ആവർത്തനപുസ്തകം 8:10-18
ആവർത്തനപുസ്തകം 8:10-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം. നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും, നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ച് നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതൊക്കെയും വർധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽക്കൂടി നിന്നെ കൊണ്ടുവരികയും തീക്കൽപാറയിൽനിന്ന് നിനക്ക് വെള്ളം പുറപ്പെടുവിക്കയും നിന്നെ താഴ്ത്തി പരീക്ഷിച്ച് പിൻകാലത്തു നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു: എന്റെ ശക്തിയും എന്റെ കൈയുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം. നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.
ആവർത്തനപുസ്തകം 8:10-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെ നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുമ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയിരിക്കുന്ന നല്ല ദേശത്തിനുവേണ്ടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കണം. “നിങ്ങളുടെ ദൈവമായ സർവേശ്വരനെ മറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സർവേശ്വരന്റെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അവഗണിക്കരുത്. ഭക്ഷിച്ചു തൃപ്തിയാകുമ്പോഴും നല്ല വീടു പണിത് അതിൽ പാർക്കുമ്പോഴും ആടുമാടുകൾ പെരുകുമ്പോഴും സ്വർണം, വെള്ളി മുതലായവ വർധിക്കുമ്പോഴും മറ്റ് സകലത്തിലും സമൃദ്ധിയുണ്ടാകുമ്പോഴും നിങ്ങൾ ഉള്ളുകൊണ്ട് അഹങ്കരിക്കരുത്. അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സർവേശ്വരനെ വിസ്മരിക്കുകയും അരുത്. ഉഗ്രസർപ്പങ്ങളും തേളുകളും നിറഞ്ഞ വിസ്തൃതവും ഭയങ്കരവുമായ മരുഭൂമിയിലൂടെ അവിടുന്നു നിങ്ങളെ നടത്തി. വരണ്ടസ്ഥലത്ത് കരിങ്കൽ പാറയിൽനിന്ന് അവിടുന്നു ജലം പുറപ്പെടുവിച്ചു. നിങ്ങളുടെ പിതാക്കന്മാർ ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങൾക്ക് ആഹാരമായി മരുഭൂമിയിൽവച്ചു നല്‌കി. നിങ്ങളെ വിനീതരാക്കാനും പരീക്ഷിക്കാനും ഒടുവിൽ നന്മകൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു ഇങ്ങനെയെല്ലാം ചെയ്തത്. അതിനാൽ നിങ്ങളുടെ ശക്തിയും കരബലവുംകൊണ്ടാണ് ഈ സമ്പത്തെല്ലാം ഉണ്ടായതെന്നു നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ സ്മരിക്കണം. സമ്പത്തു നേടാനുള്ള ശക്തി നിങ്ങൾക്കു നല്‌കുന്നത് അവിടുന്നാണ്. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിയിൽ അവിടുന്നു വിശ്വസ്തനായിരുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.
ആവർത്തനപുസ്തകം 8:10-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം. “നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിക്കുവാനും, ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിക്കുവാനും ശ്രദ്ധിക്കുക. നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോഴും നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി, നിനക്കു വെള്ളിയും പൊന്നും ഏറി, നിനക്കുള്ളത് ഒക്കെയും വർദ്ധിക്കുമ്പോഴും നിന്‍റെ ഹൃദയം നിഗളിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നിന്നെ അടിമവീടായ മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുകയും അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരുകയും, തീക്കൽ പാറയിൽനിന്ന് നിനക്കു വേണ്ടി വെള്ളം പുറപ്പെടുവിക്കയും നിന്നെ താഴ്ത്തി പരീക്ഷിച്ച് ഭാവികാലത്ത് നിനക്കു നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ, നിന്‍റെ പൂര്‍വ്വ പിതാക്കന്മാർ അറിയാത്ത മന്ന കൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറക്കരുത്. “എന്‍റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളേണം. നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്‍റെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത തന്‍റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.
ആവർത്തനപുസ്തകം 8:10-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം. നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും, നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും നിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു: എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം. നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നതു.
ആവർത്തനപുസ്തകം 8:10-18 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ ഭക്ഷിച്ചു തൃപ്തനായശേഷം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ മനോഹരദേശത്തിനുവേണ്ടി അവിടത്തേക്ക് സ്തോത്രംചെയ്യണം. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറക്കാതിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകളും നിയമങ്ങളും ഉത്തരവുകളും അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾ ഭക്ഷിച്ചു തൃപ്തനായി നല്ല വീടുകൾ പണിത് അവയിൽ താമസിക്കുകയും നിങ്ങളുടെ ആടുകളും കന്നുകാലികളും പെരുകുകയും വെള്ളിയും സ്വർണവും വർധിക്കുകയും നിങ്ങൾക്കുള്ള സകലതും സമൃദ്ധമായിട്ട് ഉണ്ടാകുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ഹൃദയം നിഗളിച്ച് അടിമഗൃഹമായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ നിങ്ങൾ മറക്കും. വിഷസർപ്പവും തേളും ഉള്ള വലുതും ഭയാനകവുമായ മരുഭൂമിയിലൂടെയാണ് അവിടന്നു നിങ്ങളെ നടത്തിയത്. വെള്ളമില്ലാതെ വരണ്ടദേശത്ത് തീക്കൽപ്പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം നൽകി. നിങ്ങളെ വിനയമുള്ളവരാക്കുന്നതിനും പരീക്ഷിക്കുന്നതിനും അങ്ങനെ നിങ്ങൾക്കു നന്മയുണ്ടാകുന്നതിനും നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് മരുഭൂമിയിൽവെച്ച് അവിടന്ന് നിങ്ങളെ പരിപോഷിപ്പിച്ചു. “എന്റെ ശക്തിയും കൈബലവും ഈ സമ്പത്തുണ്ടാക്കി,” എന്നു നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പറയരുത്. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ഓർക്കണം. നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത അവിടത്തെ ഉടമ്പടി ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവിടന്നാണല്ലോ നിങ്ങൾക്കു സമ്പത്തു നേടാൻ പ്രാപ്തി നൽകുന്നത്.