ആവർത്തനപുസ്തകം 5:28-33

ആവർത്തനപുസ്തകം 5:28-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ട് എന്നോടു കല്പിച്ചത്: ഈ ജനം നിന്നോടു പറഞ്ഞ വാക്ക് ഞാൻ കേട്ടു; അവർ പറഞ്ഞതൊക്കെയും നല്ലത്. അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിനും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവർക്ക് എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്ന്. നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്ന് അവരോടു ചെന്നു പറക. നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും. ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‍വാൻ ജാഗ്രതയായിരിപ്പിൻ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുത്. നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്കു നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴിയിലും നടന്നുകൊൾവിൻ.

ആവർത്തനപുസ്തകം 5:28-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ സർവേശ്വരൻ എന്നോടു പറഞ്ഞു: “ഈ ജനം നിന്നോടു പറഞ്ഞതെല്ലാം ഞാൻ കേട്ടു; അവർ പറഞ്ഞത് ഉചിതംതന്നെ. എന്നെ ഭയപ്പെട്ട് എന്റെ കല്പനകളെല്ലാം അനുസരിക്കാൻ അവർക്ക് ഇപ്പോഴത്തെപ്പോലെ എപ്പോഴും മനസ്സുണ്ടായിരുന്നെങ്കിൽ അത് അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരുന്നു. കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകാൻ ജനത്തോടു പറയുക. നീ ഇവിടെ എന്റെ അടുത്തു നില്‌ക്കുക; എന്റെ സകല നിയമങ്ങളും കല്പനകളും അനുശാസനങ്ങളും ഞാൻ നിന്നെ അറിയിക്കാം. ഞാൻ അവകാശമായി നല്‌കുന്ന ദേശത്ത് അവർ അനുഷ്ഠിക്കാൻ അവയെല്ലാം ജനത്തെ പഠിപ്പിക്കുക. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടു കല്പിച്ചതു ചെയ്യാൻ ജാഗ്രതയുള്ളവരായിരിക്കണം. അവയിൽനിന്നു വ്യതിചലിക്കരുത്. നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകാനും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സായിരിക്കാനും അവിടുന്നു നിങ്ങളോടു കല്പിച്ച മാർഗത്തിൽതന്നെ നടക്കണം.”

ആവർത്തനപുസ്തകം 5:28-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ എന്നോട് സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോട് കല്പിച്ചത്: ‘ഈ ജനം നിന്നോട് പറഞ്ഞവാക്ക് ഞാൻ കേട്ടു; അവർ പറഞ്ഞത് നല്ലകാര്യം. അവരും അവരുടെ മക്കളും എന്നേക്കും ശുഭമായിരിക്കുവാൻ അവർ എന്നെ ഭയപ്പെടേണ്ടതിനും എന്‍റെ കല്പനകൾ സകലവും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവർക്ക് എപ്പോഴും ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. നിങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകുവീൻ എന്നു അവരോട് പറയുക. നീയോ ഇവിടെ എന്‍റെ അടുക്കൽ നില്ക്കുക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ എന്നെ അനുസരിച്ച് നടക്കുവാൻ നീ അവരെ ഉപദേശിക്കേണ്ട സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോട് കല്പിക്കും.’ ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് കല്പിച്ചതുപോലെ ചെയ്യുവാൻ ജാഗ്രത കാണിക്കുക; ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്ക് നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടന്നുകൊള്ളുവിൻ.”

ആവർത്തനപുസ്തകം 5:28-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോടു കല്പിച്ചതു: ഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാൻ കേട്ടു; അവർ പറഞ്ഞതു ഒക്കെയും നല്ലതു. അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു. നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്നു അവരോടു ചെന്നു പറക. നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവർക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും. ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‌വാൻ ജാഗ്രതയായിരിപ്പിൻ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു. നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊൾവിൻ.

ആവർത്തനപുസ്തകം 5:28-33 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ എന്നോടു പറഞ്ഞവാക്കുകൾ കേട്ടിട്ട് യഹോവ എന്നോട് ഇപ്രകാരം കൽപ്പിച്ചു: “ഈ ജനം നിന്നോടു സംസാരിച്ച വാക്കുകൾ ഞാൻ കേട്ടു—അവർ പറഞ്ഞതെല്ലാം നല്ലതാകുന്നു— അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്മയുണ്ടാകേണ്ടതിന് അവർ എന്നെ ഭയപ്പെടുകയും എന്റെ നിയമങ്ങൾ എല്ലാം അനുസരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം അവർക്ക് എന്നും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. “കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരോടു പറയുക. നീ ഇവിടെ എന്റെ സന്നിധിയിൽ നിൽക്കുക. ഞാൻ അവർക്ക് അവകാശമായി നൽകുന്ന ദേശത്ത് അവർ പ്രമാണിച്ചു നടക്കേണ്ടതിന് നീ അവരോട് ഉപദേശിക്കേണ്ട എല്ലാ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞാൻ നിന്നോടു കൽപ്പിക്കും.” അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകളെല്ലാം പാലിച്ചു ജീവിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്. നിങ്ങൾ അവകാശമാക്കുന്ന ദേശത്ത് ജീവിക്കുകയും അഭിവൃദ്ധിപ്പെടുകയും ദീർഘായുസ്സോടിരിക്കുകയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെ അവിടത്തെ എല്ലാ കൽപ്പനകളും പാലിച്ച് ജീവിക്കുക.