ആവർത്തനപുസ്തകം 10:12-19
ആവർത്തനപുസ്തകം 10:12-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ സേവിക്കയും ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മയ്ക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നത് എന്ത്? ഇതാ, സ്വർഗവും സ്വർഗാധിസ്വർഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു. നിന്റെ പിതാക്കന്മാരോടു മാത്രം യഹോവയ്ക്കു പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകല ജാതികളിലുംവച്ച് തിരഞ്ഞെടുത്തു. ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദന ചെയ്വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്. നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല. അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച് അവന് അന്നവും വസ്ത്രവും നല്കുന്നു. ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.
ആവർത്തനപുസ്തകം 10:12-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനമേ, നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും അവിടുത്തെ സ്നേഹിക്കുകയും നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി സേവിക്കുകയും ചെയ്യുകയല്ലാതെ മറ്റെന്താണു സർവേശ്വരൻ നിങ്ങളോട് ആവശ്യപ്പെടുന്നത്. നിങ്ങളുടെ നന്മയ്‍ക്കുവേണ്ടി ഞാൻ നല്‌കുന്ന സകല കല്പനകളും ചട്ടങ്ങളും നിങ്ങൾ പാലിക്കണം. ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അതിലുള്ള സമസ്തവും നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വകയാണ്. എന്നിട്ടും അവിടുന്ന് നിങ്ങളുടെ പിതാക്കന്മാരിൽ സംപ്രീതനായി അവരെ സ്നേഹിച്ചു. അവർക്കുശേഷം അവരുടെ സന്താനങ്ങളായ നിങ്ങളെ ഇന്നു കാണുന്നതുപോലെ സർവജനതകൾക്കുംമേലെ തിരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങൾ മനംതിരിഞ്ഞു ദൈവത്തെ അനുസരിക്കുക; ഒരിക്കലും ദുശ്ശാഠ്യം കാണിക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ ദേവാധിദേവനും കർത്താധികർത്താവും ആകുന്നു. അവിടുന്നു മഹത്ത്വമേറിയവനും സർവശക്തനും ഭീതിദനുമായ ദൈവമാണ്. അവിടുത്തേക്കു പക്ഷഭേദം ഇല്ല; അവിടുന്നു കോഴ വാങ്ങാത്തവനുമാണ്. അവിടുന്ന് അനാഥർക്കും വിധവകൾക്കും നീതി നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിക്കുകയും അവന് അന്നവസ്ത്രാദികൾ നല്‌കുകയും ചെയ്യുന്നു. നിങ്ങൾ പരദേശികളെ സ്നേഹിക്കുക; നിങ്ങളും ഈജിപ്തിൽ പരദേശികളായിരുന്നുവല്ലോ.
ആവർത്തനപുസ്തകം 10:12-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കുകയും അവനെ സ്നേഹിക്കുകയും, പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ സേവിക്കുകയും ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മയ്ക്കായി പ്രമാണിക്കുകയും വേണം എന്നല്ലാതെ വേറെ എന്താണ് നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത്? “ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു. നിന്‍റെ പിതാക്കന്മാരോട് മാത്രം യഹോവക്ക് പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നത്തെപ്പോലെ അവൻ സകലജാതികളിലുംവച്ച് തിരഞ്ഞെടുത്തു. ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയ പരിവര്‍ത്തനം ചെയ്യുവിൻ; ഇനി മേൽ ദുശ്ശാഠ്യമുള്ളവരാകരുത്. “നിങ്ങളുടെ ദൈവമായ യഹോവ ദൈവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലയോ; അവൻ മുഖപക്ഷം കാണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല. അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവനു ഭക്ഷണവും വസ്ത്രവും നല്കുന്നു. ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിക്കുവിൻ; നിങ്ങളും മിസ്രയീം ദേശത്ത് പരദേശികളായിരുന്നല്ലോ.
ആവർത്തനപുസ്തകം 10:12-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു? ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു. നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു. ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു. നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല. അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു. ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.
ആവർത്തനപുസ്തകം 10:12-19 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട് ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും അവിടത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സേവിക്കുകയും ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന യഹോവയുടെ കൽപ്പനകളും ഉത്തരവുകളും, നിനക്കു നന്മയുണ്ടാകാൻ അനുസരിക്കുകയും അല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്? ഇതാ, സ്വർഗവും സ്വർഗാധിസ്വർഗങ്ങളും ഭൂമിയും അതിലുള്ള സകലതും നിന്റെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു. നിന്റെ പിതാക്കന്മാരോടുമാത്രം യഹോവയ്ക്കു പ്രസാദം തോന്നുകയും അവരെ സ്നേഹിക്കുകയും ചെയ്തു. അവർക്കുശേഷം അവരുടെ പിൻഗാമികളായ നിങ്ങളെ ഇന്നുള്ളതുപോലെതന്നെ എല്ലാ ജനതകളിൽനിന്നും തെരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങൾ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദനം ചെയ്യുക. ഇനി ഒരിക്കലും ദുശ്ശാഠ്യമുള്ളവരായിരിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവും സർവശക്തനും മഹാനും ഉന്നതനുമായ ദൈവം ആകുന്നു. അവിടന്ന് മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല. അവിടന്ന് അനാഥർക്കും വിധവമാർക്കുംവേണ്ടി നീതി നടപ്പാക്കുന്നു. അവിടന്ന് നിങ്ങൾക്കിടയിൽ താമസിക്കുന്ന പ്രവാസികളെ സ്നേഹിച്ച് അവർക്കു ഭക്ഷണവും വസ്ത്രവും നൽകുന്നു. അതുകൊണ്ട് നിങ്ങളും പ്രവാസികളെ സ്നേഹിക്കുക. നിങ്ങളും ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ.