ആവർത്തനപുസ്തകം 17:4-20

ആവർത്തനപുസ്തകം 17:4-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിനെക്കുറിച്ച് നിനക്ക് അറിവു കിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധന കഴിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്‍തവവും കാര്യം യഥാർഥവും എന്നു കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്. അവനെ കൊല്ലേണ്ടതിനു ആദ്യം സാക്ഷികളുടെയും പിന്നെ സർവജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം. നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങനെയുള്ള ആവലാതികാര്യങ്ങളിൽ വല്ലതും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ട് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം. ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്ന് ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെയൊക്കെയും ചെയ്‍വാൻ ജാഗ്രതയായിരിക്കേണം. അവർ ഉപദേശിച്ചുതരുന്ന പ്രമാണത്തിനും പറഞ്ഞുതരുന്ന വിധിക്കും അനുസരണയായി നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധിവിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. നിന്റെ ദൈവമായ യഹോവയ്ക്ക് അവിടെ ശുശ്രൂഷ ചെയ്തു നില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം. ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ടു ഭയപ്പെടേണം. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ചെന്ന് അതിനെ കൈവശമാക്കി അവിടെ കുടിപാർത്ത ശേഷം: എന്റെ ചുറ്റുമുള്ള സകല ജാതികളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കുമെന്നു പറയുമ്പോൾ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ. എന്നാൽ അവന് കുതിര അനവധി ഉണ്ടാകരുത്. അധികം കുതിര സമ്പാദിക്കേണ്ടതിന് ജനം മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ഇനിമേൽ ആ വഴിക്കു തിരിയരുത് എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ. അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്. അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചു നടന്ന് തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന് അത് അവന്റെ കൈവശം ഇരിക്കയും അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്റെ ആയുഷ്കാലമൊക്കെയും അതു വായിക്കയും വേണം.

ആവർത്തനപുസ്തകം 17:4-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേലിൽ ഇങ്ങനെയൊരു മ്ലേച്ഛകാര്യം നടന്നതായി തെളിഞ്ഞാൽ ആ ദുഷ്ടത പ്രവർത്തിച്ചയാളെ സ്‍ത്രീയായാലും പുരുഷനായാലും പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം. രണ്ടോ മൂന്നോ ആളുകളുടെ സാക്ഷ്യത്തെളിവിന്മേൽ മാത്രമേ വധശിക്ഷ നല്‌കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയെ അടിസ്ഥാനമാക്കി വധിക്കരുത്; അവനെ വധിക്കാൻവേണ്ടി ആദ്യം സാക്ഷികളും പിന്നീട് മറ്റു ജനങ്ങളും കല്ലെറിയണം. ഇപ്രകാരം നിങ്ങളുടെ ഇടയിൽനിന്ന് ആ തിന്മ നീക്കിക്കളയണം. നിങ്ങളുടെ പട്ടണങ്ങളിൽ കൊലപാതകം, അടിപിടി, നിയമപരമായ അവകാശവാദങ്ങൾ എന്നിവയെ സംബന്ധിച്ചുണ്ടാകുന്ന പരാതികൾക്കു തീർപ്പു കല്പിക്കാൻ നിങ്ങളുടെ ന്യായാധിപന്മാർക്ക് ബുദ്ധിമുട്ടുണ്ടായാൽ, നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെ ആരാധിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകണം. അവിടെയുള്ള ലേവ്യരായ പുരോഹിതന്മാരുടെയും അപ്പോഴത്തെ ന്യായാധിപന്റെയും അടുക്കൽ വന്ന് ആലോചിക്കണം; അവർ അതിനു തീർപ്പു കല്പിക്കും. അവരുടെ വിധി നിങ്ങൾ അനുസരിക്കണം; അവരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കണം; അവർ നല്‌കുന്ന നിർദ്ദേശങ്ങൾക്കും അവരുടെ വിധിക്കും അനുസൃതമായി നിങ്ങൾ പ്രവർത്തിക്കണം; അവർ കല്പിക്കുന്ന തീർപ്പിൽനിന്ന് ഇടംവലം വ്യതിചലിക്കരുത്. ന്യായാധിപനെയോ, നിങ്ങളുടെ ദൈവമായ സർവേശ്വരനു ശുശ്രൂഷ ചെയ്യുന്ന പുരോഹിതനെയോ അനുസരിക്കാത്ത ഏതൊരുവനെയും വധിക്കണം. ഇങ്ങനെ ഇസ്രായേലിൽനിന്ന് ആ തിന്മ നീക്കിക്കളയണം; ജനം ഈ വാർത്ത കേട്ട് ഭയപ്പെടും; അവർ പിന്നീട് ധിക്കാരത്തോടെ പെരുമാറുകയില്ല. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നല്‌കുന്ന ദേശം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിക്കുമ്പോൾ നിങ്ങളുടെ ചുറ്റുപാടുമുള്ള ജനതകൾക്കുള്ളതുപോലെ ‘ഞങ്ങൾക്കും ഒരു രാജാവു വേണം’ എന്നു നിങ്ങൾ പറയും. അപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ തിരഞ്ഞെടുക്കുന്ന ആളിനെത്തന്നെ, നിങ്ങളുടെ രാജാവായി വാഴിക്കണം. അദ്ദേഹം നിങ്ങളുടെ സഹോദരന്മാരിൽ ഒരാളായിരിക്കണം; ഒരിക്കലും പരദേശി ആയിരിക്കരുത്. നിങ്ങളുടെ രാജാവ് കുതിരകളുടെ എണ്ണം വർധിപ്പിക്കാൻ ഇടയാകരുത്; കൂടുതൽ കുതിരകളെ സമ്പാദിക്കാനുള്ള ശ്രമത്തിൽ ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാൻ അദ്ദേഹം ഇടവരുത്തുകയും അരുത്. മേലാൽ ആ വഴിക്ക് തിരിയെ പോകരുതെന്ന് അവിടുന്നു കല്പിച്ചിട്ടുണ്ടല്ലോ. രാജാവിന് അനേകം ഭാര്യമാർ ഉണ്ടായിരിക്കരുത്; അങ്ങനെ ആയാൽ അദ്ദേഹത്തിന്റെ ഹൃദയം വഴിതെറ്റിപ്പോകും. അദ്ദേഹം പൊന്നും വെള്ളിയും അധികമായി സമ്പാദിക്കരുത്; അദ്ദേഹം സിംഹാസനസ്ഥനാകുമ്പോൾ ലേവ്യപുരോഹിതന്മാർ സൂക്ഷിച്ചിരിക്കുന്ന നിയമസംഹിതയുടെ പകർപ്പ് ഒരു പുസ്തകച്ചുരുളിൽ എഴുതി എടുക്കണം. ദൈവമായ സർവേശ്വരനെ ഭയപ്പെടാനും ഈ പുസ്തകത്തിലെ അനുശാസനങ്ങൾ ശ്രദ്ധയോടെ പാലിക്കാനും വേണ്ടി, ഈ പുസ്‍തകം അദ്ദേഹം സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവൻ ദിനംപ്രതി വായിക്കുകയും വേണം. മറ്റ് ഇസ്രായേല്യരിൽനിന്നു താൻ ഉയർന്നവനല്ലെന്നു ചിന്തിക്കാനും അവിടുത്തെ കല്പനകളിൽനിന്ന് ഇടംവലം തിരിയാതിരിക്കാനും അതു സഹായിക്കും. അങ്ങനെ അദ്ദേഹവും അദ്ദേഹത്തിന്റെ സന്തതികളും ഇസ്രായേലിൽ ദീർഘകാലം വാഴാൻ ഇടയാകും.

