ആവർത്തനപുസ്തകം 31:1-29

ആവർത്തനപുസ്തകം 31:1-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മോശെ ചെന്ന് ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു. പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്ക് ഇപ്പോൾ നൂറ്റിയിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോട്: ഈ യോർദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ട്. നിന്റെ ദൈവമായ യഹോവതന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും. താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും. യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം. ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവതന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല. പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലാ യിസ്രായേലും കാൺകെ അവനോടു പറഞ്ഞത് എന്തെന്നാൽ: ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിനു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്കു വിഭാഗിച്ചു കൊടുക്കും. യഹോവതന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്. അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ച് മോശെ അവരോടു കല്പിച്ചത് എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളിൽ യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലാ യിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ച് നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിനും അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിനും നിങ്ങൾ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ജനത്തെ വിളിച്ചുകൂട്ടേണം. അനന്തരം യഹോവ മോശെയോട്: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവയ്ക്കു കല്പന കൊടുക്കേണ്ടതിന് അവനെ വിളിച്ച് നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്ന് സമാഗമനകൂടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിനു മീതെ നിന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും. എന്റെ കോപം അവരുടെ നേരേ ജ്വലിച്ചിട്ട് ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറയ്ക്കയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; അനേകം അനർഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനർഥങ്ങൾ നമുക്കു ഭവിച്ചത് എന്ന് അവർ അന്നു പറയും. എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് ചെയ്തിട്ടുള്ള സകല ദോഷവും നിമിത്തം ഞാൻ അന്ന് എന്റെ മുഖം മറച്ചുകളയും. ആകയാൽ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരേ ഈ പാട്ട് എനിക്കു സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് വായ്പാഠമാക്കികൊടുക്കുക. ഞാൻ അവരുടെ പിതാക്കന്മാരോട് സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ച് എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാൽ അനേകം അനർഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരേ സാക്ഷ്യം പറയും; ഞാൻ സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കുംമുമ്പേ ഇന്നുതന്നെ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു. ആകയാൽ മോശെ അന്നുതന്നെ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു. പിന്നെ അവൻ നൂന്റെ മകനായ യോശുവയോട്: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യം ചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു. മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചത് എന്തെന്നാൽ: ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തിനരികെ വയ്പിൻ; അവിടെ അത് നിന്റെ നേരേ സാക്ഷിയായിരിക്കും. നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്ക് അറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾതന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം? നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; എന്നാൽ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരേ ആകാശത്തെയും ഭൂമിയെയും സാക്ഷിവയ്ക്കും. എന്റെ മരണശേഷം നിങ്ങൾ വഷളത്തം പ്രവർത്തിക്കും എന്നും ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്ക് അറിയാം; അങ്ങനെ നിങ്ങൾ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് നിങ്ങളുടെ പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങൾക്ക് അനർഥം ഭവിക്കും.

ആവർത്തനപുസ്തകം 31:1-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ തുടർന്ന് ഇസ്രായേൽജനത്തോട് ഇങ്ങനെ പറഞ്ഞു: “എനിക്ക് ഇപ്പോൾ നൂറ്റിഇരുപതു വയസ്സായി; നിങ്ങളെ നയിക്കാനുള്ള ശക്തി എനിക്കില്ല. മാത്രമല്ല, യോർദ്ദാൻനദി ഞാൻ കടക്കുകയില്ലെന്ന് സർവേശ്വരൻ എന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്. നിങ്ങളുടെ ദൈവമായ സർവ്വേശ്വരൻതന്നെ നിങ്ങളെ നയിക്കും. അവിടെയുള്ള ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് അവിടുന്നു നശിപ്പിക്കും. അങ്ങനെ ആ ദേശം നിങ്ങൾ കൈവശമാക്കും; അവിടുന്നു കല്പിച്ചതുപോലെ യോശുവ നിങ്ങളെ നയിക്കും; അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ സർവേശ്വരൻ ഈ ജനതകളെയും നശിപ്പിക്കും. അവിടുന്ന് അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും. അപ്പോൾ ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ അവരോടു പ്രവർത്തിക്കണം. ശക്തരും ധീരരും ആയിരിക്കുക; അവരെ ഭയപ്പെടരുത്; അവരെ കണ്ട് പരിഭ്രമിക്കയുമരുത്; നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയില്ല, ഉപേക്ഷിക്കുകയുമില്ല. സർവ ഇസ്രായേല്യരുടെയും മുമ്പാകെ യോശുവയെ കൊണ്ടുവന്നു നിർത്തിയിട്ട് മോശ പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക; സർവേശ്വരൻ ഈ ജനത്തിനു നല്‌കുമെന്ന് ഇവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാൻ നീ അവരെ നയിക്കണം. അവിടുന്നാണ് നിന്റെ മുമ്പിൽ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.” മോശ ഈ ധർമശാസ്ത്രം എഴുതി, സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരെയും ഇസ്രായേൽനേതാക്കളെയും ഏല്പിച്ചു; മോശ അവരോടു പറഞ്ഞു: “വിമോചനവർഷമായ ഓരോ ഏഴാം വർഷത്തിലും കൂടാരപ്പെരുന്നാൾ ആചരിക്കാൻ സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് തിരുസാന്നിധ്യത്തിൽ ഇസ്രായേൽജനം സമ്മേളിക്കുമ്പോൾ നിങ്ങൾ ഈ ധർമശാസ്ത്രം എല്ലാവരും കേൾക്കത്തക്കവിധം വായിക്കണം. സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും നിങ്ങളുടെ പട്ടണങ്ങളിൽ പാർക്കുന്ന പരദേശികളെയും വിളിച്ചുകൂട്ടണം. എല്ലാവരും ഇതുകേട്ട് നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ഈ ധർമശാസ്ത്രത്തിലെ കല്പനകൾ ശ്രദ്ധയോടെ പാലിക്കേണ്ടതിനും ഇടയാകട്ടെ. അങ്ങനെ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ധർമശാസ്ത്രം ഒരിക്കലും കേട്ടിട്ടില്ലാത്ത നിങ്ങളുടെ സന്താനങ്ങളും കേൾക്കാൻ ഇടയാകും. യോർദ്ദാൻ കടന്നു നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശത്തു പാർക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ സർവേശ്വരനെ അവർ ഭയപ്പെടാൻ പഠിക്കേണ്ടതിനും