സഭാപ്രസംഗി 11:1-6

സഭാപ്രസംഗി 11:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ട് നിനക്ക് അതു കിട്ടും; ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്ത് അനർഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ. മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തുതന്നെ കിടക്കും; കാറ്റിനെ വിചാരിക്കുന്നവൻ വിതയ്ക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല. കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായ് വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല. രാവിലെ നിന്റെ വിത്തു വിതയ്ക്ക; വൈകുന്നേരത്ത് നിന്റെ കൈ ഇളെച്ചിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

സഭാപ്രസംഗി 11:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫലഭൂയിഷ്ഠമായ മണ്ണിൽ നിന്റെ വിത്ത് വിതയ്‍ക്കുക; ഏറിയനാൾ കഴിഞ്ഞ് നിനക്ക് അതു തിരിച്ചു കിട്ടും. ഏഴോ എട്ടോ കാര്യങ്ങളിൽ ധനം മുടക്കുക; എന്ത് അനർഥമാണ് ഭൂമിയിൽ സംഭവിക്കാൻ പോകുന്നതെന്നു നിനക്കറിഞ്ഞുകൂടല്ലോ? ജലസമൃദ്ധമാണു മേഘങ്ങളെങ്കിൽ അവ ഭൂമിയിൽ വർഷിക്കും. നിലംപതിക്കുന്ന വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീഴട്ടെ, അതു വീണിടത്തുതന്നെ കിടക്കും. കാറ്റിന്റെ ഗതി നോക്കിയിരിക്കുന്നവൻ വിതയ്‍ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവൻ കൊയ്യുകയുമില്ല. ഗർഭിണിയുടെ ഉദരത്തിൽ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിനക്ക് അറിഞ്ഞുകൂടാത്തതുപോലെ എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികൾ നീ അറിയുന്നില്ല. പ്രഭാതത്തിൽ വിത്തു വിതയ്‍ക്കുക, പ്രദോഷത്തിലും വിതയ്‍ക്കുക; ഇതോ, അതോ, രണ്ടുമോ ഏതാണു ഫലവത്താവുക എന്നു നിനക്ക് നിശ്ചയമില്ലല്ലോ.

സഭാപ്രസംഗി 11:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിന്‍റെ ധാന്യം വെള്ളത്തിന്മേൽ അയക്കുക; ഏറിയനാൾ കഴിഞ്ഞ് നിനക്കു അത് തിരികെ കിട്ടും; ഒരു ഓഹരി ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്ളുക; ഭൂമിയിൽ എന്ത് അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ. മേഘം വെള്ളംകൊണ്ട് നിറയുമ്പോൾ ഭൂമിയിൽ മഴപെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തു തന്നെ കിടക്കും. കാറ്റിനെക്കുറിച്ച് വിചാരപ്പെടുന്നവൻ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്യുകയുമില്ല. കാറ്റിന്‍റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തികളെ നീ അറിയുന്നില്ല. രാവിലെ നിന്‍റെ വിത്ത് വിതയ്ക്കുക; വൈകുന്നേരത്തും നിന്‍റെ കൈ അലസമായിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

സഭാപ്രസംഗി 11:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും; ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്തു അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ. മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണെടത്തു തന്നേ കിടക്കും. കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല. കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല. രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെകൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകുംഎന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

സഭാപ്രസംഗി 11:1-6 സമകാലിക മലയാളവിവർത്തനം (MCV)

നിന്റെ ധാന്യം സമുദ്രമാർഗം കയറ്റിയയയ്ക്കുക; വളരെ നാളുകൾക്കുശേഷം അതിൽനിന്നുള്ള ലാഭം നിന്നിലേക്ക് ഒഴുകിയെത്തും. നിനക്കുള്ളത് ഏഴോ എട്ടോ ആയി വിഭജിച്ച് നിക്ഷേപിക്കുക; എന്തു ദുരന്തമാണ് ദേശത്ത് വരുന്നതെന്ന് നീ അറിയുന്നില്ലല്ലോ. മേഘങ്ങളിൽ ജലകണികകൾ നിറഞ്ഞാൽ, അവ ഭൂമിയിലേക്കു പെയ്തിറങ്ങും. ഒരു വൃക്ഷം വീഴുന്നത് തെക്കോട്ടായാലും വടക്കോട്ടായാലും, അതു വീഴുന്നത് എവിടെയോ അവിടെത്തന്നെ കിടക്കും. കാറ്റിനെ നിരീക്ഷിക്കുന്നവർ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവർ കൊയ്യുകയുമില്ല. കാറ്റിന്റെ ഗതി നിനക്ക് അജ്ഞാതമായിരിക്കുന്നതുപോലെ, ശരീരം അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നത് എങ്ങനെയെന്നും നീ അറിയുന്നില്ലല്ലോ, അതുകൊണ്ട്, സകലതും ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയും നിനക്കു മനസ്സിലാക്കാൻ കഴിയുകയില്ല. പ്രഭാതത്തിൽ നിന്റെ വിത്തു വിതയ്ക്കുക, സായാഹ്നത്തിൽ നിന്റെ കരങ്ങൾ അലസവും ആകരുത്, കാരണം ഇതോ അതോ ഏതു സഫലമാകുമെന്നോ അല്ലെങ്കിൽ രണ്ടും ഒരുപോലെ നന്നായിരിക്കുമെന്നോ നിനക്ക് അറിയില്ലല്ലോ.