ആവർത്തനപുസ്തകം 17:4-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിനക്കു അറിവു കിട്ടിയാൽ നീ നല്ലവണ്ണം പരിശോധിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്. അവനെ കൊല്ലുന്നതിന് ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിൻ്റെയും കൈ അവന്‍റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം. ”നിന്‍റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ, വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ, അടികലശലാകട്ടെ, ഇങ്ങനെയുള്ള ആവലാധികാര്യങ്ങളിൽ ഏതെങ്കിലും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ടു നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം. ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്‍റെ അടുക്കലും ചെന്നു ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെ എല്ലാം ചെയ്യുവാൻ ജാഗ്രതയായിരിക്കേണം. അവർ ഉപദേശിച്ചുതരുന്ന പ്രമാണവും പറഞ്ഞുതരുന്ന വിധിയും അനുസരിച്ച് നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. നിന്‍റെ ദൈവമായ യഹോവയ്ക്ക് അവിടെ ശുശ്രൂഷ ചെയ്തുനില്ക്കുന്ന പുരോഹിതൻ്റെയോ ന്യായാധിപൻ്റെയോ വാക്ക് കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണം. ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ടു ഭയപ്പെടേണം. ”നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ചെന്നു അത് കൈവശമാക്കി അവിടെ വസിച്ചതിനു ശേഷം: “എന്‍റെ ചുറ്റമുള്ള സകല ജനതകളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്‍റെ മേൽ ആക്കും” എന്നു പറയുമ്പോൾ നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്‍റെമേൽ ആക്കേണം; നിന്‍റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുവനെ നിന്‍റെമേൽ രാജാവാക്കേണം; നിന്‍റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ രാജാവാക്കരുത്. ”എന്നാൽ അവനു അനവധി കുതിരകൾ ഉണ്ടാകരുത്. അധികം കുതിരകളെ സമ്പാദിക്കുന്നതിന് ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ‘മേലിൽ ആ വഴിക്ക് തിരിയരുത്’ എന്നു യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടല്ലോ. അവന്‍റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്. ”അവൻ തന്‍റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്‍റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്ന് തന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കുന്നതിന് അത് അവന്‍റെ കൈവശം ഇരിക്കുകയും അവന്‍റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്‍റെ പുത്രന്മാരും യിസ്രായേലിന്‍റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്‍റെ ആയുഷ്ക്കാലം ഒക്കെയും അത് വായിക്കുകയും വേണം.

ആവർത്തനപുസ്തകം 17:4-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുതു. അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം. നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളിൽ വല്ലതും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം. ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്നു അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാൻ ജാഗ്രതയായിരിക്കേണം. അവർ ഉപദേശിച്ചുതരുന്ന പ്രമാണത്തിന്നും പറഞ്ഞുതരുന്ന വിധിക്കും അനുസരണയായി നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ടു നീ ഇടത്തോട്ടൊ വലത്തോട്ടൊ മാറരുതു. നിന്റെ ദൈവമായ യഹോവെക്കു അവിടെ ശുശ്രൂഷ ചെയുതുനില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം. ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന്നു ജനമെല്ലാം കേട്ടു ഭയപ്പെടേണം. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ചെന്നു അതിനെ കൈവശമാക്കി അവിടെ കുടിപാർത്ത ശേഷം: എന്റെ ചുറ്റമുള്ള സകലജാതികളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കുമെന്നു പറയുമ്പോൾ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ. എന്നാൽ അവന്നു കുതിര അനവധി ഉണ്ടാകരുതു. അധികം കുതിര സമ്പാദിക്കേണ്ടതിന്നു ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുതു; ഇനിമേൽ ആ വഴിക്കു തിരിയരുതു എന്നു യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുണ്ടല്ലോ. അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുതു; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുതു. അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്നു ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു അതു അവന്റെ കൈവശം ഇരിക്കുകയും അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ടു ഇടത്തോട്ടൊ വലത്തോട്ടൊ തിരിയാതെയും ഇരിക്കേണ്ടതിന്നും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിന്നുമായി അവൻ തന്റെ ആയുഷ്ക്കാലം ഒക്കെയും അതു വായിക്കയും വേണം.

