ആവർത്തനപുസ്തകം 6:1-15
ആവർത്തനപുസ്തകം 6:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിനും നിന്റെ ജീവകാലമൊക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാൻ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാ ചട്ടങ്ങളും കല്പനകളും പ്രമാണിപ്പാൻ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിനും നീ ദീർഘായുസ്സോടിരിക്കേണ്ടതിനുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചു തരുവാൻ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു. ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിനും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർധിക്കേണ്ടതിനും നീ കേട്ട് ജാഗ്രതയോടെ അനുസരിച്ചു നടക്ക. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻതന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം. നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നീ നിറയ്ക്കാതെ സകല സമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവു തോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം. നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്; നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
ആവർത്തനപുസ്തകം 6:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ചെന്നു കൈവശമാക്കുവാൻ പോകുന്ന ദേശത്ത് പാലിക്കാൻ വേണ്ടി നിങ്ങളെ പഠിപ്പിക്കാൻ നിങ്ങളുടെ ദൈവമായ സർവേശ്വരൻ എന്നോടു കല്പിച്ച നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ഇവയാണ്. ഞാൻ നല്‌കുന്ന നിയമങ്ങളും അനുശാസനങ്ങളും നിങ്ങൾ തലമുറതലമുറയായി ആയുഷ്കാലം മുഴുവൻ അനുസരിച്ചു നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെട്ടു ജീവിക്കണം; എന്നാൽ നിങ്ങൾക്കു ദീർഘായുസ്സു ലഭിക്കും. ഇസ്രായേൽജനമേ, ഇവ ശ്രദ്ധയോടെ കേട്ടു പാലിക്കുക; എന്നാൽ നിങ്ങൾക്കു നന്മ വരും; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ വളർന്ന് വലിയ ജനമായിത്തീരും. ഇസ്രായേൽജനമേ, കേൾക്കുക, നമ്മുടെ ദൈവമായ സർവേശ്വരനാണ് ഏക കർത്താവ്; നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും, പൂർണമനസ്സോടും, പൂർണശക്തിയോടും കൂടി സ്നേഹിക്കണം. ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന കല്പനകൾ നിങ്ങൾ ഒരിക്കലും മറക്കരുത്; അവ നിങ്ങളുടെ മക്കളെ പൂർണശ്രദ്ധയോടെ പഠിപ്പിക്കണം. വീട്ടിൽ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിക്കണം. നിങ്ങൾക്ക് ഒരു അടയാളമായി അവ എഴുതി കൈയിൽ കെട്ടുക; അവ നിങ്ങൾ നെറ്റിപ്പട്ടമായി അണിയുകയും വേണം; അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതുക. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങളെ കൊണ്ടുവരും. അവിടെ നിങ്ങൾ നിർമ്മിക്കാത്ത വലുതും മനോഹരവുമായ പട്ടണങ്ങളും നിങ്ങൾ നിറയ്‍ക്കാതെതന്നെ വിശിഷ്ട സമ്പത്തുകൾകൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും നിങ്ങൾ കുഴിക്കാത്ത കിണറുകളും നിങ്ങൾ നട്ടു വളർത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു ലഭിക്കും. നിങ്ങൾ ഭക്ഷിച്ച് സംതൃപ്തരാകും. അപ്പോൾ അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരനെ മറക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയഭക്തിയോടെ സേവിക്കുക; അവിടുത്തെ നാമത്തിൽ മാത്രമേ നിങ്ങൾ സത്യം ചെയ്യാവൂ. നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കോപം ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യും. നിങ്ങളുടെ മധ്യേയുള്ള നിങ്ങളുടെ ദൈവമായ സർവേശ്വരൻ തീക്ഷ്ണതയുള്ള ദൈവമാണല്ലോ.
ആവർത്തനപുസ്തകം 6:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും നിന്‍റെ ജീവകാലം ഒക്കെയും നീയും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്താനപരമ്പരകളും ദൈവമായ യഹോവയെ ഭയപ്പെട്ട് ഞാൻ നിങ്ങളോട് അറിയിക്കുന്ന എല്ലാ ചട്ടങ്ങളും കല്പനകളും പ്രമാണിക്കുവാനും നിങ്ങൾ ദീർഘായുസ്സോട് കൂടി ഇരിക്കുവാനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചുതരുവാൻ നൽകിയ കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു. ആകയാൽ യിസ്രായേലേ, നിനക്കു നന്മയുണ്ടാകുവാനും നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിനും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്കുക. “യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ. നിന്‍റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം. അവ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്‍റെ കണ്ണുകൾക്ക് മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കേണം. അവ നിന്‍റെ വീടിന്‍റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതേണം. “നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, എന്നീ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് നിന്നെ കൊണ്ടുചെന്ന്, നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും, നീ നിറക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും, നീ കുഴിക്കാത്ത കിണറുകളും, നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും, നിനക്കു തരുകയും നീ തിന്ന് തൃപ്തി പ്രാപിക്കുകയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീം ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം. “നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ച്, നിന്നെ ഭൂമിയിൽനിന്ന് നശിപ്പിക്കാതിരിക്കുവാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്; നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യത്തിൽ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
ആവർത്തനപുസ്തകം 6:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാൻ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാൻ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഉപദേശിച്ചുതരുവാൻ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു. ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം. നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം. നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
ആവർത്തനപുസ്തകം 6:1-15 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളെ പഠിപ്പിക്കുന്നതിനായി നിങ്ങളുടെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. നിങ്ങൾ യോർദാൻനദികടന്ന്, അവകാശമാക്കാനിരിക്കുന്ന ദേശത്തു വാസം ആരംഭിക്കുമ്പോൾ നിങ്ങളും നിങ്ങളുടെ മക്കളും അതിനുശേഷം അവരുടെ മക്കളും ഈ കൽപ്പനകൾ അനുസരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ആയുഷ്പര്യന്തം ഭയപ്പെടുകയും വേണം. ഇങ്ങനെ നിങ്ങൾ അവിടത്തെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചാൽ ദീർഘായുസ്സുള്ളവരായിരിക്കും. ഇസ്രായേലേ, കേൾക്ക, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനംചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു വളരെയധികമായി വർധിച്ചുവരേണ്ടതിനും, നിങ്ങൾ സൂക്ഷ്മതയോടെ അനുസരിച്ചു ജീവിക്കുക. ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നശേഷം നിങ്ങൾ പണിതിട്ടില്ലാത്ത വലുതും സമ്പന്നവുമായ പട്ടണങ്ങളും നിങ്ങൾ നിറയ്ക്കാതെതന്നെ സകലസമ്പന്നതയും നിറഞ്ഞിരിക്കുന്ന വീടുകളും കുഴിക്കാത്ത കിണറുകളും നട്ടുവളർത്താത്ത മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു നൽകും. നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാകുമ്പോൾ നിങ്ങളെ അടിമവീടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക. നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; അവിടത്തെമാത്രമേ സേവിക്കാവൂ; അവിടത്തെ നാമത്തിൽമാത്രം ശപഥംചെയ്യണം. നിങ്ങളുടെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനംചെയ്യാതിരിക്കാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദേവന്മാരുടെ പിന്നാലെ നിങ്ങൾ പോകരുത്. നിങ്ങളുടെ നടുവിലുള്ള, നിങ്ങളുടെ ദൈവമായ യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.