ദാനീയേൽ 6:6-28
ദാനീയേൽ 6:6-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ഉണർത്തിച്ചതെന്തെന്നാൽ: ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായൊരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ച് രേഖ എഴുതിക്കേണമേ. അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും വിരോധകല്പനയും എഴുതിച്ചു. എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,- അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരേ തുറന്നിരുന്നു- താൻ മുമ്പേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർഥിച്ച് സ്തോത്രം ചെയ്തു. അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർഥിച്ച് അപേക്ഷിക്കുന്നതു കണ്ടു. ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ വിരോധ കല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിനു രാജാവ്: മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നെ എന്നുത്തരം കല്പിച്ചു. അതിന് അവർ രാജസന്നിധിയിൽ രാജാവേ, യെഹൂദാ പ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ട് എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു എന്ന് ഉണർത്തിച്ചു. രാജാവ് ഈ വാക്ക് കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാൻ മനസ്സുവച്ച് അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു. എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന്: രാജാവേ, രാജാവ് ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നു ബോധ്യമായിരിക്കേണം എന്നു രാജാവോട് ഉണർത്തിച്ചു. അങ്ങനെ രാജാവിന്റെ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവ് ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു. അവർ ഒരു കല്ലു കൊണ്ടുവന്ന് ഗുഹയുടെ വാതിൽക്കൽ വച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണയത്തിന് മാറ്റം വരാതെയിരിക്കേണ്ടതിനു രാജാവ് തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിനു മുദ്രയിട്ടു. പിന്നെ രാജാവ് രാജധാനിയിൽ ചെന്ന് ഉപവസിച്ച് രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി. രാജാവ് അതികാലത്ത് എഴുന്നേറ്റ് ബദ്ധപ്പെട്ട് സിംഹഗുഹയുടെ അരികെ ചെന്നു. ഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവ് ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു. ദാനീയേൽ രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന് എന്റെ ദൈവം തന്റെ ദൂതനെ അയച്ച് അവയുടെ വായ് അടച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്ന് ഉണർത്തിച്ചു. അപ്പോൾ രാജാവ് അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല. പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുംമുമ്പേ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. അന്നു ദാര്യാവേശ്‍രാജാവ് സർവഭൂമിയിലും വസിക്കുന്ന സകല വംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർധിച്ചുവരട്ടെ. എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചുപോകാത്തതും അവന്റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു. അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
