ആവർത്തനപുസ്തകം 4:3-10

ആവർത്തനപുസ്തകം 4:3-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെയൊക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരുന്ന നിങ്ങളൊക്കെയും ഇന്നു ജീവനോടിരിക്കുന്നു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നെയല്ലോ ജാതികളുടെ ദൃഷ്‍ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ട്: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനംതന്നെ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്ക് അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളൂ? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന ഈ സകല ന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളൂ? കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ച് നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം. വിശേഷാൽ ഹോറേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുത്. അന്ന് യഹോവ എന്നോട്: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളൊക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.

ആവർത്തനപുസ്തകം 4:3-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബാൽ-പെയോരിൽവച്ചു സർവേശ്വരൻ പ്രവർത്തിച്ചതു നിങ്ങൾ കണ്ടതാണല്ലോ; പെയോരിലെ ബാലിനെ ആരാധിച്ചവരെയെല്ലാം അവിടുന്നു നശിപ്പിച്ചു. എന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരനോടു വിശ്വസ്തരായിരുന്ന നിങ്ങൾ ഇന്നും ജീവനോടെയിരിക്കുന്നു. ഇതാ, എന്റെ ദൈവമായ സർവേശ്വരൻ എന്നോടു കല്പിച്ചതുപോലെ സകല നിയമങ്ങളും അനുശാസനങ്ങളും ഞാൻ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു; നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്ത് പാർക്കുമ്പോൾ നിങ്ങൾ അവയെല്ലാം പാലിക്കണം. നിങ്ങൾ വിശ്വസ്തതയോടെ അവ പാലിച്ചു ജീവിക്കുമ്പോൾ മറ്റു ജനതകളുടെ ദൃഷ്‍ടിയിൽ നിങ്ങൾ ജ്ഞാനവും വിവേകവും തികഞ്ഞ ജനതയായിരിക്കും. നിങ്ങൾ പാലിക്കുന്ന കല്പനകളെക്കുറിച്ച് കേൾക്കുമ്പോൾ ‘ഈ ശ്രേഷ്ഠജനം ജ്ഞാനവും വിവേകവും ഉള്ളവർതന്നെ’ എന്ന് അവർ പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടുന്നു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര സമീപസ്ഥനായിരിക്കുന്ന ശ്രേഷ്ഠജാതി ഏതുണ്ട്? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന നിയമസംഹിതയിൽ അടങ്ങിയിരിക്കുന്നതുപോലെ നീതിനിഷ്ഠമായ നിയമങ്ങളും അനുശാസനങ്ങളും ഉള്ള ശ്രേഷ്ഠജനത വേറെ ഏതുണ്ട്? നിങ്ങൾ നേരിൽ കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും നിങ്ങളുടെ ആയുഷ്കാലം മുഴുവൻ അവ നിങ്ങളുടെ മനസ്സിൽനിന്നു മാഞ്ഞുപോകാതിരിക്കാനും ജാഗരൂകരായിരിക്കുവിൻ. നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അവ അറിയിക്കണം. സീനായ്മലയിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിങ്ങൾ നിന്ന ദിവസം അവിടുന്ന് എന്നോട് കല്പിച്ചു: ജനത്തെ വിളിച്ചുകൂട്ടുക; അവർ എന്റെ വാക്കു കേൾക്കട്ടെ; അങ്ങനെ അവർ ആയുഷ്കാലം മുഴുവൻ എന്നോടു ഭയഭക്തിയുള്ളവരായിരിക്കാൻ പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യട്ടെ.

ആവർത്തനപുസ്തകം 4:3-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ബാൽ-പെയോരിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു. ബാൽ-പെയോരിനെ പിന്തുടർന്നവരെ സംമ്പൂർണ്ണമായി ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളഞ്ഞുവല്ലോ. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരുന്ന നിങ്ങൾ എല്ലാവരും ഇന്ന് ജീവനോടിരിക്കുന്നു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത്, നിങ്ങൾ അനുസരിച്ച് നടപ്പാനായി എന്‍റെ, ദൈവമായ യഹോവ എന്നോട് കല്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവ പ്രമാണിച്ച് നടക്കുവിൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ കേട്ടിട്ടു, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നെ’ എന്നു പറയും. നാം നമ്മുടെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമ്മോട് അടുത്തിരിക്കുന്നു. ഇതുപോലെ ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു? കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്‍റെ ആയുഷ്കാലത്ത് ഒരിക്കലും അവ നിന്‍റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിക്കുവാൻ സൂക്ഷിച്ചു നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്ളുക; നിന്‍റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം. വിശേഷാൽ ഹോരേബിൽ നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം സംഭവിച്ച കാര്യം മറക്കരുത്. അന്നു യഹോവ എന്നോട്: “ജനത്തെ എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്‍റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമെല്ലാം എന്നെ ഭയപ്പെടുവാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കല്പിച്ചുവല്ലോ.

ആവർത്തനപുസ്തകം 4:3-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരുന്ന നിങ്ങൾ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു? കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം. വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽനിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടു: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.

ആവർത്തനപുസ്തകം 4:3-10 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ബാൽ-പെയോരിൽ ചെയ്തത് എന്തെന്നു നിങ്ങൾ സ്വന്തം കണ്ണുകൊണ്ടുതന്നെ കണ്ടിരിക്കുന്നു. പെയോരിലെ ബാൽദേവന്റെ പിന്നാലെ ചെന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു സംഹരിച്ചുകളഞ്ഞു. എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു വിശ്വസ്തരായി നിന്നതുകൊണ്ട് നിങ്ങൾ എല്ലാവരും ഇന്നു ജീവിച്ചിരിക്കുന്നു. നോക്കുക, എന്റെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തു ചെല്ലുമ്പോൾ അനുസരിച്ചു ജീവിക്കുന്നതിനുള്ള ഉത്തരവുകളും പ്രമാണങ്ങളും ഞാൻ നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു. നിങ്ങൾ അവ സസൂക്ഷ്മം പാലിക്കണം. നിങ്ങൾക്കു ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങൾക്കുള്ള ജ്ഞാനവും വിവേകവും അതാണ്. അവർ ഈ ഉത്തരവുകളെല്ലാം കേട്ടിട്ട്, “ഉറപ്പായും ഈ ശ്രേഷ്ഠജനത ജ്ഞാനവും വിവേകവും ഉള്ളവർതന്നെ” എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോട് നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടന്ന് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ഇത്രവേഗം സഹായത്തിനായെത്തുന്ന ഒരു ദൈവമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്? ഞാൻ ഇന്നു നിങ്ങൾക്ക് നൽകിയ ഒരുകൂട്ടം നിയമങ്ങൾപോലെ നീതിയുള്ള ഉത്തരവുകളും നിയമങ്ങളുമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്? നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം. ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു.