ആവർത്തനപുസ്തകം 27:1-26
ആവർത്തനപുസ്തകം 27:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ യിസ്രായേൽമൂപ്പന്മാരോടു കൂടെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ. നിങ്ങൾ യോർദ്ദാൻ കടന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവയ്ക്കു കുമ്മായം തേക്കേണം: നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്നദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം. ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്നിട്ട് ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽ പർവതത്തിൽ നാട്ടുകയും അവയ്ക്കു കുമ്മായം തേക്കുകയും വേണം. അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരുമ്പ് തൊടുവിക്കരുത്. ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങൾ അർപ്പിക്കേണം. സമാധാനയാഗങ്ങളും അർപ്പിച്ച് അവിടെവച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം; ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം. മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു. ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു. അന്നു മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്നശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീം പർവതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. ശപിപ്പാൻ ഏബാൽപർവതത്തിൽ നില്ക്കേണ്ടുന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ: ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്ന് ഉത്തരം പറയേണം. അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. അമ്മാവിഅമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
ആവർത്തനപുസ്തകം 27:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശയും ഇസ്രായേലിലെ നേതാക്കളും ജനത്തോടു പറഞ്ഞു: “ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സകല കല്പനകളും അനുസരിക്കുക. നിങ്ങൾ യോർദ്ദാൻ കടന്ന് നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്ത് എത്തുന്ന ദിവസംതന്നെ ഏതാനും വലിയ കല്ലുകൾ നാട്ടിനിർത്തി അവയിൽ കുമ്മായം തേക്കണം. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തതുപോലെ അവിടുന്നു നിങ്ങൾക്കു നല്‌കുന്ന പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ നദി കടന്നു പ്രവേശിക്കുമ്പോൾ ധർമശാസ്ത്രത്തിലെ എല്ലാ വാക്കുകളും ആ കല്ലുകളിൽ എഴുതിവയ്‍ക്കണം. നിങ്ങൾ യോർദ്ദാൻനദി കടക്കുമ്പോൾ ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ഏബാൽ പർവതത്തിൽ ഈ ശിലകൾ നാട്ടി അവയിൽ കുമ്മായം തേക്കണം. കല്ലുകൾകൊണ്ട് അവിടെ നിങ്ങളുടെ ദൈവമായ സർവേശ്വരന് ഒരു യാഗപീഠം പണിയണം. അതിൽ ഇരുമ്പായുധം സ്പർശിക്കരുത്; ചെത്തിമിനുക്കാത്ത കല്ലുകൾകൊണ്ടു വേണം സർവേശ്വരന്റെ യാഗപീഠം പണിയേണ്ടത്. അതിന്മേൽ നിങ്ങളുടെ ദൈവമായ സർവേശ്വരനു ഹോമയാഗങ്ങൾ അർപ്പിക്കണം. സമാധാനയാഗങ്ങളും അതിന്മേൽ അർപ്പിക്കണം. അത് അവിടെവച്ചു ഭക്ഷിച്ച് അവിടുത്തെ സന്നിധിയിൽ ആനന്ദിക്കുക. കുമ്മായം പൂശിയ കല്ലുകളിൽ ധർമശാസ്ത്രത്തിലെ സകല വാക്കുകളും സ്പഷ്ടമായി എഴുതണം. ലേവ്യപുരോഹിതന്മാരോടു ചേർന്നു മോശ ഇസ്രായേൽജനത്തോടു പറഞ്ഞു: ഇസ്രായേൽജനമേ ശ്രദ്ധിക്കുവിൻ, ഇന്നു നിങ്ങൾ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ജനമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിൻ.” അന്നുതന്നെ മോശ ജനത്തോടു കല്പിച്ചു: “നിങ്ങൾ യോർദ്ദാൻനദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുന്നതിനു ശിമെയോൻ, ലേവി, യെഹൂദാ, ഇസ്സാഖാർ, യോസേഫ്, ബെന്യാമീൻ എന്നീ ഗോത്രക്കാർ ഗെരിസീം പർവതത്തിൽ നില്‌ക്കണം. രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി എന്നീ ഗോത്രക്കാർ ശപിക്കാനായി ഏബാൽ പർവതത്തിലും നില്‌ക്കണം. അപ്പോൾ ലേവ്യർ ഈ വാക്കുകൾ ഉച്ചത്തിൽ വിളിച്ചുപറയണം: “ശില്പിയുടെ കരവേലയായി കൊത്തിയോ വാർത്തോ നിർമ്മിച്ചതും സർവേശ്വരൻ വെറുക്കുന്നതുമായ വിഗ്രഹം രഹസ്യമായി ആരാധിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു സർവജനവും പറയണം. “പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ജനമെല്ലാം ‘ആമേൻ’ എന്നു പറയണം; “അയൽക്കാരന്റെ അതിരുകല്ല് നീക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ‘ആമേൻ’ എന്നു സർവജനവും പറയണം. “അന്ധനെ വഴിതെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “പരദേശിക്കോ അനാഥനോ വിധവയ്‍ക്കോ നീതി നിഷേധിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്ന് സർവജനവും പറയണം; “പിതാവിന്റെ ഭാര്യമാരിൽ ആരുടെയെങ്കിലും കൂടെ ശയിച്ച് പിതാവിനെ അപമാനിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ജനമെല്ലാം ‘ആമേൻ’ എന്നു പറയണം. “ഏതെങ്കിലും മൃഗത്തോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു ജനമെല്ലാം പറയണം. “തന്റെ മാതാവിന്റെയോ പിതാവിന്റെയോ പുത്രിയായ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു ജനമെല്ലാം പറയണം. “ഭാര്യാമാതാവിനോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു ജനമെല്ലാം പറയണം; “അയൽക്കാരനെ പതിയിരുന്ന് കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ.” ജനമെല്ലാം “ആമേൻ” എന്നു പറയണം; “നിരപരാധിയെ കൊല്ലുന്നതിനു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു ജനമെല്ലാം പറയണം. “ഈ ധർമശാസ്ത്രത്തിലെ ചട്ടങ്ങൾ പ്രമാണമാക്കി ജീവിക്കാത്തവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്ന് സർവജനവും പറയണം.
