ദാനീയേൽ 6:1-3
ദാനീയേൽ 6:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജ്യമൊക്കെയും ഭരിക്കേണ്ടതിനു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്ന് അധ്യക്ഷന്മാരെയും നിയമിപ്പാൻ ദാര്യാവേശിന് ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കേണ്ടതിനു പ്രധാനദേശാധിപതികൾ ഇവർക്കു കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ദാനീയേൽ ഉൽക്കൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ സർവരാജ്യത്തിനും അധികാരിയാക്കുവാൻ വിചാരിച്ചു.
ദാനീയേൽ 6:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭരണനിർവഹണത്തിനു രാജ്യത്തുടനീളം നൂറ്റിരുപതു പ്രധാന ദേശാധിപതിമാരെ മൂന്നു മുഖ്യാധിപന്മാരുടെ കീഴിലായി നിയമിക്കാൻ ദാര്യാവേശ് രാജാവു തീരുമാനിച്ചു. ആ മൂന്നു പേരിൽ ഒരുവനായിരുന്നു ദാനിയേൽ. രാജ്യത്തെ മുതലെടുപ്പിൽ രാജാവിനു നഷ്ടം നേരിടാതിരിക്കാൻ പ്രധാന ദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. ദാനിയേൽ വിശിഷ്ട ചൈതന്യം ഉള്ളവനായിരുന്നതിനാൽ ഇതര ഭരണത്തലവന്മാരിലും സകല പ്രധാനദേശാധിപതികളിലും പ്രശസ്തനായി ശോഭിച്ചു. രാജാവു ദാനിയേലിനെ തന്റെ രാജ്യം മുഴുവന്റെയും അധികാരിയാക്കാൻ നിശ്ചയിച്ചു.
ദാനീയേൽ 6:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രാജ്യം ഭരിക്കേണ്ടതിന് രാജ്യത്തെല്ലായിടവും നൂറ്റിയിരുപത് പ്രധാന ദേശാധിപതികളെയും അവരുടെ മേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിക്കുവാൻ ദാര്യാവേശിന് ഇഷ്ടം തോന്നി. ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന് നഷ്ടം വരാതിരിക്കേണ്ടതിന് പ്രധാനദേശാധിപതികൾ ഇവർക്ക് കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ രാജ്യത്തിനു മുഴുവൻ അധികാരിയാക്കുവാൻ വിചാരിച്ചു.
ദാനീയേൽ 6:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാൻ ദാര്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ് വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു.
ദാനീയേൽ 6:1-3 സമകാലിക മലയാളവിവർത്തനം (MCV)
മുഴുവൻ രാജ്യത്തിന്റെയും ഭരണം നിർവഹിക്കാൻ നൂറ്റിയിരുപത് രാജപ്രതിനിധികളെയും അവർക്കുമീതേ മൂന്ന് ഭരണാധിപന്മാരെയും നിയമിക്കുന്നത് ഉചിതമെന്ന് ദാര്യാവേശിനു തോന്നി. ഈ മൂന്നുപേരിൽ ഒരാൾ ദാനീയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുന്നതിനു രാജപ്രതിനിധികൾ ഈ മൂന്നു പേരോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. അസാമാന്യ കഴിവുകൾ ഉണ്ടായിരുന്നതിനാൽ ദാനീയേൽ ഈ ഭരണാധിപന്മാരെയും രാജപ്രതിനിധികളെയുംകാൾ ശ്രേഷ്ഠനായി പ്രശോഭിച്ചുതുടങ്ങി. സർവരാജ്യത്തിന്റെയും അധികാരിയായി അദ്ദേഹത്തെ നിയമിക്കാൻ രാജാവു നിർണയിച്ചു.