ഇടയാകട്ടെ.” സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നിന്റെ മരണദിവസം അടുത്തിരിക്കുന്നു; എന്റെ നിർദ്ദേശങ്ങൾ യോശുവയ്‍ക്കു നല്‌കാൻവേണ്ടി അവനെയും കൂട്ടി തിരുസാന്നിധ്യകൂടാരത്തിൽ വരിക. അങ്ങനെ മോശയും യോശുവയും തിരുസാന്നിധ്യകൂടാരത്തിൽ സന്നിഹിതരായി. അപ്പോൾ സർവേശ്വരൻ കൂടാരത്തിൽ മേഘസ്തംഭത്തിന്മേൽ അവർക്കു പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരവാതില്‌ക്കൽ നിന്നു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: നീ മരണമടഞ്ഞു നിന്റെ പൂർവപിതാക്കന്മാരോടു ചേരാനുള്ള സമയം ആയിരിക്കുന്നു. ഈ ജനം തങ്ങൾ പാർക്കാൻ പോകുന്ന ദേശത്തിലെ അന്യദേവന്മാരുടെ പിന്നാലെ ചെന്ന് എന്നോട് അവിശ്വസ്തമായി പെരുമാറുകയും എന്നെ ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെ ഞാൻ അവരോട് ചെയ്ത ഉടമ്പടി അവർ ലംഘിക്കും. അപ്പോൾ എന്റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാൻ അവരെ കൈവിടും; എന്റെ മുഖം അവരിൽനിന്നു മറയ്‍ക്കും, അവർ നശിക്കും; അവർക്കു അനർഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനർഥങ്ങളെല്ലാം’ എന്ന് അവർ അപ്പോൾ പറയും. എന്നാൽ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞു ചെയ്തുപോയ തിന്മകൾ നിമിത്തം ഞാൻ എന്റെ മുഖം അന്ന് അവരിൽനിന്നു മറയ്‍ക്കും. അതുകൊണ്ട് ഈ ഗാനം എഴുതി എടുത്ത് ഇസ്രായേൽജനത്തെ പഠിപ്പിക്കുക; അത് അവർക്കെതിരെയുള്ള സാക്ഷ്യമായിരിക്കും. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു ഞാൻ അവരെ നയിക്കും; അവിടെ അവർ തൃപ്തിയാകുവോളം ഭക്ഷിക്കുകയും തടിച്ചുകൊഴുക്കുകയും ചെയ്യുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവരെ സേവിക്കും. അവർ എന്നെ ഉപേക്ഷിക്കും; എന്റെ ഉടമ്പടി ലംഘിക്കും. എന്നാൽ പല അനർഥങ്ങളും കഷ്ടതകളും അവർക്കു സംഭവിക്കുമ്പോൾ ഈ ഗാനം അവർക്കു എതിരെ സാക്ഷ്യമായിരിക്കും. മറന്നുപോകാതെ അവരുടെ സന്തതികളുടെ നാവിൽ അതു നിലകൊള്ളും; അവർക്ക് നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിനു മുമ്പുതന്നെ അവരുടെ അന്തർഗതം ഞാൻ അറിയുന്നു. മോശ അന്നുതന്നെ ഈ ഗാനം എഴുതി ഇസ്രായേൽജനത്തെ പഠിപ്പിച്ചു. പിന്നീട് സർവേശ്വരൻ നൂനിന്റെ മകനായ യോശുവയോടു പറഞ്ഞു: ശക്തിയും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ വാഗ്ദാനം ചെയ്ത ദേശത്തേക്കു നീ ഇസ്രായേൽജനത്തെ നയിക്കും; ഞാൻ നിന്നോടൊത്തുണ്ടായിരിക്കും. മോശ ധർമശാസ്ത്രത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതി. പിന്നീട് അവിടുത്തെ ഉടമ്പടിപ്പെട്ടകം വഹിക്കുന്ന ലേവ്യപുരോഹിതന്മാരോടു മോശ പറഞ്ഞു: ഈ ധർമശാസ്ത്രഗ്രന്ഥം നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകത്തിനടുത്തു വയ്‍ക്കുക; അത് നിങ്ങൾക്ക് എതിരെയുള്ള സാക്ഷ്യമായിരിക്കട്ടെ. നിങ്ങൾ എത്രമാത്രം ദുശ്ശാഠ്യക്കാരും അനുസരണമില്ലാത്തവരുമാണെന്ന് എനിക്ക് അറിയാം; ഞാൻ നിങ്ങളുടെകൂടെ ജീവിച്ചിരുന്നപ്പോൾത്തന്നെ നിങ്ങൾ സർവേശ്വരനോടു മത്സരിക്കുന്നവരായിരുന്നു. എന്റെ മരണശേഷം എത്ര അധികമായി നിങ്ങൾ അവിടുത്തോടു മത്സരിക്കും? നിങ്ങളുടെ സകല ഗോത്രനേതാക്കളെയും അധിപതികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുക. ഇവയെല്ലാം ഞാൻ അവരോടു നേരിട്ടു പറയട്ടെ; അവർക്കെതിരെ ആകാശവും ഭൂമിയും സാക്ഷ്യം വഹിക്കട്ടെ. എന്റെ മരണശേഷം അധർമികളായിത്തീർന്നു ഞാൻ കല്പിച്ച മാർഗത്തിൽനിന്നു നിങ്ങൾ വ്യതിചലിക്കുമെന്ന് എനിക്കറിയാം. സർവേശ്വരന്റെ മുമ്പിൽ തിന്മ പ്രവർത്തിക്കുകയും നിങ്ങളുടെ പ്രവൃത്തികളാൽ അവിടുത്തെ പ്രകോപിപ്പിക്കുകയും ചെയ്യും. തൽഫലമായി വരുംകാലങ്ങളിൽ നിങ്ങൾക്ക് അനർഥങ്ങളുണ്ടാകും.

ആവർത്തനപുസ്തകം 31:1-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മോശെ യിസ്രായേൽ ജനത്തിന്‍റെ അടുക്കൽ ചെന്നു ഈ വചനങ്ങൾ എല്ലാം കേൾപ്പിച്ചു. പിന്നെ അവരോടു പറഞ്ഞത്: “എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി; യാത്ര ചെയ്യാനും കാര്യാദികൾ നടത്തുവാനും എനിക്ക് കഴിവില്ല; യഹോവ എന്നോട്, നീ യോർദ്ദാൻ നദി കടക്കുകയില്ല, എന്നു കല്പിച്ചിട്ടും ഉണ്ട്. നിന്‍റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജനതകളെ അവൻ നിന്‍റെ മുമ്പിൽനിന്നു നശിപ്പിക്കുകയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായിരിക്കും. താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും. യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരം നിങ്ങൾ അവരോടു ചെയ്യേണം. ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്‍റെ ദൈവമായ യഹോവ തന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.” പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലാ യിസ്രായേലും കാൺകെ അവനോട് പറഞ്ഞത്: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക; യഹോവ ഈ ജനത്തിന് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്ക് വിഭാഗിച്ചുകൊടുക്കും. യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോട് കൂടി ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുത്.” അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്‍റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ചു. മോശെ അവരോട് കല്പിച്ചതെന്തെന്നാൽ: “ഏഴു വര്‍ഷം കൂടുമ്പോൾ ഉള്ള വിമോചനവർഷത്തിലെ കൂടാരപ്പെരുനാളിൽ യിസ്രായേൽ മുഴുവനും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലാവരും കേൾക്കത്തക്കവണ്ണം അവരുടെ മുമ്പിൽ വായിക്കേണം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്‍റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ച് ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ എല്ലാം പ്രമാണിച്ചു നടക്കേണം അവ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കുന്നതിനും നിങ്ങൾ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ആയുഷ്കാലം മുഴുവനും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ജനത്തെ വിളിച്ചുകൂട്ടണം.” അനന്തരം യഹോവ മോശെയോട്: “നീ മരിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവക്ക് കല്പന കൊടുക്കണ്ടതിന് അവനെയും കൂട്ടി നിങ്ങൾ ഇരുവരും സമാഗമനകൂടാരത്തിനു സമീപം വന്നു നില്ക്കുവിന്‍” എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനകൂടാരത്തിനടുത്ത് നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന് മീതെ നിന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ നിന്‍റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്യുകയും, എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്‍റെ നിയമം ലംഘിക്കുകയും ചെയ്യും. എന്‍റെ കോപം അവരുടെ നേരെ ജ്വലിച്ച് ഞാൻ അവരെ ഉപേക്ഷിക്കുകയും എന്‍റെ മുഖം അവർക്ക് മറയ്ക്കുകയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചത്’ എന്നു അവർ അന്നു പറയും. എങ്കിലും അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവർ ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്നു എന്‍റെ മുഖം മറച്ചുകളയും. ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിക്കുക; യിസ്രായേൽ മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക. ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി പുഷ്ടിവച്ചിരിക്കുമ്പോൾ, അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവയെ സേവിക്കുകയും എന്‍റെ നിയമം ലംഘിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്യും. എന്നാൽ നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്ന് മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിന് മുമ്പ്, ഇന്ന് തന്നെ അവരുടെ നിരൂപണങ്ങൾ ഞാൻ അറിയുന്നു.” ആകയാൽ മോശെ അന്നു തന്നെ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിച്ചു. പിന്നെ അവൻ നൂന്‍റെ മകനായ യോശുവയോട്: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക; ഞാൻ യിസ്രായേൽ മക്കളോട് സത്യംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നരുളിച്ചെയ്തു. മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചതെന്ത്: “ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിനരികിൽ വയ്ക്കുവിൻ; അവിടെ അത് നിന്‍റെനേരെ സാക്ഷിയായിരിക്കും. നിന്‍റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കറിയാം; ഇതാ, ഇന്ന് ഞാൻ നിങ്ങളോടുകൂടെ, ജീവനോടിരിക്കുമ്പോൾ തന്നെ, നിങ്ങൾ യഹോവയോട് മത്സരികളായിരിക്കുന്നുവല്ലോ? എന്‍റെ മരണശേഷം എത്ര അധികം? നിങ്ങളുടെ ഗോത്രങ്ങളിലെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുവീൻ; അപ്പോൾ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിയാക്കും. എന്‍റെ മരണശേഷം നിങ്ങൾ വഷളത്തം പ്രവർത്തിക്കും എന്നും ഞാൻ നിങ്ങളോട് ആജ്ഞാപിച്ച വഴി വിട്ടു മാറിപ്പോകും എന്നും എനിക്കറിയാം; അങ്ങനെ നിങ്ങൾ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു നിങ്ങളുടെ പ്രവൃത്തികളാൽ അവനെ പ്രകോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങൾക്ക് അനർത്ഥം ഭവിക്കും.”