ദാനീയേൽ 6:6-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒടുവിൽ അവർ പറഞ്ഞൊത്തുകൊണ്ടു രാജസന്നിധിയിലെത്തിപ്പറഞ്ഞു: “ദാര്യാവേശ് രാജാവ് നീണാൾ വാഴട്ടെ. എല്ലാ ഭരണാധിപന്മാരും പ്രധാന ദേശാധിപതികളും സ്ഥാനപതികളും മന്ത്രിമാരും കൂടി ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, മുപ്പതു ദിവസത്തേക്ക് ആരും അങ്ങയോടല്ലാതെ മറ്റൊരു ദേവനോടോ, മറ്റൊരു മനുഷ്യനോടോ പ്രാർഥിച്ചുകൂടാ. അങ്ങനെ ചെയ്താൽ അവനെ സിംഹക്കുഴിയിൽ ഇട്ടുകളയും എന്നൊരു രാജകല്പന പുറപ്പെടുവിക്കുകയും ഖണ്ഡിതമായ നിരോധനം ഏർപ്പെടുത്തുകയും വേണം. അതിനാൽ മഹാരാജാവേ, അങ്ങ് ഈ നിരോധനാജ്ഞയ്‍ക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള തിരുവെഴുത്തിനു തുല്യം ചാർത്തിയാലും. അങ്ങനെ മേദ്യരുടെയും പേർഷ്യക്കാരുടെയും മാറ്റമില്ലാത്ത നിയമമനുസരിച്ച് അത് അലംഘ്യമായിരിക്കട്ടെ. അങ്ങനെ ദാര്യാവേശ് രാജാവ് നിരോധനാജ്ഞയും രാജകല്പനയും ഒപ്പുവച്ചു. രാജകല്പനയ്‍ക്കു തുല്യം ചാർത്തി എന്നറിഞ്ഞപ്പോൾ ദാനിയേൽ തന്റെ വസതിയിലേക്കു മടങ്ങി. അദ്ദേഹം മാളികമുറിയിൽ പ്രവേശിച്ചു. യെരൂശലേമിന് അഭിമുഖമായുള്ള ജാലകങ്ങൾ തുറന്നിട്ടു. പതിവുപോലെ അന്നും ദാനിയേൽ മൂന്നു പ്രാവശ്യം ദൈവസന്നിധിയിൽ മുട്ടുകുത്തി സ്തോത്രം അർപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്തു. ദാനിയേലിനെതിരെ ആലോചന നടത്തിയവർ അദ്ദേഹം തന്റെ ദൈവത്തോടു പ്രാർഥിക്കുന്നതും യാചിക്കുന്നതും കണ്ടു. അവർ ഉടനെ രാജസന്നിധിയിൽ എത്തി ഉണർത്തിച്ചു: “മുപ്പതു ദിവസത്തിനിടയ്‍ക്ക് അങ്ങയോടല്ലാതെ ഒരു ദേവനോടും മനുഷ്യനോടും പ്രാർഥിച്ചുകൂടാ എന്നും ആരെങ്കിലും ഈ കല്പന ലംഘിച്ചാൽ അവനെ സിംഹക്കുഴിയിൽ എറിഞ്ഞുകളയുമെന്നുമുള്ള നിരോധനാജ്ഞ അവിടുന്നു ഒപ്പുവച്ചിരുന്നല്ലോ! ‘മേദ്യരുടെയും പേർഷ്യക്കാരുടെയും അലംഘനീയമായ നിയമപ്രകാരം അതിനു മാറ്റമില്ല’ എന്നു രാജാവ് പറഞ്ഞു. അപ്പോൾ അവർ രാജസന്നിധിയിൽ ഉണർത്തിച്ചു: “മഹാരാജാവേ, യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനിയേൽ അവിടുത്തെയോ അങ്ങു പുറപ്പെടുവിച്ച നിരോധനാജ്ഞയെയോ ഗണ്യമാക്കാതെ ദിവസം മൂന്നുപ്രാവശ്യം അയാളുടെ ദൈവത്തോടു പ്രാർഥിക്കുന്നു.” ഇതുകേട്ടപ്പോൾ രാജാവ് അത്യധികം വിഷമിച്ചു. ദാനിയേലിനെ വല്ല വിധവും രക്ഷിക്കണമെന്നു മനസ്സിലുറച്ചു. സൂര്യൻ അസ്തമിക്കുന്നതുവരെ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. ദാനിയേലിനെതിരെ ആലോചന നടത്തിയവർ വീണ്ടും രാജാവിന്റെ അടുക്കൽ വന്നു പറഞ്ഞു: “രാജാവേ, മേദ്യരുടെയും