ആവർത്തനപുസ്തകം 4:1-24

ആവർത്തനപുസ്തകം 4:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിനു ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ. ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കയോ ചെയ്യരുത്. ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെയൊക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരുന്ന നിങ്ങളൊക്കെയും ഇന്നു ജീവനോടിരിക്കുന്നു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നെയല്ലോ ജാതികളുടെ ദൃഷ്‍ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ട്: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനംതന്നെ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്ക് അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളൂ? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന ഈ സകല ന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളൂ? കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ച് നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം. വിശേഷാൽ ഹോറേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുത്. അന്ന് യഹോവ എന്നോട്: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളൊക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ. അങ്ങനെ നിങ്ങൾ അടുത്തുവന്നു പർവതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവതം ആകാശമധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു. യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല. നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന് അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു. നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ചു നടക്കേണ്ടുന്നതിനുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്ത് എന്നോടു കല്പിച്ചു. നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോറേബിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ. അതുകൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്തം പ്രവർത്തിക്കരുത്. നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുത്; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവജാതികൾക്കും പങ്കിട്ടുകൊടുത്തിരിക്കുന്നു. നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്ക് അവകാശജനമായിരിക്കേണ്ടതിനു യഹോവ തിരഞ്ഞെടുത്ത് നിങ്ങളെ മിസ്രയീം എന്ന ഇരുമ്പുലയിൽനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു. എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യം ചെയ്തു. ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവച്ചു മരിക്കും; നിങ്ങളോ കടന്നുചെന്ന് ആ നല്ല ദേശം കൈവശമാക്കും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്ന് നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവംതന്നെ.

ആവർത്തനപുസ്തകം 4:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ ഇസ്രായേൽജനത്തോടു പറഞ്ഞു: “ഇസ്രായേലേ നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് നല്‌കുന്ന ദേശത്തു പ്രവേശിച്ച് അതു കൈവശമാക്കേണ്ടതിനും ഞാൻ നിങ്ങളെ പഠിപ്പിക്കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധാപൂർവം പാലിക്കുവിൻ. ഞാൻ നിങ്ങൾക്കു നല്‌കുന്ന കല്പനകളോട് എന്തെങ്കിലും കൂട്ടുകയോ അതിൽനിന്ന് എന്തെങ്കിലും കുറയ്‍ക്കുകയോ ചെയ്യരുത്. ഞാൻ നിങ്ങൾക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കണം; ബാൽ-പെയോരിൽവച്ചു സർവേശ്വരൻ പ്രവർത്തിച്ചതു നിങ്ങൾ കണ്ടതാണല്ലോ; പെയോരിലെ ബാലിനെ ആരാധിച്ചവരെയെല്ലാം അവിടുന്നു നശിപ്പിച്ചു. എന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരനോടു വിശ്വസ്തരായിരുന്ന നിങ്ങൾ ഇന്നും ജീവനോടെയിരിക്കുന്നു. ഇതാ, എന്റെ ദൈവമായ സർവേശ്വരൻ എന്നോടു കല്പിച്ചതുപോലെ സകല നിയമങ്ങളും അനുശാസനങ്ങളും ഞാൻ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു; നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്ത് പാർക്കുമ്പോൾ നിങ്ങൾ അവയെല്ലാം പാലിക്കണം. നിങ്ങൾ വിശ്വസ്തതയോടെ അവ പാലിച്ചു ജീവിക്കുമ്പോൾ മറ്റു ജനതകളുടെ ദൃഷ്‍ടിയിൽ നിങ്ങൾ ജ്ഞാനവും വിവേകവും തികഞ്ഞ ജനതയായിരിക്കും. നിങ്ങൾ പാലിക്കുന്ന കല്പനകളെക്കുറിച്ച് കേൾക്കുമ്പോൾ ‘ഈ ശ്രേഷ്ഠജനം ജ്ഞാനവും വിവേകവും ഉള്ളവർതന്നെ’ എന്ന് അവർ പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടുന്നു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര സമീപസ്ഥനായിരിക്കുന്ന ശ്രേഷ്ഠജാതി ഏതുണ്ട്? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന നിയമസംഹിതയിൽ അടങ്ങിയിരിക്കുന്നതുപോലെ നീതിനിഷ്ഠമായ നിയമങ്ങളും അനുശാസനങ്ങളും ഉള്ള ശ്രേഷ്ഠജനത വേറെ ഏതുണ്ട്? നിങ്ങൾ നേരിൽ കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും നിങ്ങളുടെ ആയുഷ്കാലം മുഴുവൻ അവ നിങ്ങളുടെ മനസ്സിൽനിന്നു മാഞ്ഞുപോകാതിരിക്കാനും ജാഗരൂകരായിരിക്കുവിൻ. നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അവ അറിയിക്കണം. സീനായ്മലയിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിങ്ങൾ നിന്ന ദിവസം അവിടുന്ന് എന്നോട് കല്പിച്ചു: ജനത്തെ വിളിച്ചുകൂട്ടുക; അവർ എന്റെ വാക്കു കേൾക്കട്ടെ; അങ്ങനെ അവർ ആയുഷ്കാലം മുഴുവൻ എന്നോടു ഭയഭക്തിയുള്ളവരായിരിക്കാൻ പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യട്ടെ. നിങ്ങൾ അടുത്തു വന്നു പർവതത്തിന്റെ അടിവാരത്തു നിന്നപ്പോൾ അഗ്നി ആകാശത്തോളം ഉയർന്ന് പർവതത്തെ ജ്വലിപ്പിക്കുകയായിരുന്നു. കനത്ത മേഘവും കൂരിരുട്ടും പർവതത്തെ മൂടി. അപ്പോൾ അഗ്നിയുടെ മധ്യത്തിൽനിന്നു സർവേശ്വരൻ നിങ്ങളോട് അരുളിച്ചെയ്തു: “നിങ്ങൾ ശബ്ദം മാത്രം കേട്ടു; ഒന്നും ദൃഷ്‍ടിഗോചരമായില്ല. അവിടുന്നു തന്റെ ഉടമ്പടി നിങ്ങളോടു പ്രഖ്യാപിച്ചു. നിങ്ങൾ പാലിക്കാൻ അവിടുന്നു കല്പിച്ച പത്തു കല്പനകളാണവ; അവിടുന്ന് അവ രണ്ടു കല്പലകകളിൽ എഴുതി. നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന സ്ഥലത്തു ചെല്ലുമ്പോൾ അനുഷ്ഠിക്കാൻവേണ്ടി നിയമങ്ങളും അനുശാസനങ്ങളും നിങ്ങളെ പഠിപ്പിക്കാൻ അവിടുന്ന് എന്നോടു കല്പിച്ചു. അതിനാൽ ശ്രദ്ധിച്ചുകൊള്ളുക: “സീനായ്മലയിൽ അഗ്നിയുടെ മധ്യത്തിൽ നിന്നുകൊണ്ട് സർവേശ്വരൻ നിങ്ങളോടു കല്പിച്ചപ്പോൾ നിങ്ങൾ ഒരു രൂപവും കണ്ടില്ലല്ലോ. ഏതെങ്കിലും പുരുഷന്റെയോ സ്‍ത്രീയുടെയോ മൃഗത്തിന്റെയോ പക്ഷിയുടെയോ ഇഴജാതിയുടെയോ മത്സ്യത്തിന്റെയോ വിഗ്രഹം ഉണ്ടാക്കി നിങ്ങൾ അശുദ്ധരാകാതിരിക്കാൻ വേണ്ടി ആയിരുന്നു അത്. സൂക്ഷിച്ചുകൊള്ളുക. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങിയ ആകാശശക്തികളിൽ ആകൃഷ്ടരായി അവയെ നമസ്കരിക്കുന്നതിനോ സേവിക്കുന്നതിനോ ഇടയാകരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവയെ ആകാശത്തിൻകീഴുള്ള സർവജനങ്ങൾക്കുമായി നല്‌കിയതാണ്. നിങ്ങൾ ഇന്ന് സർവേശ്വരന്റെ സ്വന്തജനമാണല്ലോ. അതിനുവേണ്ടിയാണ് അവിടുന്നു നിങ്ങളെ ഈജിപ്താകുന്ന ഇരുമ്പു തീച്ചൂളയിൽനിന്നു മോചിപ്പിച്ച് ഇവിടെ കൊണ്ടുവന്നത്. എന്നാൽ നിങ്ങൾ നിമിത്തം സർവേശ്വരൻ എന്നോടു കോപിച്ചു. ഞാൻ യോർദ്ദാൻനദി കടക്കുകയോ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന വിശിഷ്ട ദേശത്തു പ്രവേശിക്കുകയോ ഇല്ലെന്ന് അവിടുന്നു ശപഥം ചെയ്തു. അതുകൊണ്ട് ഞാൻ യോർദ്ദാൻ കടക്കാതെ ഇവിടെവച്ചു മരിക്കും; നിങ്ങൾ നദി കടന്ന് ആ വിശിഷ്ട ദേശം കൈവശമാക്കും. ദൈവമായ സർവേശ്വരൻ നിങ്ങളുമായി ചെയ്തിട്ടുള്ള ഉടമ്പടി നിങ്ങൾ മറക്കരുത്. അവിടുത്തെ കല്പനപോലെ എന്തിന്റെയെങ്കിലും സാദൃശ്യത്തിൽ വിഗ്രഹങ്ങൾ ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുക. എന്തെന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ ദഹിപ്പിക്കുന്ന അഗ്നിയാകുന്നു; അവിടുന്നു തീക്ഷ്ണതയുള്ള ദൈവമാണ്.

