ദാനീയേൽ 6:4-9
ദാനീയേൽ 6:4-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ അധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരേ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു. അങ്ങനെ അധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ഉണർത്തിച്ചതെന്തെന്നാൽ: ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായൊരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ച് രേഖ എഴുതിക്കേണമേ. അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും വിരോധകല്പനയും എഴുതിച്ചു.
ദാനീയേൽ 6:4-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ മറ്റു മുഖ്യാധിപന്മാരും പ്രധാന ദേശാധിപതികളും ദാനിയേലിനെതിരെ ആരോപിക്കാൻ രാജ്യഭരണകാര്യങ്ങളിൽ എന്തെങ്കിലും കുറ്റം കണ്ടെത്തുന്നതിനു പരിശ്രമിച്ചു. എന്നാൽ അതിനവർക്കു കഴിഞ്ഞില്ല. അദ്ദേഹം അത്ര വിശ്വസ്തനായിരുന്നതുകൊണ്ട് യാതൊരു തെറ്റും കുറ്റവും അവർ കണ്ടെത്തിയില്ല. അപ്പോൾ അവർ തമ്മിൽ പറഞ്ഞു: “ദാനിയേലിന്റെ ദൈവവിശ്വാസത്തോടു ബന്ധപ്പെട്ട കാര്യത്തിലല്ലാതെ മറ്റൊരു കുറ്റവും അയാളിൽ നാം കണ്ടെത്തുകയില്ല.” ഒടുവിൽ അവർ പറഞ്ഞൊത്തുകൊണ്ടു രാജസന്നിധിയിലെത്തിപ്പറഞ്ഞു: “ദാര്യാവേശ് രാജാവ് നീണാൾ വാഴട്ടെ. എല്ലാ ഭരണാധിപന്മാരും പ്രധാന ദേശാധിപതികളും സ്ഥാനപതികളും മന്ത്രിമാരും കൂടി ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, മുപ്പതു ദിവസത്തേക്ക് ആരും അങ്ങയോടല്ലാതെ മറ്റൊരു ദേവനോടോ, മറ്റൊരു മനുഷ്യനോടോ പ്രാർഥിച്ചുകൂടാ. അങ്ങനെ ചെയ്താൽ അവനെ സിംഹക്കുഴിയിൽ ഇട്ടുകളയും എന്നൊരു രാജകല്പന പുറപ്പെടുവിക്കുകയും ഖണ്ഡിതമായ നിരോധനം ഏർപ്പെടുത്തുകയും വേണം. അതിനാൽ മഹാരാജാവേ, അങ്ങ് ഈ നിരോധനാജ്ഞയ്ക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള തിരുവെഴുത്തിനു തുല്യം ചാർത്തിയാലും. അങ്ങനെ മേദ്യരുടെയും പേർഷ്യക്കാരുടെയും മാറ്റമില്ലാത്ത നിയമമനുസരിച്ച് അത് അലംഘ്യമായിരിക്കട്ടെ. അങ്ങനെ ദാര്യാവേശ് രാജാവ് നിരോധനാജ്ഞയും രാജകല്പനയും ഒപ്പുവച്ചു.
ദാനീയേൽ 6:4-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കുറ്റവും കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: “നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: “ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കുകയും ഖണ്ഡിതമായി നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാന ദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാത്തവിധം ആ നിരോധനാജ്ഞ ഉറപ്പിച്ച് രേഖ എഴുതിക്കേണമേ.“ അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും നിരോധനാജ്ഞയും എഴുതിച്ചു.
ദാനീയേൽ 6:4-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു. അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാര്യാവേശ്രാജാവു ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകലഅദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ. അങ്ങനെ ദാര്യാവേശ്രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.
ദാനീയേൽ 6:4-9 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ രാജ്യകാര്യസംബന്ധമായി ദാനീയേലിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ഭരണാധിപന്മാരും രാജപ്രതിനിധികളും തക്കംനോക്കി നിന്നിരുന്നു. എന്നാൽ, ദാനീയേൽ വിശ്വസ്തനായിരുന്നതിനാൽ യാതൊരു കൃത്യവിലോപവും അനീതിയും അദ്ദേഹത്തിൽ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരുതെറ്റും കുറവും അദ്ദേഹത്തിൽ കണ്ടില്ല. “അദ്ദേഹത്തിന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ, ഈ ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റസംഗതികൾ കണ്ടെത്താൻ നമുക്കു സാധ്യമല്ല,” എന്ന് ആ പുരുഷന്മാർ പറഞ്ഞു. അതുകൊണ്ട് ഈ ഭരണാധിപന്മാരും രാജപ്രതിനിധികളും തമ്മിൽ പറഞ്ഞൊത്തുകൊണ്ട് രാജാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട് ഇപ്രകാരം ബോധിപ്പിച്ചു: “ദാര്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ! മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മറ്റു മനുഷ്യനോടോ പ്രാർഥിക്കുന്ന ഒരുവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നൊരു രാജകൽപ്പന പുറപ്പെടുവിക്കണമെന്നു രാജ്യത്തിലെ എല്ലാ ഭരണാധിപന്മാരും പ്രധാന ഉദ്യോഗസ്ഥരും രാജപ്രതിനിധികളും ഉപദേശകരും ദേശാധിപന്മാരും കൂടിയാലോചിച്ചു തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടു രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ഈ നിരോധനം പ്രഖ്യാപിക്കുകയും അതു മാറാതിരിക്കുമാറ് രാജകൽപ്പന മുദ്രവെക്കുകയും ചെയ്താലും.” അങ്ങനെ ദാര്യാവേശ് രാജാവ് ഈ നിരോധന ഉത്തരവ് എഴുതി ഒപ്പുവെച്ചു.