പേർഷ്യക്കാരുടെയും നിയമമനുസരിച്ച് രാജാവ് പുറപ്പെടുവിച്ച നിരോധനാജ്ഞയും കല്പനയും അലംഘനീയമാണെന്ന് അങ്ങേക്കറിയാമല്ലോ.” അപ്പോൾ രാജകല്പനയനുസരിച്ച് ദാനിയേലിനെ കൊണ്ടുചെന്നു സിംഹക്കുഴിയിൽ ഇട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ” എന്നു രാജാവു ദാനിയേലിനോടു പറഞ്ഞു. ഒരു കല്ല് കൊണ്ടുവന്നു ഗുഹാമുഖം അടച്ചു. ദാനിയേലിനെ സംബന്ധിച്ച വിധിക്കു മാറ്റം വരാതിരിക്കാൻ രാജാവ് തന്റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങൾകൊണ്ട് ആ കല്ലിനു മുദ്രവയ്‍ക്കുകയും ചെയ്തു. പിന്നീടു രാജാവു കൊട്ടാരത്തിലേക്കു മടങ്ങി രാത്രി മുഴുവൻ ഉപവസിച്ചു. എല്ലാവിധ വിനോദങ്ങളും ഉപേക്ഷിച്ചു; നിദ്ര അദ്ദേഹത്തിൽനിന്നു വഴുതിമാറി. രാജാവ് അതിരാവിലെ എഴുന്നേറ്റു തിടുക്കത്തിൽ സിംഹക്കുഴിക്കരികിൽ ചെന്നു ദുഃഖപരവശമായ ശബ്ദത്തിൽ വിളിച്ചു ചോദിച്ചു: “ജീവിക്കുന്ന ദൈവത്തിന്റെ ഭൃത്യനായ ദാനിയേലേ, നീ ഇടവിടാതെ സേവിക്കുന്ന നിന്റെ ദൈവത്തിനു സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കാൻ കഴിഞ്ഞോ?” അപ്പോൾ ദാനിയേൽ: “അല്ലയോ രാജാവേ, അങ്ങു നീണാൾ വാഴട്ടെ. എന്റെ ദൈവം ഒരു ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ തൊട്ടില്ല. ദൈവത്തിന്റെ മുമ്പിൽ ഞാൻ നിരപരാധിയാണല്ലോ. രാജാവേ, അങ്ങയുടെ മുമ്പിലും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.” അപ്പോൾ രാജാവ് അത്യധികം സന്തോഷിച്ചു. ദാനിയേലിനെ സിംഹക്കുഴിയിൽനിന്നു പുറത്തുകൊണ്ടുവരാൻ കല്പിച്ചു. അങ്ങനെ ദാനിയേലിനെ കുഴിക്കു പുറത്തു കൊണ്ടുവന്നു. ദാനിയേൽ തന്റെ ദൈവത്തിൽ ശരണപ്പെട്ടതുകൊണ്ട് അദ്ദേഹത്തിന് ഒരു പോറൽപോലും ഏറ്റതായി കണ്ടില്ല. ദാനിയേലിന്റെമേൽ കുറ്റം ആരോപിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും സിംഹക്കുഴിയിലിടാൻ രാജാവ് കല്പിച്ചു. രാജകല്പനപ്രകാരം അവരെ കൊണ്ടുവന്നു സിംഹക്കുഴിയിൽ എറിഞ്ഞു. അവർ അടിയിൽ എത്തുന്നതിനു മുമ്പ് സിംഹങ്ങൾ അവരെ ആക്രമിച്ചു; അവരുടെ അസ്ഥികൾ തകർത്തു. ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങുമുള്ള സകല ജനതകൾക്കും രാജ്യങ്ങൾക്കും ഭാഷക്കാർക്കും ഇപ്രകാരം എഴുതി: “നിങ്ങൾക്കു മംഗളം ഭവിക്കട്ടെ! എന്റെ ആധിപത്യത്തിലുൾപ്പെട്ട ഏവരും ദാനിയേലിന്റെ ദൈവത്തിന്റെ മുമ്പിൽ ഭയഭക്തിയോടിരിക്കണമെന്നു നാം ഒരു തീർപ്പു കല്പിക്കുന്നു. ആ ദൈവം ജീവിക്കുന്ന ദൈവവും നിത്യനും ആകുന്നു. അവിടുത്തെ രാജത്വം അനശ്വരവും അവിടുത്തെ ആധിപത്യം അനന്തവുമാണ്. അവിടുന്നു രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; ആകാശത്തും ഭൂമിയിലും അവിടുന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നു. അവിടുന്നു ദാനിയേലിനെ സിംഹങ്ങളുടെ പിടിയിൽനിന്നു രക്ഷിച്ചിരിക്കുന്നു.” ദാര്യാവേശിന്റെയും പേർഷ്യൻരാജാവായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേൽ ഐശ്വര്യസമ്പന്നനായി കഴിഞ്ഞു.