ആവർത്തനപുസ്തകം 4:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിക്കുവാനും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾക്കുവിൻ. ഞാൻ നിങ്ങളോട് കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോട് കല്പിക്കുന്ന വചനത്തോട് കൂട്ടുകയോ അതിൽനിന്ന് ഒന്നും കുറയ്ക്കുകയോ ചെയ്യരുത്. ബാൽ-പെയോരിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു. ബാൽ-പെയോരിനെ പിന്തുടർന്നവരെ സംമ്പൂർണ്ണമായി ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളഞ്ഞുവല്ലോ. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരുന്ന നിങ്ങൾ എല്ലാവരും ഇന്ന് ജീവനോടിരിക്കുന്നു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത്, നിങ്ങൾ അനുസരിച്ച് നടപ്പാനായി എന്‍റെ, ദൈവമായ യഹോവ എന്നോട് കല്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവ പ്രമാണിച്ച് നടക്കുവിൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ കേട്ടിട്ടു, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നെ’ എന്നു പറയും. നാം നമ്മുടെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമ്മോട് അടുത്തിരിക്കുന്നു. ഇതുപോലെ ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു? കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്‍റെ ആയുഷ്കാലത്ത് ഒരിക്കലും അവ നിന്‍റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിക്കുവാൻ സൂക്ഷിച്ചു നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്ളുക; നിന്‍റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം. വിശേഷാൽ ഹോരേബിൽ നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം സംഭവിച്ച കാര്യം മറക്കരുത്. അന്നു യഹോവ എന്നോട്: “ജനത്തെ എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്‍റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമെല്ലാം എന്നെ ഭയപ്പെടുവാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കല്പിച്ചുവല്ലോ. അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്‍റെ താഴ്വരയിൽ നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കുമ്പോൾ പർവ്വതത്തിൽ ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല. നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് അവൻ നിങ്ങളോട് കല്പിച്ച തന്‍റെ നിയമമായ പത്തു കല്പനകൾ അവൻ നിങ്ങളെ അറിയിക്കുകയും രണ്ടു കല്പലകകളിൽ എഴുതുകയും ചെയ്തു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് അനുസരിച്ച് നടക്കേണ്ട ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോട് കല്പിച്ചു. ”നിങ്ങൾ നന്നായി സൂക്ഷിച്ചുകൊള്ളുവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ. അതുകൊണ്ട് നിങ്ങൾ ആണിൻ്റെയോ പെണ്ണിൻ്റെയോ സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്‍റെ സാദൃശ്യമോ, ആകാശത്ത് പറക്കുന്ന യാതൊരു പക്ഷിയുടെ സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെ സാദൃശ്യമോ, ഭൂമിക്ക് കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്‍റെ സാദൃശ്യമോ, ഇങ്ങനെ യാതൊന്നിൻ്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്തം പ്രവർത്തിക്കരുത്. ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ അവയെ നമസ്കരിക്കുവാനും സേവിക്കുവാനും നീ വശീകരിക്കപ്പെടരുത്; അവയെ നിന്‍റെ ദൈവമായ യഹോവ ആകാശത്തിന്‍റെ കീഴിലുള്ള സർവ്വജാതികൾക്കും പങ്കിട്ട് കൊടുത്തിരിക്കുന്നു. നിങ്ങളെയോ തനിക്കു അവകാശജനമായിരിക്കേണ്ടതിന് യഹോവ തിരഞ്ഞെടുത്ത് മിസ്രയീം എന്ന ഇരിമ്പുരുക്കുന്ന ഉലയിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്നിരിക്കുന്നു. ”എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കുകയില്ലെന്നും നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്ത് ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു. ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ച് മരിക്കും; നിങ്ങൾ ചെന്നു ആ നല്ലദേശം കൈവശമാക്കും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്ത അവന്‍റെ നിയമം നിങ്ങൾ മറന്ന് യഹോവ നിരോധിച്ച യാതൊന്നിൻ്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ. നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നെ.

