ആവർത്തനപുസ്തകം 30:15-20

ആവർത്തനപുസ്തകം 30:15-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വച്ചിരിക്കുന്നു. എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന് നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്നു. എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ട് അന്യദൈവങ്ങളെ നമസ്കരിച്ച് സേവിക്കയും ചെയ്താൽ നീ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന് ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവയ്ക്കുന്നു; അതുകൊണ്ട് നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്ന് സത്യം ചെയ്ത ദേശത്ത് നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിനും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്ക് ജീവനും ദീർഘായുസ്സും ആകുന്നു.

ആവർത്തനപുസ്തകം 30:15-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇതാ, ഇന്ന് നന്മയും തിന്മയും ജീവനും മരണവും നിങ്ങളുടെ മുമ്പിൽ ഞാൻ വയ്‍ക്കുന്നു. ഇന്നു ഞാൻ നിങ്ങളോടു നിർദ്ദേശിക്കുന്നതുപോലെ നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുകയും അവിടുത്തെ വഴികളിൽ നടക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അനുസരിക്കുകയും ചെയ്താൽ നിങ്ങൾ ജീവിക്കും; നിങ്ങൾ കൈവശമാക്കാൻ പോകുന്ന ദേശത്ത് അവിടുന്നു നിങ്ങളെ അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ ഇതു ശ്രദ്ധിക്കാതെ നിങ്ങളുടെ ഹൃദയം സർവേശ്വരനിൽനിന്നു പിൻവലിച്ച് അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്താൽ നിങ്ങൾ നിശ്ചയമായും നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു. യോർദ്ദാൻനദി കടന്നു നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തു നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കുകയില്ല. നിങ്ങൾക്കു തിരഞ്ഞെടുക്കാൻ തക്കവിധം ജീവനും മരണവും അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ ഇപ്പോൾ ഞാൻ വച്ചിരിക്കുന്നു. നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കാൻ സ്വർഗത്തോടും ഭൂമിയോടും ഞാൻ ആവശ്യപ്പെടുന്നു. നിങ്ങളും നിങ്ങളുടെ സന്തതികളും ജീവിക്കേണ്ടതിനു ജീവനെ തിരഞ്ഞെടുക്കുക; നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുകയും അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലർത്തുകയും ചെയ്യുക. എന്നാൽ നിങ്ങൾക്ക് ജീവനും ദീർഘായുസ്സും ഉണ്ടാകും; നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും നല്‌കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങൾ വസിക്കുകയും ചെയ്യും.

ആവർത്തനപുസ്തകം 30:15-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“ഇതാ, ഞാൻ ഇന്ന് ജീവനും നന്മയും പോലെ, മരണവും തിന്മയും നിന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, നീ ജീവിച്ച് പെരുകി, കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ദൈവമായ യഹോവയുടെ അനുഗ്രഹം പ്രാപിക്കുന്നതിന് അവനെ സ്നേഹിക്കുവാനും അവന്‍റെ വഴികളിൽ നടക്കുവാനും അവന്‍റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിക്കുവാനും തന്നെ. “എന്നാൽ നീ അനുസരിക്കാതെ നിന്‍റെ ഹൃദയം തിരിച്ച്, വശീകരിക്കപ്പെട്ട് അന്യദൈവങ്ങളെ നമസ്കരിച്ച് സേവിക്കുകയും ചെയ്താൽ നീ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായി നശിച്ചുപോകുമെന്ന് ഞാൻ ഇന്ന് നിങ്ങളെ അറിയിക്കുന്നു. “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന് ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്ന് സാക്ഷിയാക്കുന്നു; അതുകൊണ്ട് നീയും നിന്‍റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും യഹോവ നിന്‍റെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്ത് വസിക്കുകയും നിന്‍റെ ദൈവമായ യഹോവയെ സ്നേഹിക്കുകയും അവന്‍റെ വാക്കു കേട്ടനുസരിക്കുകയും അവനോട് ചേർന്നിരിക്കുകയും ചെയ്യേണ്ടതിന് ജീവനെ തിരഞ്ഞെടുത്തുകൊള്ളുക; അവനല്ലോ നിനക്കു ജീവനും ദീർഘായുസ്സും നൽകുന്നത്.“

ആവർത്തനപുസ്തകം 30:15-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു. എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താൽ നീ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്നദേശത്തു ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.

ആവർത്തനപുസ്തകം 30:15-20 സമകാലിക മലയാളവിവർത്തനം (MCV)

ഇതാ, ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ ജീവനും സമൃദ്ധിയും, മരണവും നാശവും വെക്കുന്നു. നീ ജീവിക്കുകയും വർധിക്കുകയും നീ അവകാശമാക്കാൻപോകുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുകയും ചെയ്യേണ്ടതിനു നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കാനും അവിടത്തെ വഴികളിൽ നടക്കാനും അവിടത്തെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പ്രമാണിക്കാനും ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു. എന്നാൽ, നിങ്ങൾ അനുസരണം ഇല്ലാതെ ഹൃദയം തിരിച്ചുകളയുകയും അന്യദേവന്മാരെ നമസ്കരിക്കേണ്ടതിനും ആരാധിക്കേണ്ടതിനും വശീകരിക്കപ്പെടുകയും ചെയ്താൽ, നീ അവകാശമാക്കാൻ യോർദാൻനദി കടന്നുചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ തീർച്ചയായും നശിച്ചുപോകും എന്ന് ഇന്നു ഞാൻ നിങ്ങളോട് പ്രസ്താവിക്കുന്നു. ജീവനും മരണവും അനുഗ്രഹവും ശാപവും നിന്റെ മുമ്പാകെ വെക്കുന്നു. നീ ഇതിൽ ഏതു തെരഞ്ഞെടുക്കും എന്നതിനു സാക്ഷ്യത്തിനായി ഇന്നു ഞാൻ സ്വർഗത്തെയും ഭൂമിയെയും വിളിക്കുന്നു. നീയും നിന്റെ മക്കളും ജീവനോടിരിക്കേണ്ടതിന് ഇപ്പോൾ ജീവൻ തെരഞ്ഞെടുത്തുകൊൾക. നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ ശബ്ദം ശ്രദ്ധിച്ച് അവിടത്തോടു പറ്റിച്ചേർന്നുകൊൾക. യഹോവ നിന്റെ ജീവൻ ആകുന്നു. അവിടന്ന് നിന്റെ പിതാക്കന്മാരായ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്ത് അവിടന്ന് നിനക്കു ദീർഘായുസ്സു നൽകും.

ആവർത്തനപുസ്തകം 30:15-20

ആവർത്തനപുസ്തകം 30:15-20 MALOVBSIആവർത്തനപുസ്തകം 30:15-20 MALOVBSI