ആവർത്തനപുസ്തകം 27:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത്: “ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിക്കുവിൻ. നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കേണം: നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിനക്കു തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതേണം. ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വതത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം. “അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്. ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കേണം. അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കുകയും വേണം; ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം. “മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്കുക; ഇന്ന് നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു. ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം” എന്നു പറഞ്ഞു. അന്നു മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: “നിങ്ങൾ യോർദ്ദാൻ നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. ശപിക്കുവാൻ ഏബാൽപർവ്വതത്തിൽ നില്ക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ: ‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു ഉത്തരം പറയേണം. അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. പരദേശിയുടെയും അനാഥൻ്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. വല്ല മൃഗത്തോടുംകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയേണം. അമ്മാവിയമ്മയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി, അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
ആവർത്തനപുസ്തകം 27:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ യിസ്രായേൽമൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ. നിങ്ങൾ യോർദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം: നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം. ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്നിട്ടു ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവെക്കു കുമ്മായം തേക്കുകയും വേണം. അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു. ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങൾ അർപ്പിക്കേണം. സമാധാനയാഗങ്ങളും അർപ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം; ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം. മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു. ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു. അന്നു മോശെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ. ശപിപ്പാൻ ഏബാൽപർവ്വതത്തിൽ നിൽക്കേണ്ടന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാൽ: ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം. അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയേണം. അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
ആവർത്തനപുസ്തകം 27:1-26 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം മോശയും ഇസ്രായേൽഗോത്രത്തലവന്മാരും ജനത്തോടു കൽപ്പിച്ചു: “ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും പാലിക്കുക. നിങ്ങൾ യോർദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത് എത്തുമ്പോൾ വലിയ കല്ലുകൾ പടുത്തുയർത്തി അതിൽ കുമ്മായം തേക്കണം. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് ഈ നദികടന്നു പ്രവേശിക്കുമ്പോൾ നീ ഈ നിയമത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതണം. അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന ഈ കല്ലുകൾ ഏബാൽപർവതത്തിൽ നാട്ടുകയും അവയിൽ കുമ്മായം തേക്കുകയും ചെയ്യണം. അവിടെ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം. അതിൽ ഇരുമ്പുകൊണ്ടുള്ള ആയുധം സ്പർശിക്കരുത്. ചെത്തിമിനുക്കാത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്ക് യാഗപീഠം പണിത് അതിന്മേൽനിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കണം. അവിടെ സമാധാനയാഗങ്ങൾ അർപ്പിച്ച് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഭക്ഷിക്കുകയും ആനന്ദിക്കുകയും വേണം. നീ ഉയർത്തിയ കല്ലുകളിൽ ഈ നിയമത്തിന്റെ വചനങ്ങൾ വളരെ വ്യക്തമായി എഴുതണം.” മോശയും ലേവ്യരായ പുരോഹിതന്മാരും എല്ലാ ഇസ്രായേൽജനത്തോടും ഇപ്രകാരം പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്നു ശ്രവിക്കുക, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനങ്ങൾ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന അവിടത്തെ സകലനിയമങ്ങളും ഉത്തരവുകളും പ്രമാണിക്കുകയും വേണം.” ആ ദിവസം മോശ വീണ്ടും ജനത്തോടു കൽപ്പിച്ചു: നിങ്ങൾ യോർദാൻനദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കാൻ ഗെരിസീം പർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. ശാപം ഉച്ചരിക്കാൻ ഏബാൽപർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. ലേവ്യർ എല്ലാ ഇസ്രായേല്യരോടും ഇപ്രകാരം ഉറക്കെ വിളിച്ചുപറയണം: “ശില്പിയുടെ കരകൗശലമായി യഹോവയ്ക്ക് വെറുപ്പുള്ള പ്രതിമ കൊത്തിയുണ്ടാക്കുകയോ വിഗ്രഹം വാർത്തുണ്ടാക്കുകയോ ചെയ്ത് അവയെ രഹസ്യമായി പ്രതിഷ്ഠിക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “പിതാവിനെയോ മാതാവിനെയോ ബഹുമാനിക്കാത്തവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “അയൽവാസിയുടെ അതിർത്തിക്കല്ലു നീക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “അന്ധരെ വഴിതെറ്റിക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “പ്രവാസികളുടെയും അനാഥരുടെയും വിധവയുടെയും ന്യായം മറച്ചുകളയുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “പിതാവിന്റെ ഭാര്യയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ, പിതാവിന്റെ കിടക്ക മലിനപ്പെടുത്തിയതുകൊണ്ട് ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “ഏതെങ്കിലും മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ തന്റെ സഹോദരിയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “അമ്മായിയമ്മയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “അയൽവാസിയെ രഹസ്യമായി കൊല്ലുന്നവർ ശപിക്കപ്പെട്ടവർ” ജനമെല്ലാം “ആമേൻ” എന്നു പറയണം. “നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നതിനു കൈക്കൂലി വാങ്ങുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം. “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണിച്ച് അനുസരിക്കാത്തവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.