ദാനീയേൽ 6:6-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജാവിന്‍റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: “ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കുകയും ഖണ്ഡിതമായി നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാന ദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാത്തവിധം ആ നിരോധനാജ്ഞ ഉറപ്പിച്ച് രേഖ എഴുതിക്കേണമേ.“ അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും നിരോധനാജ്ഞയും എഴുതിച്ചു. എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു. അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരെ തുറന്നിരുന്നു. താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു. അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ട് വന്നു, ദാനീയേൽ തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് അപേക്ഷിക്കുന്നത് കണ്ടു. ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്‍റെ കല്പനയെക്കുറിച്ച് സംസാരിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ” എന്നു ചോദിച്ചു. അതിന് രാജാവ്: “മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നെ” എന്നുത്തരം പറഞ്ഞു. അതിന് അവർ രാജസന്നിധിയിൽ: “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേൽ തിരുമേനിയെയും, തിരുമനസ്സുകൊണ്ട് എഴുതിച്ച കല്പനയും കൂട്ടാക്കാതെ, ദിവസം മൂന്നുപ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു” എന്നു ഉണർത്തിച്ചു. രാജാവു ഈ വാക്കുകൾ കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിക്കുവാൻ മനസ്സുവച്ച്, അവനെ രക്ഷിക്കുവാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു. എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു: “രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു കല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നുള്ളത് അങ്ങേക്ക് ബോദ്ധ്യമുണ്ടല്ലോ?” എന്നു രാജാവിനോട് ഉണർത്തിച്ചു. അങ്ങനെ രാജാവിന്റെ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്ന് സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവ് ദാനീയേലിനോട് ഇപ്രകാരം സംസാരിച്ചു: “നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും.” അവർ ഒരു കല്ല് കൊണ്ടുവന്ന് ഗുഹയുടെ വാതില്ക്കൽവച്ചു; ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന് മാറ്റം വരാതെയിരിക്കേണ്ടതിന് രാജാവ് തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന് മുദ്രയിട്ടു. പിന്നെ രാജാവ് രാജധാനിയിൽ ചെന്നു ഭക്ഷണം വെടിഞ്ഞ് രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി. രാജാവ് അതികാലത്തുതന്നെ എഴുന്നേറ്റ് ബദ്ധപ്പെട്ട് സിംഹഗുഹയുടെ അരികിൽ ചെന്നു. ഗുഹയുടെ അരികിൽ എത്തിയപ്പോൾ അവൻ ദുഃഖത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവ് ദാനീയേലിനോട് സംസാരിച്ചു: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കുവാൻ പ്രാപ്തനായോ” എന്നു ചോദിച്ചു. ദാനീയേൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്ക് കേടുവരുത്താതിരിക്കേണ്ടതിന് എന്റെ ദൈവം തന്റെ ദൂതനെ അയച്ച് അവയുടെ വായടച്ചുകളഞ്ഞു; അവന്‍റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല” എന്നു ഉണർത്തിച്ചു. അപ്പോൾ രാജാവ് അത്യന്തം സന്തോഷിച്ചു; ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല. പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുന്നതിന് മുമ്പ് സിംഹങ്ങൾ അവരെ പിടിച്ചു; അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു. അന്നു ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ. എന്‍റെ ആധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കണമെന്ന് ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചുപോകാത്തതും അവന്റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു. അവൻ രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹത്തിന്‍റെ വായിൽനിന്ന് രക്ഷിച്ചിരിക്കുന്നു. എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും അഭിവൃദ്ധിപ്രാപിച്ചിരുന്നു.
