ആവർത്തനപുസ്തകം 18:15-18
ആവർത്തനപുസ്തകം 18:15-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം. ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാൺമാനും എനിക്ക് ഇടവരരുതേ എന്നിങ്ങനെ ഹോറേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെതന്നെ. അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: അവർ പറഞ്ഞതു ശരി. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
ആവർത്തനപുസ്തകം 18:15-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നെപ്പോലെ ഒരു പ്രവാചകൻ നിങ്ങളുടെ ഇടയിൽനിന്ന് ഉയർന്നുവരാൻ അവിടുന്ന് ഇടയാക്കും. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കണം; നിങ്ങൾ സീനായ്മലയിൽ ഒരുമിച്ചുകൂടിയിരുന്നപ്പോൾ ഞങ്ങൾ മരിക്കാതിരിക്കുന്നതിന് സർവേശ്വരന്റെ ശബ്ദം ഇനി കേൾക്കാനും ആ മഹാഗ്നി കാണാനും വീണ്ടും ഇടയാകരുതേ എന്ന് നിങ്ങൾ അവിടുത്തോട് അപേക്ഷിച്ചു. അന്ന് അവിടുന്നു എന്നോടു പറഞ്ഞു: “അവർ പറഞ്ഞത് ശരിയാണ്; അവരുടെ ഇടയിൽനിന്ന് നിന്നെപ്പോലെ ഒരുവനെ ഞാൻ അവർക്കുവേണ്ടി പ്രവാചകനായി ഉയർത്തും. എന്റെ വചനങ്ങൾ ഞാൻ അവനു കൊടുക്കും; ഞാൻ അവനോടു കല്പിക്കുന്നതെല്ലാം അവൻ ജനത്തോടു പറയും
ആവർത്തനപുസ്തകം 18:15-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
”നിന്‍റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ, നിന്‍റെ മദ്ധ്യത്തിൽ, നിന്‍റെ സഹോദരന്മാരുടെ ഇടയിൽനിന്നുതന്നെ, എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം. “ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾക്കുവാനും ഈ മഹത്തായ അഗ്നി കാണുവാനും എനിക്കു ഇടവരരുതേ” എന്നിങ്ങനെ ഹോരേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോട് നീ അപേക്ഷിച്ചതുപോലെ തന്നെ. ”അന്നു യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: “അവർ പറഞ്ഞത് ശരി. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോട് കല്പിക്കുന്നതെല്ലാം അവൻ അവരോടു പറയും.
ആവർത്തനപുസ്തകം 18:15-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം. ഞാൻ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബിൽവെച്ചു മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ. അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
ആവർത്തനപുസ്തകം 18:15-18 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ ദൈവമായ യഹോവ നിങ്ങളുടെ സഹയിസ്രായേല്യരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും. അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം. “ഞങ്ങളെ ഇനി ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ഈ മഹാഗ്നി കാണാനും അനുവദിക്കരുതേ! അങ്ങനെയായാൽ ഞങ്ങൾ മരിച്ചുപോകും,” എന്ന് ഹോരേബിൽ മഹാസമ്മേളനം കൂടിയനാളിൽ നിങ്ങളുടെ ദൈവമായ യഹോവയോടു നിങ്ങൾ അപേക്ഷിച്ചല്ലോ. യഹോവ എന്നോട് അരുളിച്ചെയ്തു: “അവർ പറഞ്ഞത് ശരിയാണ്. ഞാൻ അവർക്കുവേണ്ടി നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹയിസ്രായേല്യരുടെ ഇടയിൽനിന്ന് എഴുന്നേൽപ്പിക്കും. ഞാൻ എന്റെ വചനങ്ങൾ അദ്ദേഹത്തിന്റെ അധരത്തിൽ നൽകും. ഞാൻ കൽപ്പിക്കുന്നതെല്ലാം അദ്ദേഹം അവരോടു പറയും.