ആവർത്തനപുസ്തകം 17:4-20 സമകാലിക മലയാളവിവർത്തനം (MCV)

വിവരം നിന്നെ അറിയിച്ച് നീ അതു കേൾക്കുകയും ചെയ്താൽ നീ അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കണം. ഇങ്ങനെ ഒരു അറപ്പായ കാര്യം ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത് സത്യവും തെളിയിക്കപ്പെടുകയും ചെയ്തെങ്കിൽ ആ മ്ലേച്ഛത പ്രവർത്തിച്ച പുരുഷനെയോ സ്ത്രീയെയോ നഗരവാതിൽക്കൽ കൊണ്ടുവരികയും കല്ലെറിഞ്ഞു കൊല്ലുകയും വേണം. രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയിന്മേൽമാത്രമേ ഒരു വ്യക്തിയെ വധിക്കാൻ പാടുള്ളൂ. ഒരു സാക്ഷിയുടെ മൊഴിമേൽ ആരെയും വധിക്കാൻ പാടില്ല. ആ വ്യക്തിയെ വധിക്കാൻ ആദ്യം അവന്റെമേൽ വെക്കേണ്ടത് സാക്ഷിയുടെ കരമാണ്; പിന്നീട് എല്ലാവരുടെയും കരങ്ങളും. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം. രക്തച്ചൊരിച്ചിലോ നിയമവ്യവഹാരമോ കൊലപാതകമോ, ഇങ്ങനെ നിനക്കു തീർപ്പുകൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള വ്യവഹാരങ്ങൾ നിന്റെ മുമ്പാകെ വന്നാൽ നീ അവ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തു കൊണ്ടുവരണം. ലേവ്യരായ പുരോഹിതന്മാരുടെയും ആ കാലത്തെ ന്യായാധിപന്റെയും അടുത്ത് കൊണ്ടുചെന്ന് അവരുടെ അഭിപ്രായം ആരായണം. അവർ വിധി പ്രഖ്യാപിക്കും. നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അവർ നിനക്കു നൽകുന്ന തീരുമാനം അനുസരിച്ചു നീ പ്രവർത്തിക്കണം. അവർ നിന്നോടു നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു പ്രവർത്തിക്കാൻ നീ ജാഗ്രതയുള്ളവനായിരിക്കണം. അവർ നിനക്ക് ഉപദേശിച്ചുതന്നിരിക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് നീ പ്രവർത്തിക്കണം. അവർ നിന്നോടു പറയുന്നതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ നീ മാറരുത്. നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വിധി അനുസരിക്കാൻ വിസമ്മതിക്കുന്നവർ മരിക്കണം. അങ്ങനെ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയണം. എല്ലാ ജനങ്ങളും ഇതു കേട്ട് ഭയപ്പെടണം. പിന്നീട് ആരും അനുസരിക്കാൻ വിസമ്മതിക്കരുത്. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം നീ അതു കൈവശമാക്കുകയും അവിടെ വാസം ഉറപ്പിക്കുകയും ചെയ്തുകഴിയുമ്പോൾ, “നമ്മുടെ ചുറ്റുമുള്ള ജനതകൾക്കെല്ലാം ഉള്ളതുപോലെ ഒരു രാജാവിനെ നമുക്കു വാഴിക്കാം” എന്നു നീ പറഞ്ഞാൽ, നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെത്തന്നെ നീ രാജാവായി വാഴിക്കാൻ ശ്രദ്ധിക്കണം. അവൻ നിന്റെ സ്വന്തം സഹോദരന്മാരിൽ ഒരുവൻ ആയിരിക്കണം. അവൻ ഇസ്രായേല്യരുടെ സഹോദരൻ അല്ലാത്ത ഒരു പ്രവാസി ആയിരിക്കരുത്. മാത്രവുമല്ല, രാജാവ് തനിക്കു കുതിരകളുടെ എണ്ണം വർധിപ്പിക്കുകയോ അവയെ കൂടുതൽ സമ്പാദിക്കുന്നതിന് ജനത്തെ ഈജിപ്റ്റിലേക്കു തിരികെ കൊണ്ടുപോകുകയോ ചെയ്യരുത്. “നിങ്ങൾ അതുവഴി വീണ്ടും കടന്നുപോകരുത്,” എന്ന് യഹോവ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. അവന്റെ ഹൃദയം തെറ്റിപ്പോകാതിരിക്കാൻ അവൻ അനേകം ഭാര്യമാരെ തനിക്കായി സ്വീകരിക്കരുത്. തനിക്കായി സ്വർണവും വെള്ളിയും അധികം സമ്പാദിച്ചുകൂട്ടാനും പാടില്ല. അവൻ രാജസിംഹാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരിൽനിന്ന് ഈ നിയമത്തിന്റെ ഒരു പകർപ്പ് തനിക്കുവേണ്ടി എഴുതിയെടുക്കണം. ഈ നിയമത്തിലെ എല്ലാ വചനങ്ങളും ഉത്തരവുകളും ശ്രദ്ധയോടെ അനുസരിച്ച് അവന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനും അവൻ സഹോദരന്മാരെക്കാൾ തന്നെത്തന്നെ ശ്രേഷ്ഠനെന്നു കരുതാതിരിക്കാനും നിയമത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കാതിരിക്കേണ്ടതിനും അത് അവനോടൊപ്പം ഇരിക്കുകയും തന്റെ ജീവകാലമെല്ലാം വായിക്കുകയുംചെയ്യണം. അപ്പോൾ അവനും അവന്റെ തലമുറയും ദീർഘകാലം ഇസ്രായേലിൽ രാജാക്കന്മാരായി ഭരണംനടത്തും.