ആവർത്തനപുസ്തകം 14:22-29
ആവർത്തനപുസ്തകം 14:22-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആണ്ടുതോറും നിലത്തു വിതച്ചുണ്ടാകുന്ന എല്ലാ വിളവിലും ദശാംശം എടുത്തുവയ്ക്കേണം. നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവച്ചു തിന്നേണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതു കൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ അതു വിറ്റു പണമാക്കി പണം കൈയിൽ എടുത്ത് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം. നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കേണം. നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ. മുമ്മൂന്ന് ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശമൊക്കെയും വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം. നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് നിന്നോടു കൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.
ആവർത്തനപുസ്തകം 14:22-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആണ്ടുതോറും നിങ്ങളുടെ വയലുകളിലുണ്ടാകുന്ന വിളവുകളുടെ ദശാംശം മാറ്റിവയ്‍ക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവിടുത്തെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോയി; നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽവച്ചു ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം, ആടുമാടുകളിലെ കടിഞ്ഞൂലുകൾ എന്നിവ നിങ്ങൾ ഭക്ഷിക്കണം. അങ്ങനെ നിങ്ങളുടെ ദൈവമായ സർവേശ്വരനെ സദാ ഭയപ്പെടാൻ നിങ്ങൾ പഠിക്കും. അവിടുത്തെ അനുഗ്രഹത്താൽ നിങ്ങൾക്കുണ്ടായ വിളവുകളുടെ ആദ്യഫലം എത്തിക്കാൻ കഴിയാത്തത്ര ദൂരത്തിലാണ് തന്റെ നാമം സ്ഥാപിക്കാൻ അവിടുന്ന് തിരഞ്ഞെടുത്ത സ്ഥലമെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യണം. വേർതിരിച്ച സാധനങ്ങൾ വിറ്റുകിട്ടുന്ന പണവുമായി നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്ക് നിങ്ങൾ പോകണം. ആ പണംകൊണ്ട് കാള, ആട്, വീഞ്ഞ്, മദ്യം എന്നിങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തെങ്കിലും വാങ്ങി നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽവച്ചു നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം. അപ്പോൾ നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരെ മറന്നുകളയരുത്. നിങ്ങളെപ്പോലെ അവർക്ക് ഓഹരിയും അവകാശവും ഇല്ലല്ലോ. ഓരോ മൂന്നാം വർഷത്തിന്റെയും അവസാനം ആ വർഷത്തിൽ ലഭിക്കുന്ന വിളവിന്റെ ദശാംശം ശേഖരിച്ചു നിങ്ങളുടെ പട്ടണങ്ങളിൽ സംഭരിക്കണം; അതു നിങ്ങളോടുകൂടെ അവകാശവും ഓഹരിയും ലഭിച്ചിട്ടില്ലാത്ത ലേവ്യർക്കും നിങ്ങളുടെ പട്ടണങ്ങളിൽ പാർക്കുന്ന പരദേശികൾക്കും അനാഥർക്കും വിധവകൾക്കും വേണ്ടിയുള്ളതാണ്. അവർ ഭക്ഷിച്ചു തൃപ്തരാകട്ടെ; അപ്പോൾ നിങ്ങൾ ചെയ്യുന്ന സകല പ്രയത്നത്തെയും നിങ്ങളുടെ ദൈവമായ സർവേശ്വരൻ അനുഗ്രഹിക്കും.
ആവർത്തനപുസ്തകം 14:22-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
”ആണ്ടുതോറും നിലത്ത് വിതച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവയ്ക്കേണം. നിന്റെ ദൈവമായ യഹോവയെ എല്ലായ്‌പ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്‍റെ ധാന്യത്തിൻ്റെയും വീഞ്ഞിൻ്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്‍റെ സന്നിധിയിൽവച്ച് തിന്നേണം. ”നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അത് കൊണ്ടുപോകുവാൻ കഴിയാത്തവണ്ണം വഴി അതിദൂരവുമായിരുന്നാൽ അത് വിറ്റ് പണമാക്കി പണം കയ്യിൽ എടുത്ത് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൊണ്ടുപോകേണം. നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ ഏതും ആ പണം കൊടുത്ത് വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കേണം. നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവനു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ. ”മൂന്നു വർഷം കൂടുമ്പോൾ മൂന്നാം വർഷത്തെ വിളവിൻ്റെ ദശാംശം വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സൂക്ഷിക്കേണം. നീ ചെയ്യുന്ന സകലപ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും, നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്ന് ഭക്ഷിച്ച് തൃപ്തരാകേണം.
ആവർത്തനപുസ്തകം 14:22-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം. നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവെച്ചു തിന്നേണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം. നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം. നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുതു; അവന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ. മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം. നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.
ആവർത്തനപുസ്തകം 14:22-29 സമകാലിക മലയാളവിവർത്തനം (MCV)
എല്ലാവർഷവും നിന്റെ വയലിൽനിന്നു ലഭിക്കുന്നതിന്റെ ദശാംശം വേർതിരിച്ചുവെക്കണം. നിന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളുടെ ദശാംശവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഭക്ഷിക്കണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ, നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം, നിന്റെ ദശാംശം കൊണ്ടുപോകാൻ കഴിയാത്തവിധം വിദൂരത്താകുന്നെങ്കിൽ നീ ആ ദശാംശം വിറ്റ് വെള്ളിക്കാശാക്കണം. ആ വെള്ളിക്കാശുമായി നീ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകണം. ആ വെള്ളിക്കാശു കൊടുത്ത് ആട്, മാട്, വീഞ്ഞ്, മദ്യം ഇങ്ങനെ നിനക്കിഷ്ടമുള്ളതു വാങ്ങുക. നീയും നിന്റെ കുടുംബവും അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു ഭക്ഷിച്ച് ആനന്ദിക്കണം. നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യനെ അവഗണിക്കരുത്. അവർക്കു നിങ്ങളോടൊപ്പം അവരുടേതായ ഓഹരിയും അവകാശവും ലഭിച്ചിട്ടില്ലല്ലോ. ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം. നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.