ആവർത്തനപുസ്തകം 4:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ചുനടക്കേണ്ടതിന്നു ഞാൻ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ. ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു. ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരുന്ന നിങ്ങൾ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു? കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം. വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽനിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടു: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ. അങ്ങനെ നിങ്ങൾ അടുത്തുവന്നു പർവ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശമദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു. യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല. നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു. നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു. നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ. അതുകൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു. നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻകീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു. നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു. എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു. ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നുചെന്നു ആ നല്ലദേശം കൈവശമാക്കും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.

ആവർത്തനപുസ്തകം 4:1-24 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേലേ, നിങ്ങൾ ജീവനോടെ ഇരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശമാക്കേണ്ടതിനും ഇപ്പോൾ ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ഉത്തരവുകളും പ്രമാണങ്ങളും ശ്രദ്ധിക്കുക. ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന വചനത്തോട് ഒന്നും കൂട്ടുകയോ അതിൽനിന്ന് ഒന്നും കുറയ്ക്കുകയോ ചെയ്യരുത്, പ്രത്യുത, ഞാൻ നിങ്ങൾക്കു നൽകുന്ന ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിക്കുക. യഹോവ ബാൽ-പെയോരിൽ ചെയ്തത് എന്തെന്നു നിങ്ങൾ സ്വന്തം കണ്ണുകൊണ്ടുതന്നെ കണ്ടിരിക്കുന്നു. പെയോരിലെ ബാൽദേവന്റെ പിന്നാലെ ചെന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു സംഹരിച്ചുകളഞ്ഞു. എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു വിശ്വസ്തരായി നിന്നതുകൊണ്ട് നിങ്ങൾ എല്ലാവരും ഇന്നു ജീവിച്ചിരിക്കുന്നു. നോക്കുക, എന്റെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തു ചെല്ലുമ്പോൾ അനുസരിച്ചു ജീവിക്കുന്നതിനുള്ള ഉത്തരവുകളും പ്രമാണങ്ങളും ഞാൻ നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു. നിങ്ങൾ അവ സസൂക്ഷ്മം പാലിക്കണം. നിങ്ങൾക്കു ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങൾക്കുള്ള ജ്ഞാനവും വിവേകവും അതാണ്. അവർ ഈ ഉത്തരവുകളെല്ലാം കേട്ടിട്ട്, “ഉറപ്പായും ഈ ശ്രേഷ്ഠജനത ജ്ഞാനവും വിവേകവും ഉള്ളവർതന്നെ” എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോട് നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടന്ന് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ഇത്രവേഗം സഹായത്തിനായെത്തുന്ന ഒരു ദൈവമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്? ഞാൻ ഇന്നു നിങ്ങൾക്ക് നൽകിയ ഒരുകൂട്ടം നിയമങ്ങൾപോലെ നീതിയുള്ള ഉത്തരവുകളും നിയമങ്ങളുമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്? നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം. ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു. അന്ധതമസ്സും കൂരിരുട്ടും പർവതത്തെ മൂടുകയും പർവതത്തിൽ ആകാശമധ്യത്തോളം തീ കത്തിജ്വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾത്തന്നെ നിങ്ങൾ പർവതത്തിന്റെ താഴ്വരയിൽ ഒരുമിച്ചുകൂടിവന്നു. അപ്പോൾ യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ചു. നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു, എന്നാൽ രൂപം ഒന്നും കണ്ടില്ല; അവിടെ ശബ്ദംമാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന് നിങ്ങളോടു കൽപ്പിച്ച പത്ത് കൽപ്പന എന്ന അവിടത്തെ ഉടമ്പടി അവിടന്ന് നിങ്ങളെ അറിയിച്ചു; രണ്ടു ശിലാഫലകങ്ങളിൽ അവ എഴുതുകയും ചെയ്തു. കൂടാതെ നിങ്ങൾ യോർദാൻനദിക്കക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്ത് ജീവിക്കുമ്പോൾ അനുസരിക്കുന്നതിനുള്ള ഉത്തരവുകളും നിയമങ്ങളും നിങ്ങളോട് ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോടു കൽപ്പിച്ചിരുന്നു. യഹോവ ഹോരേബിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ച ദിവസം യാതൊരു വിധത്തിലുമുള്ള രൂപവും നിങ്ങൾ കണ്ടില്ലല്ലോ. അതുകൊണ്ട് നിങ്ങൾ വളരെയധികം ജാഗ്രതയുള്ളവരായിരിക്കുക. നിങ്ങൾ പുരുഷൻ, സ്ത്രീ, ഭൂമിയിലുള്ള മൃഗം, ആകാശത്തു പറക്കുന്ന പക്ഷി, ഭൂമിയിലെ ഒരു ഇഴജന്തു, ഭൂമിക്കുകീഴേ വെള്ളത്തിലുള്ള മത്സ്യം, ഇങ്ങനെയുള്ള യാതൊന്നിന്റെയും പ്രതിരൂപമായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കരുത്. ആകാശത്തിലേക്കു നോക്കി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ആകാശസൈന്യനിരയെ നിങ്ങൾ കുമ്പിട്ടു നമസ്കരിക്കാൻ വശീകരിക്കപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ അവ ആകാശത്തിനുകീഴേയുള്ള സകലജനതകൾക്കും പകുത്തു നൽകിയിരിക്കുന്നു. നിങ്ങളോ, ഇന്ന് ആയിരിക്കുന്നതുപോലെ, അവിടത്തെ അവകാശജനമായിരിക്കേണ്ടതിന് യഹോവ തെരഞ്ഞെടുത്ത്, ഈജിപ്റ്റ് എന്ന ഇരുമ്പുലയിൽനിന്ന് വിടുവിച്ച്, കൊണ്ടുവന്നിരിക്കുന്നു. എന്നാൽ നിങ്ങൾനിമിത്തം യഹോവ എന്നോടു കോപിച്ചു. ഞാൻ യോർദാന് അക്കരെ കടക്കുകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ആ നല്ലദേശത്ത് പ്രവേശിക്കുകയില്ലെന്നും ശപഥംചെയ്തു. അതുകൊണ്ട് ഞാൻ യോർദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും. എന്നാൽ നിങ്ങൾചെന്ന് ആ നല്ലദേശം കൈവശമാക്കും. ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവിടത്തെ ഉടമ്പടി നിങ്ങൾ മറക്കാതിരിക്കാൻ സൂക്ഷിക്കുക. യഹോവ നിങ്ങൾക്കു വിലക്കേർപ്പെടുത്തിയതുപോലെ യാതൊരു വസ്തുവിന്റെയും രൂപത്തിലുള്ള ഒരു വിഗ്രഹവും നിങ്ങൾക്കുവേണ്ടി ഉണ്ടാക്കരുത്. കാരണം നിങ്ങളുടെ ദൈവമായ യഹോവ ഭസ്മീകരിക്കുന്ന അഗ്നിയല്ലോ, അവിടന്ന് തീക്ഷ്ണതയുള്ള ദൈവവുമാണ്.