ആവർത്തനപുസ്തകം 31:1-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെ ചെന്നു ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു. പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്കു ഇപ്പോൾ നൂറ്റിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടു: ഈ യോർദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു. നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും. താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും. യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം. ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല. പിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാൺകെ അവനോടു പറഞ്ഞതു എന്തെന്നാൽ: ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്കു വിഭാഗിച്ചുകൊടുക്കും. യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു മോശെ അവരോടു കല്പിച്ചതു എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും നിങ്ങൾ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം. അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനകൂടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെനിന്നു. യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും. എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറെക്കയും ചെയ്യും; അവർ നാശത്തിന്നിരയായ്തീരും; അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചതു എന്നു അവർ അന്നു പറയും. എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവുംനിമിത്തം ഞാൻ അന്നു എന്റെ മുഖം മറെച്ചുകളയും. ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവർക്കു വായ്പാഠമാക്കിക്കൊടുക്കുക. ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാൽ അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു. ആകയാൽ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു. പിന്നെ അവൻ നൂന്റെ മകനായ യോശുവയോടു: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു. മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാൽ: ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിൻ; അവിടെ അതു നിന്റെ നേരെ സാക്ഷിയായിരിക്കും. നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കു അറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടു കൂടെ ജീവിച്ചിരിക്കുമ്പോൾ തന്നേ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം? നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാമൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; എന്നാൽ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും. എന്റെ മരണശേഷം നിങ്ങൾ വഷളത്വം പ്രവൃത്തിക്കും എന്നും ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്കു അറിയാം; അങ്ങനെ നിങ്ങൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു നിങ്ങളുടെ പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ടു ഭാവികാലത്തു നിങ്ങൾക്കു അനർത്ഥം ഭവിക്കും.

ആവർത്തനപുസ്തകം 31:1-29 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം മോശ ചെന്ന് ഈ വചനങ്ങൾ എല്ലാ ഇസ്രായേലിനോടും പറഞ്ഞു: “എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി. ഇനിയും നിങ്ങളെ നയിക്കാൻ എനിക്കു സാധിക്കുകയില്ല. ‘നീ യോർദാൻ കടക്കുകയില്ല’ എന്ന് യഹോവ എന്നോടു കൽപ്പിച്ചിട്ടുണ്ട്. നിന്റെ ദൈവമായ യഹോവതന്നെ നിനക്കുമുമ്പായി കടന്നുചെല്ലും. അവിടന്ന് ഈ ജനതകളെ നിന്റെ മുമ്പിൽനിന്ന് നശിപ്പിക്കുകയും നീ അവരുടെ ദേശം അവകാശമാക്കുകയും ചെയ്യും. യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ യോശുവയും നിങ്ങൾക്കുമുമ്പേ കടന്നുചെല്ലും. യഹോവ അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശവാസികളോടൊപ്പം നശിപ്പിച്ചതുപോലെ ഇവരോടും ചെയ്യും. യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും, ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെയെല്ലാം നിങ്ങൾ അവരോടു ചെയ്യണം. ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.” അതിനുശേഷം മോശ യോശുവയെ വിളിച്ചുവരുത്തി എല്ലാ ഇസ്രായേലിന്റെയും സാന്നിധ്യത്തിൽ അവനോടു പറഞ്ഞു: “ബലവും ധൈര്യവും ഉള്ളവനായിരിക്കുക. അവരുടെ പിതാക്കന്മാർക്കു നൽകുമെന്ന് യഹോവ ശപഥംചെയ്ത ദേശത്തേക്ക് നീ ഈ ജനത്തോടുകൂടെ പോകണം; അവരുടെ അവകാശമായി അവർക്ക് അതു വിഭാഗിച്ചു നൽകണം. യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.” അങ്ങനെ മോശ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമക്കുന്ന ലേവിയുടെ മക്കളായ പുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാർക്കും നൽകി. അതിനുശേഷം മോശ അവരോട് ഇങ്ങനെ കൽപ്പിച്ചു: “ഏഴുവർഷം കൂടുമ്പോഴുള്ള വിമോചനവർഷത്തിലെ കൂടാരപ്പെരുന്നാളിൽ, നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടത്തെ സന്നിധിയിൽ എല്ലാ ഇസ്രായേലും കൂടിവരുമ്പോൾ അവർ കേൾക്കേണ്ടതിന് നിങ്ങൾ ഈ ന്യായപ്രമാണം വായിച്ചു കേൾപ്പിക്കണം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ നഗരത്തിലുള്ള പ്രവാസികളും ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കേണ്ടതിന് അതു കേൾക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയുംചെയ്യേണ്ടതിന് അവരെ ഒരുമിച്ചുകൂട്ടിവരുത്തണം. ഈ ന്യായപ്രമാണം അറിയാത്തവരായ അവരുടെ മക്കൾ യോർദാൻ കടന്ന് അവകാശമാക്കുന്ന ദേശത്തു ജീവിക്കുന്ന കാലത്തോളം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കേണ്ടതിന് ഈ നിയമം തീർച്ചയായും ശ്രദ്ധിച്ചു കേൾക്കണം.” യഹോവ മോശയോടു കൽപ്പിച്ചു: “നിന്റെ മരണദിനം സമീപിച്ചിരിക്കുന്നു. ഞാൻ യോശുവയെ അധികാരപ്പെടുത്തേണ്ടതിനു നീയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരാകുക.” അങ്ങനെ മോശയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരായി. അതിനുശേഷം യഹോവ കൂടാരത്തിൽ മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിലകൊണ്ടു. യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും. അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും. അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും. “ഇപ്പോൾ നീ തന്നെ ഈ ഗീതം എഴുതി ഇസ്രായേൽമക്കളെ പഠിപ്പിക്കുക. ഇസ്രായേൽജനം ഈ ഗീതം ആലപിക്കട്ടെ. അങ്ങനെ ഈ ഗീതം ഇസ്രായേൽമക്കൾക്കെതിരേ എനിക്കുള്ള ഒരു സാക്ഷ്യമായിരിക്കും. ഞാൻ അവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ശപഥത്താൽ വാഗ്ദാനംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഭക്ഷിച്ചു തൃപ്തരായി ചീർത്തിരിക്കുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവയെ ആരാധിക്കുകയും എന്നോടുള്ള ഉടമ്പടി ലംഘിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യും. നിരവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരുമ്പോൾ ഈ ഗീതം അവർക്കെതിരേ സാക്ഷ്യമായിരിക്കും. കാരണം അവരുടെ സന്തതികൾ ഇതു മറന്നുപോകുകയില്ല. ഞാൻ അവർക്കു നൽകുമെന്ന് ശപഥംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ അവർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കുന്നു.” അങ്ങനെ മോശ ആ ദിവസംതന്നെ ഈ ഗീതം എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു. യഹോവ നൂന്റെ മകനായ യോശുവയ്ക്ക് ഈ കൽപ്പന നൽകി: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ ഇസ്രായേൽജനത്തോട്, അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും. ഞാൻ നിന്നോടുകൂടെ ഇരിക്കും.” മോശ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങൾ ആദ്യവസാനം ഒരു പുസ്തകത്തിൽ എഴുതിത്തീർന്നശേഷം യഹോവയുടെ ഉടമ്പടിയുടെ പേടകം വഹിക്കുന്ന ലേവ്യരോട് മോശെ ഇങ്ങനെ കൽപ്പിച്ചു: “ഈ ന്യായപ്രമാണഗ്രന്ഥം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനു സമീപം വെക്കുക. അത് അവിടെ നിനക്കെതിരേ സാക്ഷ്യമായിരിക്കും. നിങ്ങൾ എത്ര മൽസരികളും ദുശ്ശാഠ്യമുള്ളവരും ആണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നെങ്കിൽ എന്റെ മരണശേഷം അത് എത്ര അധികം! നിങ്ങളുടെ സകലഗോത്രങ്ങളിലെയും നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുക. ഞാൻ ഈ വചനങ്ങൾ അവർ കേൾക്കേണ്ടതിനു പ്രസ്താവിക്കും, അവർക്കുനേരേ സാക്ഷിയായി ആകാശത്തെയും ഭൂമിയെയും വിളിക്കും. എന്റെ മരണശേഷം, നിങ്ങൾ ഉറപ്പായും വഷളത്തം പ്രവർത്തിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ള വഴി വിട്ടുമാറുകയും ചെയ്യുമെന്ന് എനിക്കറിയാം. നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് അവിടത്തെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവിയിൽ അത്യാഹിതം നിങ്ങളുടെമേൽ വരും.”