ദാനീയേൽ 6:6-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാര്യാവേശ്‌രാജാവു ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകലഅദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ. അങ്ങനെ ദാര്യാവേശ്‌രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു. എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു - താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു. അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു. ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവു: മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു. അതിന്നു അവർ രാജസന്നിധിയിൽ: രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണർത്തിച്ചു. രാജാവു ഈ വാക്കു കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാൻ മനസ്സുവെച്ചു അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു. എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു: രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണർത്തിച്ചു. അങ്ങനെ രാജാവിന്റെ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു. അവർ ഒരു കല്ലു കൊണ്ടുവന്നു ഗുഹയുടെ വാതില്ക്കൽ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു. പിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി. രാജാവു അതികാലത്തു എഴുന്നേറ്റു ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു. ഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു. ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു. അപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല. പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. അന്നു ദാര്യാവേശ്‌രാജാവു സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ. എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു. അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
ദാനീയേൽ 6:6-28 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട് ഈ ഭരണാധിപന്മാരും രാജപ്രതിനിധികളും തമ്മിൽ പറഞ്ഞൊത്തുകൊണ്ട് രാജാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട് ഇപ്രകാരം ബോധിപ്പിച്ചു: “ദാര്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ! മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മറ്റു മനുഷ്യനോടോ പ്രാർഥിക്കുന്ന ഒരുവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നൊരു രാജകൽപ്പന പുറപ്പെടുവിക്കണമെന്നു രാജ്യത്തിലെ എല്ലാ ഭരണാധിപന്മാരും പ്രധാന ഉദ്യോഗസ്ഥരും രാജപ്രതിനിധികളും ഉപദേശകരും ദേശാധിപന്മാരും കൂടിയാലോചിച്ചു തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടു രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ഈ നിരോധനം പ്രഖ്യാപിക്കുകയും അതു മാറാതിരിക്കുമാറ് രാജകൽപ്പന മുദ്രവെക്കുകയും ചെയ്താലും.” അങ്ങനെ ദാര്യാവേശ് രാജാവ് ഈ നിരോധന ഉത്തരവ് എഴുതി ഒപ്പുവെച്ചു. ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു. അപ്പോൾ ആ പുരുഷന്മാർ കൂടിവന്ന്, ദാനീയേൽ തന്റെ ദൈവത്തിന്റെ മുമ്പാകെ പ്രാർഥനയും യാചനയും കഴിക്കുന്നതു കണ്ടെത്തി. അങ്ങനെ അവർ രാജസന്നിധിയിൽച്ചെന്ന് രാജകൽപ്പനയെപ്പറ്റി ഇപ്രകാരം സംസാരിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ പ്രാർഥിക്കുന്ന ഏതു മനുഷ്യനെയും സിംഹക്കുഴിയിൽ ഇട്ടുകളയും എന്നൊരു നിരോധന ഉത്തരവ് തിരുമേനി പുറപ്പെടുവിച്ചിട്ടില്ലയോ?” അപ്പോൾ രാജാവ്: “മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ആ കാര്യം ശരിതന്നെ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ രാജസന്നിധിയിൽ ഇപ്രകാരം ബോധിപ്പിച്ചു: “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ, തിരുമേനിയെയോ തിരുമേനി ഒപ്പുവെച്ചിട്ടുള്ള കൽപ്പനയെയോ കൂട്ടാക്കാതെ ദിവസം മൂന്നുപ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു.” ഈ വാക്കു കേട്ടയുടൻ രാജാവ് അതിദുഃഖിതനായി ദാനീയേലിനെ മോചിപ്പിക്കാൻ മനസ്സുവെച്ചു; സൂര്യാസ്തമയംവരെയും അദ്ദേഹത്തെ വിടുവിക്കാൻ പ്രയത്നം ചെയ്തു. അപ്പോൾ ഈ പുരുഷന്മാർ പരസ്പരധാരണയോടെ അടുത്തുവന്നു രാജാവിനോട്: “രാജാവു പ്രഖ്യാപിക്കുന്ന യാതൊരു കൽപ്പനയും നിയമവും മാറിപ്പോകരുത് എന്നത് മേദ്യരുടെയും പാർസികളുടെയും ഒരു ചട്ടമാണെന്ന് തിരുമേനി ഗ്രഹിച്ചാലും” എന്നു ബോധിപ്പിച്ചു. അപ്പോൾ രാജാവു കൽപ്പന കൊടുത്തിട്ട്, ദാനീയേലിനെ കൊണ്ടുവന്ന് സിംഹക്കുഴിയിലിട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കുമാറാകട്ടെ!” എന്നു രാജാവു ദാനീയേലിനോടു പറഞ്ഞു. അവർ ഒരു കല്ലു കൊണ്ടുവന്ന് ഗുഹയുടെ വാതിൽക്കൽ വെച്ചു. ദാനീയേലിന്റെ കാര്യത്തിൽ രാജകൽപ്പന ലംഘിക്കപ്പെടാതിരിക്കാൻ രാജാവ് തന്റെ മുദ്രമോതിരംകൊണ്ടും പ്രഭുക്കന്മാരുടെ മുദ്രമോതിരംകൊണ്ടും അതിനു മുദ്രവെച്ചു. അതിനുശേഷം രാജാവു കൊട്ടാരത്തിൽചെന്ന് ഉപവസിച്ചു രാത്രി കഴിച്ചുകൂട്ടി. സംഗീതോപകരണങ്ങൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നില്ല. അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞതുമില്ല. രാജാവ് അതിരാവിലെ എഴുന്നേറ്റു വളരെ തിടുക്കത്തോടെ സിംഹഗുഹയുടെ അടുക്കൽ ചെന്നു. ഗുഹയുടെ സമീപത്തെത്തിയപ്പോൾ അദ്ദേഹം ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ച്: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കാൻ പ്രാപ്തനായോ?” എന്നു ചോദിച്ചു. അപ്പോൾ ദാനീയേൽ രാജാവിനോട്: “രാജാവു ദീർഘായുസ്സായിരുന്നാലും! എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. അവ എനിക്ക് ഒരു ദോഷവും ചെയ്തില്ല. കാരണം, ദൈവത്തിന്റെ മുമ്പാകെ ഞാൻ നിഷ്കളങ്കനാണ്. രാജാവേ, അങ്ങയുടെമുന്നിലും ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. അപ്പോൾ രാജാവ് ഏറ്റവും സന്തോഷിച്ചു. ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുന്നതിന് അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി. ദാനീയേൽ ദൈവത്തിൽ വിശ്വസിച്ചതുമൂലം അദ്ദേഹത്തിനു യാതൊരു കേടും പറ്റിയതായി കണ്ടില്ല. അതിനുശേഷം രാജാവ് ആജ്ഞാപിച്ചിട്ട്, ദാനീയേലിന്മേൽ വിദ്വേഷപൂർവം ദോഷം ആരോപിച്ചവരെ വരുത്തി. അവരെയും അവരുടെ മക്കളെയും ഭാര്യമാരെയും സിംഹക്കുഴിയിൽ ഇട്ടുകളഞ്ഞു. അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങൾ അവരെ പിടികൂടി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു. പിന്നീട്, ദാര്യാവേശ് രാജാവ് സകലരാഷ്ട്രങ്ങൾക്കും ജനതകൾക്കും ഭൂമിയിൽ എല്ലായിടവും വസിക്കുന്ന സകലഭാഷക്കാർക്കും ഇപ്രകാരം എഴുതി അയച്ചു: “നിങ്ങൾക്കു സമാധാനം വർധിക്കട്ടെ! “എന്റെ രാജ്യത്തിലെ സകലപ്രദേശങ്ങളിലും, ജനങ്ങൾ ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടെ ആയിരിക്കണമെന്നു ഞാൻ കൽപ്പിക്കുന്നു. “കാരണം, അവിടന്നാണ് ജീവനുള്ള ദൈവം അവിടന്ന് എന്നെന്നേക്കും നിലനിൽക്കുന്നു; അവിടത്തെ രാജ്യം നാശം ഭവിക്കാത്ത ഒന്നത്രേ, അവിടത്തെ ആധിപത്യം ശാശ്വതമായിരിക്കും. അവിടന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു; അവിടന്ന് ആകാശത്തിലും ഭൂമിയിലും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു. അവിടന്നു ദാനീയേലിനെ മോചിപ്പിച്ചു സിംഹങ്ങളുടെ ശക്തിയിൽനിന്നുതന്നെ.” അങ്ങനെ ദാനീയേൽ ദാര്യാവേശിന്റെ ഭരണകാലത്തും പാർസിരാജാവായ കോരെശിന്റെ ഭരണകാലത്തും ശുഭമായിരുന്നു.