ദാനീയേൽ 3:26-30

ദാനീയേൽ 3:26-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നെബൂഖദ്നേസർ എരിയുന്ന തീച്ചൂളയുടെ വാതിൽക്കൽ അടുത്തുചെന്നു; അത്യുന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരുവിൻ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു. പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിനു തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽച്ചട്ടയ്ക്കു കേടുപറ്റാതെയും അവർക്കു തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു. അപ്പോൾ നെബൂഖദ്നേസർ കല്പിച്ചത്: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ട് ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിനു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണം കഷണമായി ശകലിക്കയും അവന്റെ വീട് കുപ്പക്കുന്നാക്കുകയും ചെയ്യുമെന്ന് ഞാൻ ഒരു വിധി കല്പിക്കുന്നു. പിന്നെ രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽസംസ്ഥാനത്തു സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു.

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക

ദാനീയേൽ 3:26-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നെബുഖദ്നേസർ ജ്വലിക്കുന്ന തീച്ചൂളയുടെ വാതില്‌ക്കൽ ചെന്ന് പറഞ്ഞു: “അത്യുന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ പുറത്തുവരിക.” അപ്പോൾ അവർ മൂന്നു പേരും തീച്ചൂളയിൽനിന്നു പുറത്തുവന്നു. പ്രധാനദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും മറ്റ് ഉദ്യോഗസ്ഥപ്രമുഖരും ആ മൂന്നുപേരുടെ അടുത്തുചെന്നു. അവരുടെ ദേഹത്തു പൊള്ളലേല്പിക്കുന്നതിന് ആ അഗ്നിക്ക് ശക്തിയുണ്ടായിരുന്നില്ലെന്നവർ കണ്ടു. അവരുടെ തലമുടി കരിയുകയോ മേലങ്കി എരിയുകയോ ചെയ്തില്ലെന്നു മാത്രമല്ല തീയുടെ മണംപോലും അവർക്ക് ഏറ്റിരുന്നില്ല. നെബുഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവം വാഴ്ത്തപ്പെട്ടവൻ! തന്നിൽ ആശ്രയിക്കുകയും രാജകല്പനകൂടി നിഷേധിച്ച് സ്വന്തദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ ഭജിക്കുകയോ വന്ദിക്കുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സ്വന്തം ശരീരത്തെകൂടി പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത ആ മൂവരെ അവരുടെ ദൈവം തന്റെ ദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നു. ഇപ്രകാരം വിടുവിക്കാൻ കഴിവുള്ള മറ്റൊരു ദൈവവുമില്ല. അതുകൊണ്ട് ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവത്തിന് എതിരെ സംസാരിക്കുന്ന ജനത്തെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണം ആക്കുകയും അവരുടെ ഭവനങ്ങൾ കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു നാം തീർപ്പു കല്പിക്കുന്നു.” രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോയിക്കും ബാബിലോൺസംസ്ഥാനത്ത് ഉന്നതമായ പദവികൾ നല്‌കി.

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക

ദാനീയേൽ 3:26-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നെബൂഖദ്നേസർ എരിയുന്ന തീച്ചൂളയുടെ വാതില്ക്കൽ അടുത്തുചെന്ന്: “അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തു വരുവിൻ” എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്ന് പുറത്തു വന്നു. പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന് തീപ്പൊള്ളൽ ഏൽക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽചട്ടയ്ക്ക് കേട് പറ്റാതെയും അവർക്ക് തീയുടെ മണംപോലും തട്ടാതെയും ഇരുന്നതായി കണ്ടു. അപ്പോൾ നെബൂഖദ്നേസർ കല്പിച്ചത്: “ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തന്നിൽ ആശ്രയിക്കുകയും സ്വന്ത ദൈവത്തെയല്ലാതെ വേറൊരു ദൈവത്തെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതെ രാജകല്പനപോലും മറുത്ത് അവരുടെ ശരീരത്തെ ഏല്പിച്ചുകൊടുക്കുകയും ചെയ്ത തന്‍റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ച് വിടുവിച്ചിരിക്കുന്നുവല്ലോ. ഈ വിധത്തിൽ വിടുവിക്കുവാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലാത്തതുകൊണ്ട് ഏതു ജനതകളിലും വംശങ്ങളിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും ദൈവത്തിന് വിരോധമായി വല്ല തിന്മയും പറഞ്ഞാൽ അവനെ കഷണംകഷണമായി നുറുക്കുകയും അവന്‍റെ വീട് കുപ്പക്കുന്നാക്കുകയും ചെയ്യുമെന്ന് ഞാൻ ഒരു വിധി കല്പിക്കുന്നു.” പിന്നെ രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽസംസ്ഥാനത്ത് സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു.

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക

ദാനീയേൽ 3:26-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നെബൂഖദ്നേസർ എരിയുന്ന തീച്ചൂളയുടെ വാതില്ക്കൽ അടുത്തുചെന്നു: അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു. പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന്നു തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽചട്ടെക്കു കേടു പറ്റാതെയും അവർക്കു തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു. അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു. പിന്നെ രാജാവു ശദ്രക്കിന്നും മേശക്കിന്നും അബേദ്നെഗോവിന്നും ബാബേൽസംസ്ഥാനത്തു സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക

ദാനീയേൽ 3:26-30 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ നെബൂഖദ്നേസർ തീച്ചൂളയുടെ വാതിൽക്കൽ ചെന്ന് അത്യുച്ചത്തിൽ, “പരമോന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരിക! ഇങ്ങോട്ടു വരിക!” എന്നു കൽപ്പിച്ചു. ശദ്രക്കും മേശക്കും അബേദ്നെഗോവും തീയുടെ നടുവിൽനിന്ന് പുറത്തുവന്നു. അപ്പോൾ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും രാജാവിന്റെ ഉപദേശകരും അവരുടെ ചുറ്റും ഒരുമിച്ചുകൂടി. ഈ പുരുഷന്മാരുടെ ശരീരത്തിന്മേൽ തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും അവരുടെ വസ്ത്രങ്ങൾ കേടുവരാതെയും തീയുടെ മണംപോലും അവരുടെ ശരീരത്തിനുണ്ടാകാതെയും ഇരുന്നതായി കണ്ടു. അപ്പോൾ നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെടട്ടെ. രാജകൽപ്പന ലംഘിച്ച് തങ്ങളുടെ ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും സേവിക്കാതിരിക്കാൻവേണ്ടി സ്വന്തം ജീവൻ ഏൽപ്പിച്ചുകൊടുത്തവരും ആണല്ലോ. തന്നിൽ ശരണപ്പെട്ടവരായ തന്റെ ദാസന്മാരെ അവിടന്നു സ്വന്തം ദൂതനെ അയച്ച് വിടുവിച്ചല്ലോ. അതിനാൽ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തെ ദുഷിച്ച് എന്തെങ്കിലും സംസാരിക്കുന്ന ഏതുരാഷ്ട്രത്തിലുള്ള ഏതുജനതയായാലും ഭാഷക്കാരായാലും അവരെ കഷണംകഷണമായി ചീന്തിക്കളയുകയും അവരുടെ ഭവനങ്ങളെ കൽക്കൂമ്പാരമാക്കുകയും ചെയ്യുമെന്ന് ഞാൻ കൽപ്പന നൽകുന്നു. ഈ വിധത്തിൽ രക്ഷിക്കാൻ കഴിയുന്ന മറ്റൊരു ദേവനുമില്ല.” പിന്നീട് രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽ പ്രവിശ്യയിൽ ഉന്നതസ്ഥാനങ്ങൾ നൽകി.

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക