റെ കണ്ണിന് സമ്പത്ത് കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ച് സുഖാനുഭവം ത്യജിക്കുന്നു? ഇത് മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.

സഭാപ്രസംഗി 4:4-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. മൂഢൻ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു. രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു. ഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു. ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.

സഭാപ്രസംഗി 4:4-8 സമകാലിക മലയാളവിവർത്തനം (MCV)

ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള അസൂയയിൽനിന്നാണ് എല്ലാ കഠിനാധ്വാനവും എല്ലാ അഭിവൃദ്ധിയും പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാൻ മനസ്സിലാക്കി. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ. ഭോഷർ കൈയുംകെട്ടിയിരുന്ന് തങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു. കാറ്റിനുപിന്നാലെ ഓടി ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്. സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു: ഏകാകിയായ ഒരു പുരുഷൻ, അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല. “ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു, “എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?” ഇതും അർഥശൂന്യം— ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ!